വാഹനങ്ങള്‍ക്ക് ദുബൈ ട്രാം പാത മുറിച്ചുകടക്കാന്‍ കൂടുതല്‍ സൗകര്യം വരുന്നു

ദുബൈ: ദുബൈ ട്രാം പാത മുറിച്ചുകടക്കാന്‍ ആര്‍.ടി.എ അടുത്തമാസം മുതല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ട്രാം പാതയോടനുബന്ധിച്ച രണ്ട് ലെഫ്റ്റ് ടേണുകളും രണ്ട് യുടേണുകളും ഉടന്‍ തുറക്കുമെന്ന് ആര്‍.ടി.എ അറിയിച്ചു. ജെ.ബി.ആര്‍ ഒന്ന്, രണ്ട് സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെഫ്റ്റ്, യുടേണുകളാണ് തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഈഭാഗത്തെ യാത്ര സുഗമമാകും. 
അല്‍ സുഫൂഹ്- അല്‍ ഗര്‍ബി സ്ട്രീറ്റുകള്‍ക്കിടയിലാണ് തുറക്കാനിരിക്കുന്ന ലെഫ്റ്റ്, യുടേണുകള്‍. 2014 നവംബറില്‍ ദുബൈ ട്രാമിന്‍െറ സര്‍വീസ് തുടങ്ങിയത് മുതലാണ് സുരക്ഷ മുന്‍നിര്‍ത്തി ഇവ അടച്ചത്. ട്രാമുമായി കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാല്‍ ട്രാം സര്‍വീസുമായി റോഡ് യാത്രക്കാര്‍ ഇപ്പോള്‍ പരിചിതരായത് മൂലമാണ് തുറക്കാന്‍ തീരുമാനിച്ചതെന്ന് ആര്‍.ടി.എ ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സി സി.ഇ.ഒ മാഇത മുഹമ്മദ് ബിന്‍ അദായ് പറഞ്ഞു. മാര്‍ച്ചില്‍ അല്‍ സയോറ- അല്‍ സുഫൂഹ് സ്ട്രീറ്റ്, അല്‍ മര്‍സ- അല്‍ സുഫൂഹ് സ്ട്രീറ്റ് ഇന്‍റര്‍സെക്ഷനുകളിലെയും ജൂണില്‍ അല്‍ മര്‍സ- അല്‍ ശര്‍ത്ത സ്ട്രീറ്റ് ഇന്‍റര്‍സെക്ഷനിലെയും ലെഫ്റ്റ്, യുടേണുകള്‍ തുറന്നുകൊടുത്തിരുന്നു.  ട്രാം- റോഡ് സുരക്ഷ ഉറപ്പുവരുത്താന്‍ വിദഗ്ധരടങ്ങുന്ന പ്രത്യേക കമ്മിറ്റിക്ക് ആര്‍.ടി.എ രൂപം നല്‍കിയിട്ടുണ്ട്. സുരക്ഷക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അന്താരാഷ്ട്രതലത്തിലുള്ള കണ്‍സള്‍ട്ടന്‍റിനെയും നിയമിച്ചിട്ടുണ്ട്. 2020ഓടെ ദുബൈ ട്രാമുമായി ബന്ധപ്പെട്ട അപകടങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇന്‍റര്‍സെക്ഷനുകള്‍ക്ക് സമീപം ട്രാം എത്തുമ്പോള്‍ റോഡില്‍ ചുവപ്പ് സിഗ്നല്‍ തെളിയുന്ന വിധത്തില്‍ സാങ്കേതിക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നവരെ കണ്ടത്തൊന്‍ സി.സി.ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ട്രാം സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികളും ആര്‍.ടി.എ നടത്തിവരുന്നുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.