ഈജിപ്തിന് 400 കോടി ഡോളറിന്‍െറ സഹായവുമായി യു.എ.ഇ

അബൂദബി: ഈജിപ്തിന് യു.എ.ഇയുടെ 400 കോടി ഡോളറിന്‍െറ (1470 കോടി ദിര്‍ഹം) സഹായം. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ഈജിപ്ത് സന്ദര്‍ശനത്തിനിടയിലാണ് സഹായം പ്രഖ്യാപിച്ചത്. 200 കോടി ഡോളര്‍ നിക്ഷേപമായും 200 കോടി ഡോളര്‍ സെന്‍ട്രല്‍ ബാങ്കില്‍ കരുതല്‍ നിക്ഷേപം ആയുമാണ് നല്‍കുക. ഈജിപ്തിനുള്ള യു.എ.ഇയുടെ പിന്തുണ കൂടുതല്‍ ശക്തമാക്കുന്നതിന്‍െറ ഭാഗമായാണ് സഹായം നല്‍കുന്നത്.  അറബ് മേഖലയില്‍ സുപ്രധാന സ്ഥാനമുള്ള ഈജിപ്തിന്‍െറ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് സഹായം നല്‍കുന്നതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. 
വ്യാഴാഴ്ച റിയാദില്‍ ജി.സി.സി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ്  ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഈജിപ്തിലത്തെിയത്. അറബ് മേഖലയുടെ സുരക്ഷാ ഭീഷണികള്‍ സംബന്ധിച്ചും ഭീകരവിരുദ്ധ യുദ്ധത്തെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനും ഈജിപ്തിന് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനുമാണ് കൈറോയിലത്തെിയത്.  അറബ് മേഖലയെ അസ്ഥിരമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള സുരക്ഷാ വെല്ലുവിളികളും തീവ്രവാദവും ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് മുഹമ്മദ് ബിന്‍ സായിദും ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് എല്‍ സീസിയും ചര്‍ച്ച ചെയ്തു. അറബ് മേഖലയുടെ ആധാര ശിലകളായ സ്ഥിരതയും സുരക്ഷിതത്വവും തകര്‍ക്കുന്നതിന് ലക്ഷ്യമിട്ട് നടക്കുന്ന വൈദേശിക ഇടപെടലുകള്‍ പരാജയപ്പെടുത്താന്‍ ഒത്തൊരുമയോടെയും തുടര്‍ച്ചയുമായുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. മേഖലയില്‍ നിന്ന് ഭീകരത തുടച്ചുനീക്കുന്നതിന് സംയുക്ത അറബ് നടപടി ആവശ്യമാണെന്നും ഇരുനേതാക്കളും പറഞ്ഞതായി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാം’ റിപ്പോര്‍ട്ട് ചെയ്തു.  ഇറാന്‍, ഐ.എസ് വിഷയങ്ങളും ചര്‍ച്ച ചെയ്തു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഏപ്രില്‍ ആദ്യം ഈജിപ്ത് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മുഹമ്മദ് ബിന്‍ സായിദ് കൈറോയിലത്തെിയത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.