ഇന്ത്യന്‍ സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം

ദുബൈ: രാജ്യത്തെ ഇന്ത്യന്‍ സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. 
രണ്ടാഴ്ചയോളം നീണ്ട അവധിക്ക് ശേഷമാണ് സ്കൂളുകള്‍ വീണ്ടും തുറന്നത്. ജൂണ്‍ അവസാനം മധ്യവേനലവധിക്കായി അടക്കുന്നത് വരെ സ്കൂളുകള്‍ ഇനി പ്രവര്‍ത്തിക്കും. 
ഒന്ന് മുതല്‍ 12 വരെ ക്ളാസുകളിലെ വിദ്യാര്‍ഥികളുടെ അധ്യയനമാണ് ഞായറാഴ്ച പുനരാരംഭിച്ചത്. കിന്‍റര്‍ഗാര്‍ട്ടണ്‍ വിദ്യാര്‍ഥികളുടേത് അടുത്തയാഴ്ചയേ തുടങ്ങൂ. കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പാഠ്യപദ്ധതിയനുസരിച്ച് പ്രവര്‍ത്തിക്കുന്ന 75 ഓളം സ്കൂളുകളാണ് രാജ്യത്തുള്ളത്. 
വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് സ്കൂളുകളില്‍ ഒരുക്കിയിരുന്നത്. പല സ്കൂളുകളും പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നിരവധി പാഠ്യേതര പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. 
ദുബൈയിലെ ഇന്ത്യന്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 28 ശതമാനം വര്‍ധന രേഖപ്പെടുത്തുന്നുണ്ടെന്നാണ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റിയുടെ കണക്ക്. 
ഇതനുസരിച്ച് സ്കൂളുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി. പുതിയ അധ്യാപകരെയും നിയമിച്ചു. കെ.എച്ച്.ഡി.എ നടത്തിയ പരിശോധനാ ഫലമനുസരിച്ച്  സ്കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 
ഇത് മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ കുടുംബ ബജറ്റിന്‍െറ താളം തെറ്റിക്കും. സ്കൂള്‍ ബസുകള്‍ നിരത്തിലിറങ്ങിയതോടെ ഞായറാഴ്ച നിരത്തുകളില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.