അബൂദബി: യമനില്‍ രക്തസാക്ഷികളായ സൈനികര്‍ക്കായി രാജ്യമെങ്ങും വെള്ളിയാഴ്ച മയ്യിത്ത് നമസ്കാരം നടന്നു. ഖുതുബക്ക് ശേഷം നടന്ന മയ്യിത്ത് നമസ്കാരത്തിന് പള്ളി ഇമാമുമാര്‍ നേതൃത്വം നല്‍കി. അബൂദബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ നടന്ന മയ്യിത്ത് നമസ്കാരത്തില്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനും ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയും പങ്കെടുത്തു. ശൈഖ് ഖലീഫ അല്‍ ദാഹിരി ഖുതുബക്കും മയ്യിത്ത് നമസ്കാരത്തിനും നേതൃത്വം നല്‍കി. സ്വന്തം രാജ്യത്തെ സംരക്ഷിക്കുന്നതിനും യമന്‍ ജനതയെ സഹായിക്കുന്നതിനും വേണ്ടിയാണ് സൈനികര്‍ രക്തസാക്ഷികളായതെന്ന് അദ്ദേഹം ഖുതുബയില്‍ പറഞ്ഞു. യു.എ.ഇ ജനത ഒറ്റക്കെട്ടായി രക്തസാക്ഷികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണ്. അവര്‍ക്ക് അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.
നീതിക്ക് വേണ്ടി പോരാടാനുള്ള ഊര്‍ജമാണ് രക്തസാക്ഷിത്വത്തിലൂടെ രാജ്യത്തിന് ലഭിച്ചിരിക്കുന്നത്. രാജ്യനിവാസികളാകെ നേതൃത്വത്തിന് കീഴില്‍ ഒന്നിച്ച് അണിനിരക്കുമെന്ന് അദ്ദേഹം പറഞ്ഞു. രക്തസാക്ഷികളുടെ പരലോക മോക്ഷത്തിനായി അദ്ദേഹം പ്രാര്‍ഥിച്ചു.
കുടുംബാംഗങ്ങള്‍ക്ക് സഹനവും സ്ഥൈര്യവും നല്‍കട്ടെയെന്നും സഖ്യസേനക്ക് യമനില്‍ വിജയം കൈവരിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ഹസ്സ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, സാംസ്കാരിക- യുവജനക്ഷേമ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ എന്നിവരും മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.