ജനകീയ കൂട്ടായ്മയുടെ മധുര ഓര്‍മയുമായി ഷാഫി ദുബൈയിലുണ്ട്

ദുബൈ: എടരിക്കോട് പഞ്ചായത്തിന്‍െറ മുക്കുമൂലകളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ കോലാഹലം ദുബൈയിലിരുന്ന് ഷാഫി കണ്ണാടന്‍ മനസ്സില്‍ കാണുന്നുണ്ട്. ജീവിതത്തിലാദ്യമായാണ് താനില്ലാത്ത ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് നാട്ടില്‍ നടക്കുന്നതെന്ന് പറയുമ്പോള്‍ ആ മുഖത്ത് മ്ളാനത. അവധിയില്ലാത്തതിനാല്‍ ദുബൈയിലിരുന്ന് വാട്ട്സാപ്പിലും ഫോണിലുമെല്ലാം പ്രചാരണം പിന്തുടരുകയാണ് ഷാഫി. കാരണം പത്തുവര്‍ഷം എടരിക്കോട് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയില്‍ ഷാഫി കണ്ണാടന്‍ ഉണ്ടായിരുന്നു.1995 മുതല്‍ 2000 വരെ സ്ഥിരം സമിതി ചെയര്‍മാനുമായിരുന്നു. സ്വതന്ത്രനായായിരുന്നു രണ്ടു തവണയൂം അദ്ദേഹം മത്സരിച്ചു ജയിച്ചത്. ആദ്യം ക്ളാരി സൗത്ത് വാര്‍ഡിലും രണ്ടാം തവണ ചെറുശ്ശോലയിലുമായിരുന്നു വിജയം. ആദ്യ തവണ സി.പി.എമ്മും കോണ്‍ഗ്രസും പിന്തുണച്ചു. 2000ത്തിലെ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ലീഗുമായിരുന്നു ഷാഫിക്ക്  പിന്തുണയുമായത്തെിയത്. കക്ഷി രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ സ്നേഹം അനുഭവിക്കാനും അവര്‍ക്ക് വേണ്ടി ചിലതെല്ലാം ചെയ്യാനായതും വലിയ നേട്ടമായി ഷാഫി കാണുന്നു. 
1998ല്‍ കേരളമാകെ ശ്രദ്ധിക്കപ്പെട്ട ജനകീയ തോട് നിര്‍മാണത്തിന്‍െറ നേതൃനിരയില്‍ നില്‍ക്കാനായത് മറക്കാനാവാത്ത അനുഭവമാണ്. ക്ളാരി മൂച്ചിക്കല്‍ മുതല്‍ പാലച്ചിറ മാട് വരെ ഒന്നര കി.മീറ്റര്‍ തോട് ഒറ്റദിവസം കൊണ്ട് നിര്‍മിച്ച ജനകീയ കൂട്ടായ്മയുടെ അദ്ഭുത വിജയമായിരുന്നുഅത്. എല്ലാ രാഷ്ട്രീയ,സാമുദായിക, മത, സാമൂഹിക സംഘടനകള്‍ ഒറ്റക്കെട്ടായി അണിനിരന്ന അപൂര്‍വ ശ്രമദാനം. വെള്ളക്കെട്ട് കാരണം 20 ഓളം ഹെക്ടറില്‍ ഒരു വിള മാത്രം കൃഷി ചെയ്യാനേ സാധിച്ചിരുന്നുള്ളൂ. തോടുണ്ടാക്കി വെള്ളം ഒഴുക്കിവിട്ടാല്‍ രണ്ടുതവണ കൃഷി ചെയ്യാം. ഓരോ വാര്‍ഡിലും ഗ്രാമസഭ വിളിച്ചുകൂട്ടി കാര്യം അവതരിപ്പിച്ചപ്പോള്‍ പഞ്ചായത്ത് ഒന്നടങ്കം ആവേശത്തിലായി. മുന്‍നിരയില്‍ സ്ഥിരം സമിതി ചെയര്‍മാനായി ഷാഫി ഉണ്ടായിരുന്നു. രണ്ടു മാസം നീണ്ട മുന്നൊരുക്കങ്ങള്‍ക്ക് ശേഷം ഒരു ശനിയാഴ്ച പണിയായുധങ്ങളുമായി 3,000 ത്തോളം പേര്‍ മണ്ണിലിറങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ നടന്ന ശ്രമദാനത്തില്‍ മൂന്നു മീറ്റര്‍ വീതിയില്‍ ഒന്നര കി.മീറ്റര്‍ നീളത്തില്‍ തോടായി. പണിയായുധം നല്‍കിയതും ഭക്ഷണമൊരുക്കിയതുമെല്ലാം ഗ്രാമവാസികള്‍ തന്നെ. 
ആ വര്‍ഷം മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി വാങ്ങാന്‍ എടരിക്കോടിനായി. 1300 ഓളം കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മിച്ചുനല്‍കിയതാണ് മറ്റൊരു നേട്ടം. ഇത്രയുമധികം കുടുംബങ്ങള്‍ക്ക് കക്കൂസ് ഇല്ല എന്നുമനസ്സിലാക്കി റോഡും പാലവും പണിയുന്നതിനേക്കാള്‍ പ്രാഥമിക ആവശ്യത്തിന് മുന്‍ഗണന നല്‍കുകയായിരുന്നു. 3000 ത്തോളം കൂടുംബങ്ങള്‍ക്ക് കുടിവെള്ളമത്തെിക്കാനുമായി. രണ്ടാം തവണ ജയിച്ചപ്പോള്‍ കുറുക മുതല്‍ പാമ്പാടി വരെ ഒന്നര കി.മീറ്റില്‍ റോഡുണ്ടാക്കാനായതും നിരവധി വീടുകളില്‍ വൈദ്യുതി എത്തിക്കാനായതും സംതൃപ്തി പകര്‍ന്ന കാര്യങ്ങളാണെന്ന് ഷാഫി. എടരിക്കോടിന് രണ്ടാം തവണ സ്വരാജ് ട്രോഫി ലഭിക്കുമ്പോഴും ഷാഫി പഞ്ചായത്ത് ഭരണസമിതിയിലുണ്ടായിരുന്നു.
നാട്ടില്‍ ബസ് സര്‍വീസുമായി നടക്കുമ്പോഴായിരുന്നു സാമൂഹികരംഗത്ത് സജീവമായത്. 2005ല്‍ പഞ്ചായത്ത് കാലവധി കഴിയാന്‍ ഒരുമാസം ബാക്കിനില്‍ക്കെ സുഹൃത്തിന്‍െറ ക്ഷണപ്രകാരം സന്ദര്‍ശക വിസയില്‍ ദുബൈയിലത്തെിയതോടെയാണ് ഷാഫി പ്രവാസിയാകുന്നത്. റീജ്യന്‍സി ഗ്രൂപ്പ് എം.ഡി അന്‍വര്‍ അമീനെ കണ്ടപ്പോള്‍ അദ്ദേഹം ജോലി നല്‍കി. അതോടെ നാട്ടില്‍ നിന്നു പറിഞ്ഞുപോരേണ്ടിവന്നു. ഇതിനിടെ പാണക്കാട് ശിഹാബ് തങ്ങളില്‍ നിന്ന് മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചു. ദുബൈയിലെ ജോലിത്തിരക്കിനിടയിലും 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും ഷാഫി നാട്ടില്‍പോയി വോട്ടെടുപ്പില്‍ പങ്കാളിയായിരുന്നു. എന്നാല്‍ ഇത്തവണ അതിനു സാധിച്ചില്ല. 
തിരിച്ചുചെന്ന് മത്സരിക്കാന്‍ തയാറായാല്‍ ഇത്തവണയും സീറ്റ് ലഭിക്കുമായിരുന്നെന്ന് 46കാരനായ ഷാഫി പറയുന്നു. ഭാര്യ  ജമീലക്ക് അവസരം ലഭിച്ചെങ്കിലും വീട്ടമ്മയായി തുടാരാനായിരുന്നു അവരുടെ തീരുമാനം. മക്കളായ മുഹമ്മദ് ഷിബില്‍ എന്‍ജിനീയറിങിനും ഷാബില്‍ പ്ളസ് ടുവിനും പഠിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.