എഫ്.എന്‍.സി തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ അപ്പീലുമായി സ്ഥാനാര്‍ഥി

ദുബൈ: ഫെഡറല്‍ നാഷണല്‍ കൗണ്‍സിലേക്ക് (എഫ്. എന്‍. സി) നടന്ന തെരഞ്ഞെടുപ്പില്‍ ദുബൈയില്‍ നിന്ന് മത്സരിച്ച സ്ഥാനാര്‍ഥി വോട്ടെണ്ണല്‍ ഫലം ശരിയല്ളെന്ന് പറഞ്ഞ് അപ്പീലുമായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമീഷന്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അറബി പത്രമായ ‘ഇമാറാത്ത് അല്‍ യൌമ’ാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. 
തെരഞ്ഞെടുപ്പ് ഫലവും തന്‍െറ കണക്കെടുപ്പും തമ്മില്‍ ഒത്തുപോകുന്നില്ല എന്നാണു സ്ഥാനാര്‍ഥിയുടെ വാദം. യു.എ.ഇക്ക് പുറത്ത് നിന്ന് താന്‍  104  വോട്ടുകള്‍ നേടിയിട്ടുണ്ട്.  സ്ഥാനാര്‍ഥിയുടെ പരാതി തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിച്ചു വരുന്നു.
 അതേസമയം, ഇലക്ട്രോണിക് വോട്ടിങ് സംവിധാനത്തില്‍ പിഴവ് അസംഭ്യവമാണെന്ന് ഇലക്ഷന്‍ കമീഷന്‍ നിയമോപദേഷ്ടാവ് അറിയിച്ചു. പല തവണ പരീക്ഷണം നടത്തി കാര്യക്ഷമത ഉറപ്പു വരുത്തിയ സംവിധാനമാണത്. കൂടാതെ, വിവര സാങ്കേതികമേഖലയിലെ  വിവിധ കമ്പനികളുമായി സഹകരിച്ചു വോട്ടിങ് സംവിധാനത്തില്‍ നുഴഞ്ഞു കയറാനുള്ള ശ്രമങ്ങള്‍ നടത്തി നോക്കി കുറ്റമറ്റതാണെന്ന് ഉറപ്പ് വരുത്തിയിട്ടുള്ളതാണ്. പല കമ്പനികളെയും പണം നല്‍കി ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തിയിരുന്നു.
 സ്ഥാനാര്‍ഥി  ചില വോട്ടര്‍മാരുടെ നേരിട്ടുള്ള മൊഴികളെ അടിസ്ഥാനത്തിലാണ് തര്‍ക്കമുന്നയിക്കുന്നത്. തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളില്‍നിന്ന് ഇറങ്ങി വന്ന ഇവര്‍  അദ്ദേഹത്തിന് അനുകൂലമായി  വോട്ട് രേഖപ്പെടുത്തിയെന്ന് അറിയിച്ചിരുന്നു. 
ഇവരുടെ വോട്ടുകളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ഫലവും തമ്മിലുള്ള അന്തരം അദ്ദേഹത്തെ ഞെട്ടിച്ചു.  
തനിക്ക് യു.എ.ഇക്ക് പുറത്ത് നിന്ന് 104  വോട്ടുകള്‍ കിട്ടിയിട്ടുണ്ട് എന്ന സ്ഥാനാര്‍ഥിയുടെ അവകാശ വാദം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. 
 സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്യാന്‍ നിയമപരമായി അവകാശമുണ്ട്. അവ കമ്മീഷന്‍  സൂക്ഷ്മമായി പരിശോധിച്ചു മറുപടി നല്‍കും. ഫലപ്രഖ്യാപനം വന്ന് 48  മണിക്കൂറിനകം പരാതി ബോധിപ്പിക്കണം. 
ജാമ്യത്തുകയായി 3000  ദിര്‍ഹം കെട്ടിവെക്കുകയും വേണം. സ്ഥാനാര്‍ഥിയുടെ അവകാശ വാദം ശരിയാണെന്ന് തെളിഞ്ഞാല്‍  ഈ തുക തിരികെ നല്‍കും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.