ഉമാ പ്രേമന്‍െറ ലക്ഷ്യം ആദിവാസി ഉന്നമനം;  പ്രതീക്ഷ പ്രവാസികളില്‍

ദുബൈ: ഉമാ പ്രേമന്‍ ദുബൈയിലിരുന്നും ചിന്തിക്കുന്നത് അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ ഇല്ലായ്മകളെക്കുറിച്ചാണ്. അടിസ്ഥാന സൗകര്യങ്ങളോ ഭക്ഷണമോ വിദ്യഭ്യാസമോ ലഭിക്കാതെ നൂറ്റാണ്ടുകളായി പിന്നാക്കത്തില്‍ പിന്നാക്കമായി കഴിയുന്ന ഈ ജനവിഭാഗത്തിന്‍െറ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി നിരവധി പേര്‍,പ്രത്യേകിച്ച് പ്രവാസികള്‍ മുന്നോട്ടുവരുന്നതാണ് അവര്‍ക്ക് ഊര്‍ജം പകരുന്നത്.
പ്രമുഖ സാമൂഹിക പ്രവര്‍ത്തകയായ ഉമാ പ്രേമന്‍ ഒന്നര വര്‍ഷം മുമ്പാണ് തന്‍െറ പ്രവര്‍ത്തന കേന്ദ്രം അട്ടപ്പാടിയിലേക്ക് മാറ്റിയത്. കക്കൂസുകളും ശുചിമുറികളും വെള്ളവും പോഷകാഹാരവും ഇല്ലാതെ വലഞ്ഞ ആദിവാസികളെ സമൂഹത്തിന്‍െറ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനായി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് ഉമാ പ്രേമനും അവരുടെ നേതൃത്വത്തിലുള്ള ശാന്തി മെഡിക്കല്‍ ഇന്‍ഫോര്‍മേഷന്‍ സെന്‍ററും നടത്തുന്നത്. 
അട്ടപ്പാടിയില്‍ 192 ആദിവാസി ഊരുകളാണുള്ളത്. ഓരോന്നിലും 20 മുതല്‍ 120 വരെ കുടുംബങ്ങള്‍ ദുരിത ജീവിതം തള്ളിനീക്കുന്നു. ആദ്യഘട്ടമായി ഇതില്‍ രണ്ടു ഊരുകള്‍ ഇവര്‍ ദത്തെടുത്തിരിക്കുകയാണ്. 20 കുടുംബങ്ങളുള്ള താഴയൂരും 110 കുടുംബങ്ങളുള്ള കണ്ടിയൂരും. ആത്മാര്‍ഥമായ ശ്രമങ്ങളുണ്ടായാല്‍ ഇവരെ ഉയര്‍ത്തിക്കൊണ്ടുവരാമെന്ന തിരിച്ചറിവിലാണ്  2014 മേയില്‍  ആദിവാസി ക്ഷേമ പദ്ധതി തുടങ്ങിയതെന്ന് യു.എ.ഇയില്‍ ഹ്രസ്വ സന്ദര്‍ശനത്തിനത്തെിയ ഉമാപ്രേമന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ആദ്യം തന്നെ ശൗച്യാലയങ്ങളും ജല സംഭരണ-വിതരണ സംവിധാനങ്ങളും സ്ഥാപിക്കുന്നതിലായിരുന്നു ശ്രദ്ധ. 100 ശൗച്യാലയങ്ങള്‍ നിര്‍മിച്ചുനല്‍കി. ഇനിയും 4000 എണ്ണം വേണമെന്നാണ് ഉമാപ്രേമന്‍ പറയുന്നത്.
രക്തത്തില്‍ഹീമോ ഗ്ളോബിന്‍െറ കുറവുമൂലം ഉണ്ടാകുന്ന അരിവാള്‍ രോഗം ആദിവാസികളില്‍ വ്യാപകമായതിനാല്‍ തന്നെ  ഊരിലെ മുഴുവന്‍ പേര്‍ക്കും രക്തപരിശോധന നടത്തുകയാണ് അടുത്തതായി ‘ശാന്തി’ ചെയ്തത്. തുടര്‍ന്ന് ആറു മാസം ജീവനക്കാരെ വെച്ച് പോഷകാഹാരം ഇവര്‍ക്ക് പാചകം ചെയ്തുകൊടുത്തു. 
അട്ടപ്പാടിയിലെ മൂന്നു ട്രൈബല്‍ സ്കുളുകളിലെ 4600 കുട്ടികളുടെ രക്തം പരിശോധിച്ചപ്പോള്‍ 980 പേര്‍ക്ക് ഹിമോ ഗ്ളോബിന്‍െറ കുറവ് കണ്ടു. ഇവര്‍ക്കും 40 ദിവസം പോഷകാഹാരം കൊടുത്തു. ബഹ്റൈനിലെ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷനാണ് ഇതിന് പണം നല്‍കിയത്. 
നാലു മാസം മുമ്പ് ശാന്തി ഗ്രാമം എന്ന പേരില്‍ പുനരധിവാസ കേന്ദ്രവും തുടങ്ങി. 20 ബെഡുകളോടു കൂടിയ ഇവിടെ അത്യാധുനിക സൗകര്യങ്ങളുള്ള ഫിസിയോ തെറാപ്പി സെന്‍റര്‍, ആയുര്‍വേദ കേന്ദ്രം എന്നിവയും ആദിവാസികള്‍ക്ക് തൊഴിലും സ്വയം പര്യാപ്തതയും ഉറപ്പുവരുത്താന്‍ 16 ഏക്കറില്‍ ജൈവ കൃഷി, പാള കൊണ്ട് പ്ളേറ്റ് ഉണ്ടാക്കുന്ന യൂനിറ്റ്, നാപ്കിന്‍ നിര്‍മാണ യൂനിറ്റ് തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നതായി ഉമാ പ്രേമന്‍ പറഞ്ഞു. ഡോക്ടര്‍മാരും നഴ്സുമാരുമായി 30 ഓളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 
ദുബൈയിലെ സുന്ദര്‍ മേനോന്‍ ഉള്‍പ്പെടെയുള്ള പ്രവാസികളാണ് ഇക്കാര്യത്തില്‍ ഇവര്‍ക്ക് സഹായം ചെയ്തത്. മറ്റു ഊരുകളിലും ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രവാസികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായം പ്രതീക്ഷിക്കുകയാണ് ഉമാ പ്രേമനും ‘ശാന്തി’ സംഘവും. 20 വീടുകളുള്ള ഒരു ഊരിന് ശൗച്യാലയങ്ങളും കുടിവെള്ള സംഭരണ-വിതരണ സംവിധാനവും കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യവും ഒരുക്കാന്‍ 10 ലക്ഷം രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. 
വിദ്യഭ്യാസ രംഗത്തും ഇവര്‍ ശ്രദ്ധയൂന്നുന്നു. വിവിധ ഊരുകളിലെ 18 ആദിവാസി വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ബിരുദത്തിന് പഠിക്കുന്നുണ്ട്. പ്ളസ് ടു കഴിഞ്ഞ 10 കുട്ടികളെ തൃശൂരിലെ പി.സി.തോമസിന്‍െറ പ്രവേശപരീക്ഷാ പരിശീലനത്തിന് ചേര്‍ത്തു. യു.എ.ഇയിലെ മലയാളികളാണ് ഇതിന് സഹായം നല്‍കിയത്.അട്ടപ്പാടി മേഖലയിലെ 20 ഏക അധ്യാപക വിദ്യാലയങ്ങളില്‍ 16 എണ്ണം ഈയിടെ നവീകരിച്ചു.  കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ മൂന്നു യന്ത്രങ്ങളുള്ള ഡയാലിസിസ് യുനിറ്റും രക്ത പരിശോധനാ ലാബും തുടങ്ങി. 
കുട്ടികള്‍ക്ക് വിദ്യഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കി ജോലി നേടിക്കൊടുക്കാന്‍ സാധിച്ചാല്‍ ആദിവാസി വിഭാഗത്തെ മൊത്തം സാമൂഹികമായും സാമ്പത്തികമായും ഉയര്‍ത്തിക്കൊണ്ടുവരാനാകുമെന്ന ഉറച്ച വിശ്വാസത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍െറ സഹായത്തോടെ  നൈപുണ്യ വികസന കേന്ദ്രം തുടങ്ങാനുള്ള പരിപാടിയിലാണ് ഇവര്‍.
ഭര്‍ത്താവിന്‍െറ മരണത്തെതുടര്‍ന്ന് 1997ലാണ് പാലക്കാട് സ്വദേശിയായ ഉമാപ്രേമന്‍ സാമൂഹിക പ്രവര്‍ത്തനരംഗത്ത് എത്തുന്നത്. വിവിധ രോഗങ്ങള്‍ക്കുള്ള ചികിത്സകളും അത് ലഭ്യമായ ആശുപത്രികളും അതിനുവേണ്ട ചെലവുമെല്ലാം സംബന്ധിച്ച വിവരം നല്‍കുന്ന ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററാണ് ഈ വീട്ടമ്മ അന്ന് തുടങ്ങിയത്. ഇന്ത്യ മുഴുവന്‍ യാത്ര ചെയ്താണ് വിവരങ്ങള്‍ ശേഖരിച്ചത്. 1999ല്‍ ഒരു രോഗിക്ക് വൃക്ക ദാനം ചെയ്തതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 24ാം വയസ്സില്‍ ഉമാപ്രേമന്‍െറ വൃക്ക സ്വീകരിച്ച വ്യക്തി 16 വര്‍ഷമായി അവരോടൊപ്പം തന്നെയാണ് കഴിയുന്നത്. സഹായ അഭ്യര്‍ഥനയുമായി കൂടുതല്‍ വൃക്കരോഗികള്‍ തന്നെ സമീപിച്ചതോടെ 2002ല്‍ 350 രൂപക്ക് ഡയാലിസിസ് ചെയ്തുനല്‍കുന്ന യൂനിറ്റ് തൃശൂരില്‍ തുടങ്ങി. ഇപ്പോള്‍ കേരളത്തില്‍ 11 ഉം ലക്ഷദ്വീപില്‍ ഒന്നും ഡയാലിസിസ് യൂനിറ്റുകള്‍ വിവിധ ആശുപത്രികളുമായി സഹകരിച്ച് ഇവര്‍ നടത്തുന്നുണ്ട്. മാസം രണ്ടായിരത്തോളം ഡയാലിസിസുകള്‍ ഇവിടെ നടത്തുന്നു. ഇതില്‍ 1500 ഉം പൂര്‍ണമായി സൗജന്യമാണ്. 700 ഓളം പേര്‍ക്ക് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ശാന്തിയുടെ മേല്‍നോട്ടത്തില്‍ ഇതിനകം നടത്തിയതായി ഉമാ പ്രേമന്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകനായ ഷാബു കിളിത്തട്ടില്‍ രചിച്ച്, ഈയിടെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്ത ‘നിലാച്ചോര്‍’ നോവല്‍ ഇവരുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ളതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.