വ്യാജ മൊബൈല്‍ ഫോണ്‍ വില്‍പ്പന തെരുവോരങ്ങളിലും സജീവം

ദുബൈ: വന്‍കിട കച്ചവടക്കാര്‍ സ്വന്തം സ്ഥാപനങ്ങളിലിരുന്ന് വ്യാജ മൊബൈല്‍ ഫോണുകള്‍ വില്‍ക്കുമ്പോള്‍ ചെറുകിടക്കാര്‍ക്കായി  തെരുവോരങ്ങള്‍ കേന്ദ്രീകരിച്ച്  അനധികൃത വില്‍പ്പനക്കാര്‍  പിടിമുറുക്കുന്നു. സാധാരണക്കാരായ തൊഴിലാളികളെ ലക്ഷ്യമിട്ട് നടക്കുന്ന തെരുവോര വില്‍പ്പന ഷാര്‍ജ ,ദുബൈ എന്നിവിടങ്ങളില്‍ ് സജീവമാണ്. ഡ്യൂപ്ളിക്കേറ്റ് മൊബൈലുകള്‍ തന്നെയാണ് ഇവിടെയും വില്‍പ്പനക്ക് നിരത്തുക. ബസ് സ്റ്റേഷനുകള്‍ , മാര്‍ക്കറ്റ് പരിസരങ്ങള്‍ , ഇടുങ്ങിയ വഴികള്‍ , മേല്‍പ്പാലങ്ങള്‍എന്നിവിടങ്ങളിലാണ് ഇത്തരം വില്‍പനക്കാരെ കാര്യമായി കാണുന്നത്. കൂടുതലും പാക്കിസ്താനികളും ബംഗാളികളുമാണ്. 
ആവശ്യക്കാര്‍ കൂടുതലുള്ള ഏറ്റവും പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുകള്‍ എന്ന് തോന്നിക്കുന്നവയായിരിക്കും ഇവര്‍ വില്‍ക്കുന്നത്. വിലകൂട്ടി പറഞ്ഞ് കുറച്ചുവില്‍ക്കുന്ന സാധാരണ മാര്‍ക്കറ്റിങ് തന്ത്രം തന്നെയാണ് ഇവരും പ്രയോഗിക്കുന്നത്. 
2,000 ദിര്‍ഹം വിലയുള്ളതെന്ന് തോന്നിക്കുന്ന ഫോണുകള്‍ 1,500 ദിര്‍ഹം മുതല്‍ താഴേക്ക് കുറച്ചു കൊണ്ടുവന്ന് ആളുകളെ പിടിപ്പിക്കുന്ന രീതിയാണ് ഇവര്‍ നടത്തുന്നത്. ചില സമയങ്ങളില്‍ അതേ ഫോണുകള്‍ 200 ദിര്‍ഹത്തിന് വില്‍പ്പന നടത്തുന്നതും കാണാം.
സംഘങ്ങളായും ഒറ്റക്കും വില്‍പ്പന നടത്തുന്നവര്‍ ഉണ്ട്. ഷാര്‍ജ റോള, നാഷണല്‍ പെയിന്‍റ് ഭാഗങ്ങളിലും ദുബൈ ദേരയുടെ  വിവിധ ഭാഗങ്ങള്‍, ബര്‍ ദുബൈ അബ്ര പരിസരം , അല്‍ഖൂസ് , ഖിസൈസ് എന്നിവിടങ്ങലെല്ലാം  ഇവരുടെ വിഹാര കേന്ദ്രമാണ്. ചില ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും മൊബൈല്‍ ഫോണ്‍ അടക്കമുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്കാരുണ്ട്.
     ചൈനീസ് നിര്‍മിത ഫോണുകളാണ് കൂടുതലും. മോഷണം നടത്തിയ ഫോണുകളും ഇങ്ങനെ വില്‍പ്പന നടത്തുന്നവരുണ്ട്. സാമ്പത്തിക പ്രയാസങ്ങള്‍ കാരണമാണ് 'കൂടിയ' വിലയുള്ള ഫോണുകള്‍ ‘കുറഞ്ഞ’ വിലയ്ക്ക് വില്‍ക്കുന്നതെന്നാണ് ഇവര്‍ ന്യായമായി പറയുക. ചിലര്‍ ചികിത്സയ്ക്ക് പണമില്ലാത്തനിനാലാണെന്ന് തട്ടിവിടും. 
     നിരവധി മലയാളികളും ഇവരുടെ വലയില്‍ കുരുങ്ങിയിട്ടുണ്ട്. തട്ടിപ്പുകാര്‍ ഫോണിന് എന്തെങ്കിലും തകരാറുകള്‍ സംഭവിച്ചാല്‍ വിളിച്ചാല്‍ മതി' എന്നുംപറഞ്ഞ് ഏതെങ്കിലും മൊബൈല്‍ നമ്പറും കൊടുക്കും. എന്നാല്‍ അതില്‍നിന്നും മറുപടി ഉണ്ടാകില്ല. വില്‍പ്പനക്കാരനെ കണ്ടത്തൊനുമാവില്ല. ഉണ്ടെങ്കില്‍ തന്നെ ഭീഷണിയായിരിക്കും ഫലം. പോലീസിലറിയിക്കാന്‍ ശ്രമിച്ച ചില മലയാളികള്‍ക്ക് ഇവരുടെ കൂട്ട അക്രമം ഭയന്ന് ഓടി രക്ഷപ്പെടേണ്ട അവസ്ഥ പോലും  ഉണ്ടായിട്ടുണ്ട്.  
പോലീസ് പരിശോധനക്ക് വരുന്നുവെന്ന് കണ്ടാല്‍ ഇവര്‍ മുങ്ങും.  മൊബൈല്‍ ഫോണ്‍ കച്ചവടം ചെയ്തു കൊടുക്കുന്നവരാണെന്ന് തെറ്റിദ്ധരിപ്പിച്ചും  തട്ടിപ്പ് നടക്കുന്നുണ്ട്. 
ആളുകളുടെ വിശ്വാസത നേടി  ഫോണ്‍ കൈക്കലാക്കിയ ശേഷം മുങ്ങുകയാണ് ഇവരുടെ  പതിവ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.