പൂവിളിയുയരുന്നു; അവധിദിനത്തിലെ ഓണം പൊടിപൊടിക്കും

ദുബൈ/ഷാര്‍ജ: ഓണത്തിന്‍െറ പൂവിളി ഉയര്‍ന്നതോടെ ആഘോഷാരവങ്ങള്‍ക്കും പ്രവാസ ലോകത്ത് തുടക്കമായി. അത്തം മുതല്‍ തന്നെ പല മലയാളി സംഘടനകളും ഓണാഘോഷത്തിന് തുടക്കമിട്ടുകഴിഞ്ഞു. മാളുകളിലും ഹൈപ്പര്‍-സൂപ്പര്‍മാര്‍ക്കറ്റുകളിലും പൂവും ഓണസദ്യാ വിഭവങ്ങളും നിറഞ്ഞിട്ടുണ്ട്. തുണിക്കട മുതല്‍ സ്വര്‍ണക്കട വരെ ഓണക്കച്ചവടത്തിനായി ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത്തവണ തിരുവോണം  വെള്ളിയാഴ്ച്ച ആയതിനാല്‍ പൊലിമ കൂടുമെന്നുറപ്പ്. അവധി ദിവസമായതിനാല്‍  പാര്‍സല്‍ സദ്യ ഓര്‍ഡര്‍ ചെയ്യുന്നത് കുറയും. ബിരിയാണിക്ക് പകരം സദ്യയുടെ മണമായിരിക്കും കെട്ടിടങ്ങളില്‍ നിന്ന് വരിക. താമസകേന്ദ്രങ്ങളിലെ അടുക്കളകളില്‍ പച്ചടിയും കിച്ചടിയും അവിയലും പുളിശ്ശേരിയും എരിശ്ശേരിയും തോരനുമെല്ലം വേവും. 
എന്നാല്‍ ദുബൈയില്‍ സംഘടനകള്‍ക്ക് മൂക്കുകയര്‍ വീണത് പ്രവാസ ലോകത്തെ ഓണച്ചമയങ്ങള്‍ക്ക് ഇത്തിരി പൊലിമ കുറച്ചിട്ടുണ്ട്. ദല പോലുള്ള സംഘടനകള്‍ മുമ്പ് നടത്തിയിരുന്ന ഓണാഘോഷങ്ങള്‍ പ്രവാസികള്‍ക്ക് നാടോണത്തിന്‍െറ സുഖവും സന്തോഷവും പകര്‍ന്നിരുന്നു. കേരളീയ ഗ്രാമങ്ങളിലെ ഓണത്തെയും അവിടെ നടക്കുന്ന കലകളേയും പ്രവാസ മണ്ണില്‍ സൃഷ്ടിച്ചായിരുന്നു സംഘടനകള്‍ ഓണാഘോഷ പരിപാടികള്‍ നടത്തിയിരുന്നത്. എന്നാല്‍ കൂട്ടായ്മകള്‍ ഇപ്പോഴും ഓണാഘോഷ പരിപാടികള്‍ കേമമായി നടത്തുന്നത് കാരണം സംതൃപ്തിയോടെ തന്നെയാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. 
മണ്ണും മനുഷ്യനും കൂടി കലര്‍ന്ന ജൈവികമായ സ്നേഹം പൂക്കളമായി മുറ്റത്ത് ചിരിതൂവുന്ന സന്തോഷമാണ് മലയാളികള്‍ക്ക് ഓണം. എല്ലാ അതിര്‍വരമ്പുകളേയും മായ്ച്ച് കളയാനുള്ള മൈത്രിയുടെ മാസ്മരികതയാണ് ഓണത്തിനുള്ളത്. പായസവും മറ്റു വിഭവങ്ങളും അയല്‍ക്കാരന് സമ്മാനിച്ച് അരക്കിട്ടുറപ്പിക്കുന്ന സാമൂഹികതയാണ് ഓണത്തിന്‍െറ കാതല്‍.  
പൂനിറഞ്ഞ് നില്‍ക്കുന്ന കുന്നും മലയും പുഴയിറമ്പുകളും ഇല്ളെങ്കിലും പൂവട്ടിയുമായി പ്രവാസ മനസുകള്‍ പൂവേ പൊലി പാടി തന്നെയാണ് ഓണത്തെ വരവേല്‍ക്കുന്നത്. മലയാളികളോടൊപ്പം വിദേശികളും ഓണാഘോഷങ്ങളുടെ ഭാഗമാകുന്നു.  
അത്തം തൊട്ട് തന്നെ പല കെട്ടിടങ്ങളിലും പൂക്കളം ഒരുങ്ങിയിട്ടുണ്ട്. ഓണം നാളില്‍ പൂക്കളം അതിന്‍െറ യഥാര്‍ഥ വട്ടത്തിലത്തെും. മലയാള മനസിന്‍െറ ചൈതന്യമാര്‍ന്ന സ്നേഹമാണ് ആ പൂവട്ടം. പല കച്ചവടകേന്ദ്രങ്ങളിലും വില്‍പ്പനക്ക് പുറമെ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിക്കകുന്നുണ്ട്.  അറേബ്യന്‍ സെന്‍റര്‍ മാളില്‍ പൂക്കള മത്സരവും ശിങ്കാരി മേളവും കഥകളിയും തെയ്യവും തിറയും തിരുവാതിരക്കളിയും ഒരുക്കിയതായി മാനേജ്മെന്‍റ് അറിയിച്ചു. 
ശനിയാഴ്ച വൈകിട്ട് ആറു മണി മുതലായിരിക്കും പരിപാടി.
വിവിധ കച്ചവട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മാധ്യമ സ്ഥാപനങ്ങള്‍ നടത്തിയ ഓണാഘോഷ പരിപാടികളും ശ്രദ്ധിക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.