കറന്‍സി വിലയിടിവ് ആഘോഷമാക്കി പ്രവാസികള്‍

ദുബൈ: ‘പ്രിയപ്പെട്ട ഇന്ത്യന്‍ രൂപക്ക് 18 തികഞ്ഞ് പ്രായപൂര്‍ത്തിയായ കാര്യം സന്തോഷത്തോടെ അറിയിക്കുന്നു’-കഴിഞ്ഞ ദിവസം യു.എ.ഇ, ഖത്തര്‍ പ്രവാസികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട വാട്ട്സ്അപ്പ് സന്ദേശമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനം കൊണ്ട് പ്രവാസികള്‍ക്ക് ഒരു ഗുണവുമുണ്ടായില്ളെന്ന് പറയരുതെന്നും രൂപയുടെ വിലയിടിച്ച് ഫലത്തില്‍ ശമ്പളം കൂട്ടിത്തന്നില്ളേ എന്നൊരു തമാശ കൂടി ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. രൂപ ഇങ്ങനെ താഴോട്ടുപോകുന്നത് ഇന്ത്യന്‍ സമ്പ്ദഘടനക്ക് തിരിച്ചടിയാണെങ്കിലും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ ആഹ്ളാദത്തിലാണ്. 
ഒരു യു.എ.ഇ ദിര്‍ഹത്തിന് 18 രൂപയും ഖത്തര്‍ റിയാലിന് 18.70 രൂപയും സൗദി റിയാലിന് 17.29 രൂപയും ഒമാന്‍ റിയാലിന് 170.97 രൂപയും കുവൈത്ത് ദിനാറിന് 217.49 രൂപയും ബഹ്റൈന്‍ ദിനാറിന് 174.06 രൂപയും ഡോളറിന് 66.18 രൂപയും യൂറോക്ക് 75.36 രൂപയും ലഭിക്കുന്നു എന്നതാണ് ഈ സന്തോഷത്തിന് കാരണം. മാസാവസാനമായതിനാല്‍ മാറാനും നാട്ടിലേക്കയക്കാനും കറന്‍സി കൈയിലില്ല എന്നതാണ് പലരുടെയും  വിഷമം. പരമാവധി ചെലവ് ചുരുക്കി പണം കഴിയുന്നത്ര പണം മാറിവെക്കുകയാണ് പ്രവാസികള്‍. കഴിഞ്ഞയാഴ്ചയിലെ ഇടിവില്‍ ഇതാണ് മികച്ച നിരക്ക് എന്നു കരുതി പലരും  ഉള്ള പണമെല്ലാം അയച്ചപ്പോഴാണ് പിന്നെയും താഴോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ശമ്പളക്കാര്‍ ഒന്നാം തീയതിവരെ ഈ ഇടിവ് തുടരണമെന്ന പ്രാര്‍ഥനയിലാണ്. സ്വര്‍ണത്തിന്‍െറ ഇടിഞ്ഞ വില ശക്തമായി തിരിച്ചുകയറിയതും പലര്‍ക്കും അനുഗ്രഹമായി. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവില കൂപ്പുകുത്തിയപ്പോള്‍ വാങ്ങിയവര്‍ക്ക് ഇപ്പോള്‍ ഉയര്‍ന്ന വിലക്ക് അത് വിറ്റ് മികച്ച നിരക്കില്‍ രൂപയാക്കാനും സാധിച്ചതോടെ ഇരട്ട സൗഭാഗ്യമാണ് ലഭിച്ചത്. 
രണ്ടാഴ്ച മുമ്പു വരെ യു.എ.ഇ ദിര്‍ഹത്തിന് 17.35 രൂപയായിരുന്നു ലഭിച്ചതെങ്കില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച അത് 18 കടന്നു. 
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രൂപ നേരിട്ടുകൊണ്ടിരിക്കുന്നത്. 2013 സെപ്ററംബറിലാണ് രൂപയുടെ ഏറ്റവും വലിയ വിലയിടിവ് രേഖപ്പെടുത്തിയത്. അന്ന് ഒരു യു.എ.ഇ ദിര്‍ഹത്തിന് 18.55 രൂപ ലഭിക്കുമായിരുന്നു. ആയിരം രൂപ നാട്ടിലത്തെിക്കാന്‍ 53.90 ദിര്‍ഹം  മതിയായിരുന്നു. പിന്നീട് റിസര്‍വ് ബാങ്കിന്‍െറ ഇടപെടലിനെതുടര്‍ന്ന് രൂപ നില മെച്ചപ്പെടുത്തി സ്ഥിരത കൈവരിച്ചിരുന്നു. ഇതിനിടയില്‍ ആഗോള വിപണിയിലെ എണ്ണ വിലയിടിവും ഡോളര്‍ ശക്തി പ്രാപിച്ചതും കാരണം രൂപ താഴോട്ടുപോകാന്‍ തുടങ്ങി.  ചൈന അവരുടെ കറന്‍സിയായ യുവാന്‍െറ വില കുറച്ചതാണ് പുതിയ ഇടിവിന് കാരണമായി പറയുന്നത്. എണ്ണ വിലയിടിവും ഡോളര്‍ ശക്തിപ്രാപിക്കുന്നതും മൂന്നാം ലോക കറന്‍സികള്‍ക്ക് കരണത്തടിയായിരിക്കയാണ്.
ഇന്ത്യക്കാരുടെ മാത്രമല്ല ഫിലപ്പീന്‍സുകാരുടെയും പാക്കിസ്താനികളുടെയും ബംഗ്ളാദേശികളുടെയും ലങ്കക്കാരുടെയുമെല്ലാം മുഖത്ത് ആഹ്ളാദം കാണാം. ഫിലിപ്പീന്‍സ് പെസോ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു ദിര്‍ഹത്തിന് 12.75 പെസോ എന്നു പറഞ്ഞാല്‍ ഫിലിപ്പീന്‍സുകാര്‍ക്ക് 63 മാസത്തെ ഏറ്റവും മികച്ച വിനിമയ നിരക്കാണ്.  ഒരു ദിര്‍ഹത്തിന് 27.79 പാക് റുപ്പിയും 36.93 ലങ്കന്‍ റുപ്പിയും ലഭിക്കുന്നതിനാല്‍ ആ നാട്ടുകാരും പണമയക്കുന്ന തിരക്കില്‍ തന്നെയാണ്.
അതുകൊണ്ടുതന്നെ എല്ലാ ധനവിനിമയ സ്ഥാപനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വലിയ ശമ്പളക്കാരാണ് ഇങ്ങനെ അനുകൂല സാഹചര്യം ശരിക്കും മുതലാക്കുന്നത്. 
അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പണം മികച്ച നിരക്കില്‍ ഓണ്‍ലൈനായി മാറാന്‍ ചില ബാങ്കുകളില്‍ സൗകര്യമുള്ളതിനാല്‍ പണമയക്കാനും പണ്ടത്തെപ്പോലെ ബുദ്ധിമുട്ടില്ല. എക്സ്ചേഞ്ചില്‍ പോകാനുള്ള ചെലവും യാത്രയും വരി നില്‍ക്കേണ്ട പാടുമൊന്നുമില്ല. കമ്പ്യൂട്ടറില്‍ ഏറ്റവും പുതിയ നിരക്ക് നോക്കിയിരുന്ന് തോന്നുമ്പോള്‍ അയക്കാം. എന്നാല്‍ സാധാരണക്കാരും തുച്ഛ വരുമാനക്കാരുമായ പ്രവാസികള്‍ക്ക് മാസാദ്യം തന്നെ നാട്ടിലേക്കയച്ചും കടം വീട്ടിയും കഴിയുമ്പോള്‍ കാര്യമായൊന്നും മിച്ചമുണ്ടാകില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.