മലയാളി സാഹിത്യ അവാര്‍ഡുമായി ഗലേറിയ

ദുബൈ: കേരളത്തിലെയും പ്രവാസലോകത്തെയും സാഹിത്യ പ്രതിഭകളെ ആദരിക്കുന്നതിന്‍െറ ഭാഗമായി ഗലേറിയ എന്‍റര്‍ടെയിന്‍മെന്‍റ്്സ് സാഹിത്യ അവാര്‍ഡ് ഏര്‍പ്പെടുത്തി. ഗള്‍ഫിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള അവാര്‍ഡ് കഥ, കവിത, നോവല്‍ വിഭാഗങ്ങളില്‍ 2013 മുതല്‍ 2015 വരെ കാലയളവില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കാണ്. മികച്ച പ്രവാസ സാഹിത്യകാരനും പുരസ്കാരം നല്‍കുമെന്ന് ഗലേറിയ സാഹിത്യവിഭാഗം ഉപദേഷ്ടാവും കേരള സാഹിത്യ അക്കാദമി ചെയര്‍മാനുമായ പെരുമ്പടവം ശ്രീധരന്‍, ഗലേറിയ എന്‍റര്‍ടെയിന്‍മെന്‍റ്സ് ജനറല്‍ മാനേജര്‍ കെ.എ.മനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ഒരുലക്ഷം രൂപ കാഷ് അവാര്‍ഡിന് പുറമെ കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും സമ്മാനിക്കും. മൂന്ന് പ്രശസ്ത മലയാള സാഹിത്യകാരന്മാര്‍ അടങ്ങുന്ന ജൂറി ജേതാക്കളെ തെരഞ്ഞെടുക്കും. അടുത്ത വര്‍ഷം ഏപ്രിലില്‍ ദുബൈയില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. പുസ്തകങ്ങളുടെ നാല് കോപ്പി എഴുത്തുകാരന്‍െറ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഡിസംബര്‍ 31ന് മുമ്പ് ജി.എസ്.ഐ എന്‍റര്‍പ്രൈസസ്, 10/233, ദൈറ സ്ട്രീറ്റ്, താറെകാട് ബസ് സ്റ്റോപ്പിന് എതിര്‍വശം, പാലക്കാട്- 678001 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. ഫോണ്‍: +91491 2545505. വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം മാനേജര്‍ ഹാഷ് ജാവേദും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.