ദുബൈ ഓപറ ഹൗസ് ഒരുങ്ങുന്നു

ദുബൈ: ലോകമെങ്ങുമുള്ള കലാപ്രേമികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ദുബൈ ഓപറ ഹൗസ് നിര്‍മാണം ദുബൈ ഡൗണ്‍ടൗണില്‍ പുരോഗമിക്കുന്നു. 
സിഡ്നിയിലെ ഓപറ ഹൗസിന്‍െറ മാതൃകയിലാണ് ദുബൈയിലെ ഓപറ ഹൗസും നിര്‍മിക്കുന്നത്. 2016 മാര്‍ച്ചില്‍ തുറന്നുകൊടുക്കാനാവുന്ന തരത്തിലാണ് നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നതെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു. 
ബുര്‍ജ് ഖലീഫക്കും ബുര്‍ജ് പാര്‍ക്കിനും ദുബൈ ഫൗണ്ടനും എതിര്‍വശത്തായാണ് ഓപറ ഹൗസ് വരിക. പരമ്പരാഗത അറേബ്യന്‍ ഉരുവിന്‍െറ മാതൃകയിലാണ് ഓപറ ഹൗസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 
തിയറ്റര്‍, സംഗീത പരിപാടികള്‍ നടത്തുന്ന സ്ഥലം, ബാങ്കറ്റ് ഹാള്‍ എന്നിങ്ങനെ വളരെ വേഗത്തില്‍ രൂപമാറ്റം വരുത്താന്‍ കഴിയുന്ന വിധത്തിലാണ് രൂപകല്‍പന. 2000 പേര്‍ക്ക് ഇരുന്ന് പരിപാടികള്‍ കാണാന്‍ സൗകര്യമുണ്ടാകും. 
തിയറ്റര്‍ രൂപത്തിലാകുമ്പോള്‍ സംഗീത, നൃത്ത പരിപാടികള്‍ക്കും നാടകങ്ങള്‍ക്കും വേദിയാക്കാം. ബാങ്കറ്റ് ഹാള്‍ ആകുമ്പോള്‍ വിവാഹം, വാണിജ്യ പ്രദര്‍ശനങ്ങള്‍ എന്നിവ നടത്താം. 
എക്സ്പോ 2020ന് മുമ്പ് നിരവധി വികസന പദ്ധതികളാണ് ദുബൈ ഭരണകൂടം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. ഭാവി മ്യൂസിയം, ദുബൈ ഐ, ദുബൈ വാട്ടര്‍ കനാല്‍, ദുബൈ ഫ്രെയിം തുടങ്ങിയവ ഇതില്‍ പെടും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.