ഷാര്‍ജ വാഹനാപകടം: മരിച്ചത് മലപ്പുറം, കോഴിക്കോട് സ്വദേശികള്‍

ഷാര്‍ജ: വ്യാഴാഴ്ച രാവിലെ   എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് മലപ്പുറം,കോഴിക്കോട് സ്വദേശികള്‍. മലപ്പുറം തിരൂര്‍ വെട്ടം പരിയാപുരം വീട്ടുവളപ്പില്‍ സെയ്താലിക്കുട്ടിയുടെ മകന്‍ ജലീല്‍ വളപ്പില്‍ (27), കോഴിക്കോട്  കണ്ണാടിക്കല്‍ പറമ്പില്‍ ബസാര്‍ പ്രഭാകരന്‍െറ മകന്‍ ബിജു (40) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ഷാര്‍ജയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.  
ദുബൈ ജബല്‍അലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫാമെഡ് മെഡിക്കല്‍ കമ്പനിയുടെ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരാണ് ജലീലും ബിജുവും. ജോലിയുടെ ഭാഗമായി റാസല്‍ഖൈമയിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. എമിറേറ്റ്സ് റോഡിലെ (പഴയ ബൈപ്പാസ് റോഡ്) ഏഴാം നമ്പര്‍ പാലത്തിന് സമീപമായിരുന്നു അപകടം. ഇവരുടെ എതിര്‍ദിശയില്‍ വന്ന ലോറി നിയന്ത്രണം നഷ്ട്ടപ്പെട്ട് ഡിവൈഡര്‍ തകര്‍ത്ത് ബിജുവും ജലീലും സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനത്തില്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇവരുടെ വാഹനത്തില്‍ ഇടിച്ച ലോറി റോഡില്‍ നിന്നു തെന്നിമാറി മണല്‍പ്പരപ്പില്‍ പോയാണ് നിന്നത്. പൊലീസും മറ്റ് രക്ഷാപ്രവര്‍ത്തകരും എത്തി വാഹനങ്ങളുടെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങളും പരിക്കേറ്റ ആളെയും പുറത്തെടുത്തത്. 
മരിച്ച ബിജു 14 വര്‍ഷമായി യു.എ.ഇയില്‍ എത്തിയിട്ട്. എട്ടു വര്‍ഷമായി ആല്‍ഫാമെഡ് മെഡിക്കല്‍ കമ്പനിയുടെ സെയിസ് വിഭാഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഭാര്യ: സിജില. മാതാവ്: കുഞ്ഞുലക്ഷ്മി. രണ്ട് കുട്ടികളുണ്ട്. മൂത്ത കുട്ടിയുടെ പേര്‍ അനാമിക. രണ്ടാമത്തെ കുട്ടിക്ക് രണ്ടര മാസമാണ് പ്രായം. 
നഫീസയാണ് ജലീലിന്‍െറ മാതാവ്. ഭാര്യ: ഹാജറ. മകള്‍: ഖദീജ റജുവ. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആളെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.