അബൂദബി: വര്‍ഷങ്ങളായി തങ്ങള്‍ നേരിടുന്ന നിരവധി നീറുന്ന പ്രശ്നങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവേളയില്‍ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാരായ പ്രവാസികള്‍. മോദിയുടെ ഇടപെടലുകള്‍ വാണിജ്യ,വ്യവസായ സമൂഹത്തിന് വേണ്ടി മാത്രമാകുമോ എന്ന സന്ദേഹം മുന്‍ അനുഭവങ്ങള്‍ വെച്ച് പലരും ഉയര്‍ത്തുന്നുണ്ടെങ്കിലും ലക്ഷക്കണക്കിന് സാധാരണ പ്രവാസികളുടെ കൈയടി വാങ്ങാനെങ്കിലും ചില പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. പ്രവാസി വോട്ടവകാശം, സീസണ്‍ സമയത്ത് ഉയരുന്ന വിമാന ടിക്കറ്റ് നിരക്ക്, സ്വര്‍ണത്തിനും ഗൃഹോപകരണങ്ങള്‍ക്കുമുള്ള കസ്റ്റംസ് ഡ്യൂട്ടി, പ്രവാസി പുനരധിവാസം, തടവുകാരുടെ കൈമാറ്റം, കാര്‍ഗോ ക്ളിയറന്‍സിന് നേരിടുന്ന കാലതാമസം തുടങ്ങിയവയാണ് പ്രവാസി സംഘടനകള്‍ പ്രധാനമായും ഉന്നയിക്കുന്ന വിഷയങ്ങള്‍.
പ്രവാസികളുടെ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരത്തിന് വഴിതുറക്കുമെന്ന് കരുതുന്ന വോട്ടവകാശം തന്നെയാണ് ഇതില്‍ പ്രധാനം. പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍അവസരമൊരുക്കാന്‍ സുപ്രീം കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. കേരളത്തില്‍ അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പ്രായോഗികതയുടെ പേരുപറഞ്ഞ് അത് മുടങ്ങുകയാണ്. സീസണ്‍ സമയത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ അടക്കം നിരക്ക് വര്‍ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന പ്രശ്നത്തിന് പ്രവാസത്തോളം തന്നെ പഴക്കമുണ്ട്.പ്രവാസികളുടെ പ്രതിഷേധവും നിസ്സഹായതയും ആരും കാണുന്നില്ല. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ നാട്ടില്‍ പോകേണ്ടിവരുമ്പോള്‍ വന്‍ തുക വിമാനക്കൂലിയായി നല്‍കേണ്ടിവരുന്നു. ഇതിന് പ്രതിവിധിയായി കേരള സര്‍ക്കാര്‍ എയര്‍കേരള പദ്ധതി ആവിഷ്കരിച്ചെങ്കിലും കേന്ദ്രത്തിന്‍െറ നിബന്ധനകളില്‍ തട്ടി മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ല.
യു.എ.ഇയിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ നാട്ടിലെ ജയിലുകളിലേക്ക് മാറ്റുന്നതാണ് മറ്റൊരു പ്രശ്നം. ഇതുസംബന്ധിച്ച് യു.എ.ഇ- ഇന്ത്യ സര്‍ക്കാറുകള്‍ തമ്മില്‍ കരാര്‍ ഒപ്പിട്ട് നാല വര്‍ഷത്തോളമായി. എന്നാല്‍ ഇതുവരെ ഒരാളെ പോലും ഇന്ത്യയിലേക്ക് മാറ്റാന്‍ സാധിച്ചിട്ടില്ല. ദുബൈ ജയിലില്‍ കഴിയുന്ന തടവുകാര്‍ പ്രധാനമന്ത്രിക്ക് ഈ ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കുന്നുണ്ട്.
വര്‍ഷങ്ങളോളം ഗള്‍ഫില്‍ ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് പുനരധിവാസ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുന്ന സ്വര്‍ണത്തിന്‍െറ അളവ് വര്‍ധിപ്പിക്കണമെന്നതാണ് മറ്റൊരു ആവശ്യം.
നിലവില്‍ പുരുഷന്മാര്‍ക്ക് 50,000 രൂപയുടെയും സ്ത്രീകള്‍ക്ക് ഒരുലക്ഷം രൂപയുടെയും സ്വര്‍ണമാണ് ഇപ്പോള്‍ കൊണ്ടുപോകാന്‍ അനുമതിയുള്ളത്.
ഇന്ത്യയിലെ പല വിമാനത്താവളങ്ങളിലും കാര്‍ഗോയുടെ കസ്റ്റംസ് ക്ളിയറന്‍സ് നിര്‍ത്തിവെച്ചത് മൂലം ഗള്‍ഫില്‍ നിന്ന് ആളുകള്‍ ചരക്ക് അയക്കാന്‍ പ്രയാസപ്പെടുകയാണ്. ഇതിലും പ്രധാനമന്ത്രിയുടെ ഇടപെടല്‍ പ്രവാസികള്‍ പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.