ഷാര്‍ജ: ഇടപാടുകാരെ കണ്ണീരിലാഴ്ത്തി സൂപ്പര്‍മാര്‍ക്കറ്റ് പൂട്ടി മലയാളി ഉടമ മുങ്ങിയതായി പരാതി. പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഷാര്‍ജയിലെ മുബാറക്ക് സെന്‍ററിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന സൂപ്പര്‍മാര്‍ക്കറ്റാണ് പൂട്ടിയത്. ഇടപാടുകാര്‍ക്ക് ലക്ഷങ്ങളാണ് കൊടുക്കാനുള്ളതെന്ന് ഇവിടെ സാധനങ്ങള്‍ വിതരണം നടത്തിയിരുന്ന പുന്നയൂര്‍കുളം സ്വദേശി പറഞ്ഞു. ഇവരുടെ തന്നെ അബുദബി മുസഫയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനവും പൂട്ടിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഷാര്‍ജ ബ്രാഞ്ചിലെ 32 തൊഴിലാളികള്‍ ദുരിതത്തിലാണ് കഴിയുന്നത്. ഇവര്‍ ആദ്യം താമസിച്ചിരുന്നിടത്ത് നിന്ന് കെട്ടിട ഉടമ ഇറക്കി വിട്ടതിനെ തുടര്‍ന്ന് മറ്റൊരു കെട്ടിടത്തിലാണ് ഇവരിപ്പോള്‍ കഴിയുന്നത്. ഇവിടേയും അധിക ദിവസം കഴിയാനാകുകയില്ല എന്നാണ് സൂപ്പര്‍മാര്‍ക്കറ്റുമായി ബന്ധമുള്ള തൃശൂര്‍ സ്വദേശി പറഞ്ഞത്. ആറ് മാസം മുമ്പാണ് സ്ഥാപനം ഷാര്‍ജയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. യു.എ.ഇയില്‍ വ്യാപകമായി ഉടനെ ബ്രാഞ്ചുകള്‍ തുടങ്ങുമെന്ന മോഹന വാഗ്ദാനമാണ് ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നത്. അത് കൊണ്ട് തന്നെ കൂടുതല്‍ സാധനങ്ങള്‍ ഇടപാടുകാര്‍ ഇറക്കി കൊടുത്തിരുന്നു. ഇതെല്ലാം പകുതി വില ഈടാക്കി വിറ്റഴിക്കുകയായിരുന്നുവെത്രെ. ഉടമകള്‍ മുങ്ങിയതിന് ശേഷവും സ്ഥാപനം കുറച്ച് ദിവസം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഉടമ മുങ്ങിയ വിവരം അറിഞ്ഞത്തെിയ ഇടപാടുകാര്‍ ഇവിടെ നിന്ന് കൈയില്‍ കിട്ടിയതെല്ലാം വാരികൂട്ടി സ്ഥലം വിടുകയായിരുന്നുവെന്ന് ഇവിടെയുള്ളവര്‍ പറഞ്ഞു. ഇതിന്‍െറ മറവില്‍ ചില സാമൂഹിക ദ്രോഹികളും സ്ഥാപനത്തില്‍ കൊള്ള നടത്തിയതായി അറിയുന്നു. ഇത് അറിഞ്ഞത്തെിയ സ്ഥാപനത്തിന്‍െറ സ്പോണ്‍സര്‍ ഇടപ്പെട്ടതിനെ തുടര്‍ന്നാണ് സ്ഥാപനം അടച്ചത്. തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന തൊഴിലാളികള്‍. ഇപ്പോള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് ഉടനെ മാറേണ്ടി വരും. ശേഷം ഏവിടേക്ക് എന്ന വലിയ ചോദ്യത്തിന് ഉത്തരമായി പുറത്തെ കത്തിക്കാളുന്ന വെയില്‍ മാത്രമെ ഇപ്പോള്‍ ഇവര്‍ക്ക് മുന്നിലുള്ളു. ലക്ഷങ്ങള്‍ കിട്ടാനുള്ള മലയാളികളടക്കമുള്ള സെയില്‍സ്മാന്‍മാരുടെ അവസ്ഥയും പരിതാപകരമാണ്. അബുദബി ബ്രാഞ്ചിലെ അവസ്ഥ ഇവിടെയുള്ളവര്‍ക്ക് അറിയില്ല എന്നാണ് അറിഞ്ഞത്. ഇതും പൂട്ടിയതായിട്ടാണ് അറിവ്. സ്ഥാപനത്തിന്‍െറ അജ്മാനില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുദാമും പൂട്ടിയിട്ടുണ്ട്. ഇവിടെ സാധനങ്ങള്‍ എത്രകണ്ട് ശേഖരിച്ച് വെച്ചിട്ടുണ്ടെന്നതിനെ കുറിച്ച് കൃത്യമായ അറിവ് ഇവിടെയുള്ളവര്‍ക്കില്ല. ഇവിടെ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ വിസ റദ്ദാക്കി നാട്ടിലേക്ക് അയക്കാമെന്ന് സ്പോണ്‍സര്‍ പറഞ്ഞതായി അറിയുന്നു. സ്ഥാപനത്തിന്‍െറ ഉടമകളുമായും കണക്കെഴുത്തുകാരുമായും കാര്യസ്ഥന്‍മാരുമായും ഗള്‍ഫ് മാധ്യമം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരുടെ മൊബൈല്‍ ഫോണുകള്‍ നിശബ്ദമായിരുന്നു. സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തൊഴിലാളികള്‍ക്കാകട്ടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഭയവുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.