പെരുന്നാളിനോടനുബന്ധിച്ചു ‘മദിയൻ ശുഐബ്’ പ്രദേശത്ത് എത്തിയ സന്ദർശകർ
മദ്യൻ ശുഐബ്: തബൂക്ക് പ്രവിശ്യയിലെ മഖ്നക്ക് സമീപത്തെ അൽ ബാദിലെ മദിയൻ ശുഐബ് കാണാൻ പെരുന്നാൾ അവധിയിൽ സഞ്ചാരികളുടെ പ്രവാഹം. 'ശുഐബ് നബിയുടെ നഗരം' എന്ന പേരിലറിയപ്പെടുന്ന ഈ പുരാവസ്തുകേന്ദ്രം അൽ ബാദ് - അഖ്ൽ റോഡിൽ അൽ ബാദ് നഗരകേന്ദ്രം കഴിഞ്ഞാലുടൻ ഇടതുവശത്താണ്.
പർവതങ്ങളും കുന്നുകളും തുരന്ന് വീടുകളും മറ്റും നിർമിച്ചിരുന്ന പൗരാണിക സമൂഹത്തിെൻറ ജീവിത രീതിയുടെ ശേഷിപ്പുകൾ കാണാനാണ് സന്ദർശകർ ഇവിടെ എത്തുന്നത്. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം ആറു വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം നാലു മുതൽ ആറു വരെയുമാണ് സന്ദർശന സമയം. പ്രവേശനം സൗജന്യമാണ്.
'മദാഇൻ സ്വാലിഹി'ലെ അതേ മാതൃകയിലുള്ള ചില നിർമാണമാണ് ഇവിടെയും. എന്നാൽ, മദാഇൻ സ്വാലിഹിനോളം പൂർണതയിലല്ല മദിയൻ ശുഐബിലെ നിർമാണ വൈഭവം. ബി.സി മൂന്നാം സഹസ്രാബ്ദം വരെ പഴക്കമുണ്ടെന്ന് കരുതുന്ന ഈ നിർമിതികൾ മദാഇൻ സ്വാലിഹിനെക്കാളും പ്രാചീനമായ വാസകേന്ദ്രമാണ്. ഇപ്പോൾ സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജിെൻറ സംരക്ഷണത്തിലാണ് ഈ പ്രദേശം.
ഫലസ്തീന് തെക്ക് ചെങ്കടലിെൻറയും അഖബ ഉൾക്കടലിെൻറയും തീരങ്ങളോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മദിയൻ. വ്യാപാരമായിരുന്നു ഇവിടത്തെ നിവാസികളുടെ പ്രധാന തൊഴിൽ. ചെങ്കടലിെൻറ തീരത്തിലൂടെ യമനിൽനിന്ന് മക്ക, യാംബു വഴി സിറിയ വരെയും ഇറാഖിൽനിന്ന് ഈജിപ്ത് വരെയും പോകുന്ന കച്ചവട സംഘങ്ങളുടെ ഇടത്താവളം എന്ന നിലയിലും അറബി ചരിത്ര ഗ്രന്ഥങ്ങളിൽ മദിയൻ രേഖപ്പെടുത്തിയതായി കാണാം. ജനവിഭാഗം വിട്ടേച്ചുപോയ കൃഷിയിടങ്ങളും ശേഷിപ്പുകളും ഇവിടുണ്ട്.
അറബി കച്ചവട സംഘങ്ങൾ ഈ പൗരാണിക ശേഷിപ്പുകൾക്കിടയിലൂടെയായിരുന്നു സഞ്ചാരം നടത്തിയിരുന്നത്. അക്കാരണത്താൽതന്നെ മദിയൻ നിവാസികളെ കുറിച്ചും ഈ പ്രദേശത്തെ ക്കുറിച്ചുമുള്ള ചരിത്രവും അറബികൾക്കിടയിൽ ഏറെ പ്രസിദ്ധമായിരുന്നു. ശുഐബ് നബിയുടെ ഗുഹ എന്ന അർത്ഥം വരുന്ന 'മഖായിർ ശുഐബ്' എന്ന പേരിലാണ് സ്വദേശികൾ ഈ പ്രദേശത്തെ ഇപ്പോൾ വിളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.