റിയാദ്: ഒന്നര ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ റിയാദിൽനിന്ന് ഖത്തറിലേക്ക് പുറപ്പെട്ട അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഹൃദയം തൊട്ട് യാത്രയാക്കി. ചൊവ്വാഴ്ച രാവിലെ 9.45 ഓടെ റിയാദിലെത്തിയ ട്രംപ് കുറഞ്ഞ സമയത്തിനുള്ളിൽ സൗദി-യു.എസ് നിക്ഷേപ ഫോറത്തിലും ഗൾഫ്-യുഎസ് ഉച്ചകോടിയിലും പങ്കെടുത്തും കിരീടാവകാശിയും വിവിധ രാഷ്ട്രത്തലവന്മാരും പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തിയുമാണ് ഇന്ന് (ബുധൻ) ഉച്ചക്ക് 12.45ഓടെ റിയാദിനോട് യാത്ര പറഞ്ഞത്. അമേരിക്കൻ പ്രസിഡൻറ് പദത്തിൽ തിരിച്ചെത്തിയ ട്രംപിെൻറ പ്രഖ്യാപനമായിരുന്നു ആദ്യ ഒൗദ്യോഗിക വിദേശ രാജ്യ സന്ദർശനം സൗദി അറേബ്യയിലായിരിക്കുമെന്ന്.
ഇതിനിടയിൽ ഫ്രാൻസിസ് മാർപ്പാപ്പ മരണമടഞ്ഞതോടെ അദ്ദേഹത്തിെൻറ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനെത്തിയത് ഒഴിച്ചാൽ മറ്റെങ്ങും പോയിട്ടില്ല. ഒരു ഔദ്യോഗിക രാജ്യസന്ദർശനം എന്ന നിലയിൽ റിയാദിൽ തന്നെ എത്തി വാക്കുപാലിച്ചു ട്രംപ്. ഖത്തർ, യു.എ.ഇ രാജ്യങ്ങളിലേക്ക് കൂടി സന്ദർശന പരിപാടി നീട്ടി ഗൾഫ് പര്യടനം തന്നെയാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. ഏറ്റവും വലിയ പ്രതിരോധ ഇടപാട് ഉൾപ്പടെ 30,000 കോടി ഡോളറിെൻറ വിവിധ കരാറുകളും 60,000 കോടി ഡോളറിെൻറ സംയുക്ത നിക്ഷേപ പദ്ധതിയും നേടിയാണ് ട്രംപിെൻറ മടക്കം. അതിനൊപ്പം ചില വലിയ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തി ലോകത്തെ െഞട്ടിക്കുകയും ചെയ്തു ട്രംപ്. സിറിയക്കെതിരായ മുഴുവൻ ഉപരോധങ്ങളും പിൻവലിക്കുമെന്നും സൗദി കിരീടാവകാശിയുടെ അഭ്യർഥന മാനിച്ചാണതെന്നും നിക്ഷേപ സമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. അമീർ മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെടുന്നത് എന്തും ചെയ്യുമെന്ന് തുറന്നു പറഞ്ഞ അദ്ദേഹം സൗദി അറേബ്യയെ മാറ്റങ്ങളുടെ പാതയിൽ മുന്നോട്ട് നയിക്കുന്ന കിരീടാവകാശിയുടെ കഠിനാധ്വാനത്തെ പുകഴ്ത്തുകയും ചെയ്തു.
35 വർഷത്തിന് ശേഷം സിറിയൻ, അമേരിക്കൻ പ്രസിഡൻറുമാർ കൂടിക്കാഴ്ച നടത്തിയെന്ന ഒരു അപൂർവതക്കും റിയാദ് സാക്ഷിയായി. സിറിയൻ പ്രസിഡൻറ് അഹ്മദ് അൽഷാരായും ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. സൗദി കിരീടാവകാശിയും ചർച്ചയിൽ പങ്കെടുത്തു. വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് കിരീടാവകാശി ട്രംപിനെ യാത്രയാക്കിയത്. ഖത്തറിലേക്കാണ് ട്രംപ് പുറപ്പെട്ടത്. ശേഷം യു.എ.ഇയിലെ സന്ദർശനവും പൂർത്തിയാക്കി വെള്ളിയാഴ്ച അമേരിക്കയിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.