അറഫയിൽനിന്ന് മടങ്ങിയ തീർഥാടകർ ഞായറാഴ്ച രാവിലെ ജംറയിൽ കല്ലേറ് കർമം നിർവഹിക്കാൻ നീങ്ങുന്നു
മക്ക: ജീവിതത്തിലെ പൈശാചികതകൾക്കെതിരെ പ്രതീകാത്മക കല്ലേറ് നിർവഹിച്ച് ഹജ്ജിന്റെ പ്രധാന ചടങ്ങുകൾക്ക് വിരാമം കുറിക്കാൻ ഹാജിമാർ മടങ്ങിയെത്തിയതോടെ തമ്പുകളുടെ നഗരിയായ മിനാ വീണ്ടും സജീവമായി. ഞായറാഴ്ച കല്ലേറിനുള്ള സ്തൂപം ജംറതുൽ അഖബയിൽ ഏഴു ചെറുകല്ലുകൾ എറിഞ്ഞ് തലമുണ്ഡനം ചെയ്തു ഹാജിമാർ തീർഥാടകരുടെ പ്രത്യേക ഇഹ്റാം വേഷം അഴിച്ചു സാധാരണവസ്ത്രമണിഞ്ഞു. പിന്നീട് കഅ്ബയിൽ ചെന്നു പ്രദക്ഷിണവും സഫ മർവ കുന്നുകൾക്കിടയിലെ പ്രയാണവും കഴിയുന്നതോടെ ഹജ്ജിലെ പ്രധാന കർമങ്ങൾ അവസാനിച്ചു.
ഇത്രയും പൂർത്തിയാക്കിയ ഹാജിമാർ മിനായിലേക്ക് മടങ്ങി ഇനി മൂന്നു നാൾ അവിടത്തെ തമ്പുകളിൽ കഴിഞ്ഞുകൂടും. ദുൽഹജ്ജ് 11, 12, 13 തീയതികളിൽ ജംറയിൽ തുടർന്നും കല്ലെറിഞ്ഞ ശേഷമാണ് ഹജ്ജിന് പൂർണവിരാമമാകുക. മകനെ ബലിനൽകാനുള്ള ദൈവനിർദേശത്തിൽ നിന്ന് പ്രവാചകൻ ഇബ്രാഹീമിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെ കല്ലെറിഞ്ഞതിനെ അനുസ്മരിപ്പിക്കുന്ന അനുഷ്ഠാനത്തിലൂടെ തിന്മക്കെതിരായ പോരാട്ടത്തിനുള്ള സന്നദ്ധതയാണ് ഹാജിമാർ പ്രകടിപ്പിക്കുന്നത്.
മക്കയിൽ ബലിപെരുന്നാൾ ദിനമായ ഞായറാഴ്ച തീർഥാടകർക്ക് ഏറ്റവും തിരക്കേറിയതായിരുന്നു. ശനിയാഴ്ച വൈകീട്ട് അറഫയിൽ നിന്ന് പിന്തിരിഞ്ഞ ഹാജിമാർ രാത്രി മുസ്ദലിഫയിൽ വിശ്രമിച്ചു. പുലർച്ചെ അവിടെനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ജംറയിലേക്ക് യാത്ര തിരിച്ചു. ബസുകളിലും മെട്രോ ട്രെയിനുകളിലുമായാണ് മക്ക ഹറമിനും മിനാക്കും ഇടയിലെ ജംറകളിലേക്ക് തീർഥാടകരെത്തിയത്.
അഞ്ചു നിലകളിലുള്ള ജംറ സമുച്ചയത്തിൽ ഒരു മണിക്കൂറിൽ മൂന്ന് ലക്ഷം പേർക്ക് ഒരുമിച്ച് കല്ലേറ് നിർവഹിക്കാനുള്ള സൗകര്യമുണ്ട്. ഈ സമുച്ചയത്തിലേക്ക് 11 പ്രവേശന കവാടവും പുറത്തേക്കുള്ള 12 കവാടങ്ങളും ഒരുക്കിയിട്ടുണ്ട്. വിശാലമായ സൗകര്യങ്ങൾ വേഗത്തിൽ കല്ലേറുകർമം പൂർത്തിയാക്കാൻ ഹാജിമാരെ സഹായിക്കുന്നുണ്ട്. അറഫ സംഗമവും മിനായിലെ ആദ്യനാൾ കല്ലേറും സമാധാനപൂർവം പൂർത്തിയാക്കുന്നതോടെ ഹജ്ജിന്റെ തിരക്കൊഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.