ദമ്മാം: സൗദി കൾചർ ആൻഡ് ആർട്സ് അസോസിയേഷൻ ‘കലയുടെ അനന്ത സാധ്യതകൾ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ചിത്രപ്രദർശനം ആറാം പതിപ്പ് ജൂലൈ 17ന് നടക്കും. ഇതിൽ പങ്കെടുക്കുന്നതിന് ആർട്ടിസ്റ്റുകൾ എൻട്രി സമർപ്പിക്കാനുള്ള കാലാവധി ജൂലൈ മൂന്നിന് അവസാനിച്ചു. സൗദിയുടെ 25 നഗരങ്ങളിൽനിന്നുള്ള 235 പ്രതിഭകളുടെ 705 ചിത്രങ്ങൾ മത്സരത്തിനും പ്രദർശനത്തിനുമായി എത്തിയിട്ടുണ്ടെന്ന് അസോസിയേഷൻ ഡയറക്ടർ യൂസഫ് അൽ ഹർബി ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു.
ജുലൈ 17ന് കൽചറൽ സെന്റർ ആസ്ഥാനത്താണ് ആറാം പതിപ്പിന്റെ പ്രദർശനവും മത്സരഫല പ്രഖ്യാപനവും. കിഴക്കൻ പ്രവിശ്യ കൗൺസിൽ ഫോർ സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ചെയർപേഴ്സൺ അമീറ അബീർ ബിൻത് ഫൈസൽ ബിൻ തുർക്കി അൽ സഊദിന്റെ രക്ഷാകർതൃത്വത്തിൽ, രാജ്യത്തുടനീളമുള്ള 911 കലാകാരന്മാരുടെ 3,361 ചിത്രങ്ങൾ തുടർന്നുള്ള പ്രദർശനങ്ങളിൽ ഉൾപ്പെടുത്തും.കലാകാരന്മാരെ സാമ്പത്തികമായി സഹായിക്കുന്നതിനായി പെയിൻറിങ്ങുകൾക്കായി വിപണികൾ ഒരുക്കുക, മത്സരവേദികൾ സൃഷ്ടിച്ച് ചിത്രംവരയെ കുടുതൽ മികച്ചതാക്കുന്നതിന് കലാകാരന്മാരെ പ്രാപ്തരാക്കുക, ചെറിയ കലാസൃഷ്ടികൾ സ്വന്തമാക്കുക എന്ന സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രദർശനം സംഘടിപ്പിക്കുന്നതെന്നും യൂസഫ് അൽ ഹർബി വിശദീകരിച്ചു.
ചിത്രങ്ങൾ ആസ്വദിക്കുന്നതിനൊപ്പം അത് മുന്നോട്ടുവെക്കുന്ന ആശയങ്ങളെ പരിചയപ്പെടാൻ പൊതുജനങ്ങൾക്ക് അവസരം സൃഷ്ടിക്കാനും ഈ പ്രദർശനം ലക്ഷ്യം വെക്കുന്നുണ്ട്. ചിത്രകാരന്മാരുടെ സാന്നിധ്യം അവരുമായി സംവദിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കും. സാധാരണ ഒരു ചിത്രപ്രദർശനം എന്നതിനപ്പുറത്ത് കലയുടെ അനന്തസാധ്യതകളെ ചർച്ച ചെയ്യാനും മനസിലാക്കാനും ഇവിടെ നടക്കുന്ന മറ്റു പരിപാടികൾ പൊതുജനങ്ങളെ സഹായിക്കും.
സൗദിയുടെ സംസ്കാരിക പ്രവർത്തന മേഖലയിൽ പുതിയ ചക്രവാളം തുറക്കുന്നതിനുള്ള ആദ്യപടി കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ ഒന്നു മുതൽ അസോസിയേഷൻ ആരംഭിച്ച വിവിധ പരിപാടിയിൽ പ്രതിഭകൾക്കും ചിത്രകാരന്മാർക്കുമുള്ള പരിശീലന ശിൽപശാലകൾക്ക് ഒപ്പം സാംസ്കാരികവും കലാപരവുമായ ഐഡന്റിറ്റി പ്രോത്സാഹിപ്പിക്കുക, കഴിവുകൾ വികസിപ്പിക്കുക, ഓരോ മേഖലയിലും അവരെ ശരിയായ പാതയിൽ എത്തിക്കുക, വേനൽക്കാല അവധിക്കാലത്ത് സ്കൂൾ വിദ്യാർഥികളെ കൂടുതൽ ലക്ഷ്യം വയ്ക്കുക എന്നിവ ഉൾപ്പെടുന്നു. ഈ ശിൽപശാലകൾ ജൂലൈ 31ന് അവസാനിക്കും. ചിലിയൻ കലാകാരന്മാരായ അലി അബ്ദുൽ ഹമീദ്, സമ അൽ ദോസാരി, ഫിറാസ് അബ്ദുല്ല, അബ്ദുൽ ലത്തീഫ് അൽ കിർമാനി എന്നിവർ അവതരിപ്പിക്കുന്ന ‘നഫേസ’ എന്ന കലാപ്രദർശനം അടുത്ത ബുധനാഴ്ച വൈകീട്ട് അസോസിയേഷൻ ആസ്ഥാനത്ത് അബ്ദുൽ അസിം ഷാലി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.