തബൂക്കിലെ തുറസ്സായ സ്ഥലങ്ങളിൽ വെള്ളം തണുത്തുറഞ്ഞ നിലയിൽ
യാംബു: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ അതിശൈത്യം ഇനിയും കനക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കൻ അതിർത്തികൾ, അൽ ജൗഫ്, ഹാഇൽ, തബൂക്ക്, മദീന മേഖലയുടെ വടക്കൻഭാഗങ്ങൾ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച മുതൽ നേരിയ തണുപ്പും അതിശൈത്യവും അനുഭവപ്പെടുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. തണുപ്പ് അനുഭവപ്പെടുന്ന പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായും കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
രാത്രിയിലും പുലർവേളകളിലുമാണ് കൂടുതൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുള്ളത്. അൽ ഖസീം, റിയാദ്, അസീർ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ തണുപ്പിനൊപ്പം പൊടിക്കാറ്റും അനുഭവപ്പെട്ടേക്കാം.
അസീർ, നജ്റാൻ മേഖലയുടെ ചില ഭാഗങ്ങളിലും ഈ കാലാവസ്ഥാമാറ്റം തുടരുമെന്നും കേന്ദ്രം അറിയിച്ചു. ജിസാൻ, അസീർ, അൽ ബാഹ, മക്ക എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും ഉള്ളതായും കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തുവിട്ട കാലാവസ്ഥ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം തബൂക്ക് മേഖലയിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടായി. പ്രത്യേകിച്ച് മരുഭൂമിയിലെ തുറസ്സായ പ്രദേശങ്ങളിലും കുളങ്ങളിലും ജലാശയങ്ങളിലും മഞ്ഞുപാളികൾ രൂപപ്പെട്ട പ്രതിഭാസം ദൃശ്യമായി. ഈ മേഖലയിൽ ധ്രുവ തരംഗത്തിന്റെ സ്വാധീനം പ്രതിഫലിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. തബൂക്ക് മേഖലയിൽ സാധാരണയായി ശൈത്യകാലത്ത് തണുപ്പ് അതികഠിനമായി അനുഭവപ്പെടാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.