ജിദ്ദ: ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ഇടറാത്ത വരികളാൽ എഴുതിച്ചേർത്ത വീരേതിഹാസമാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെയും മലബാർ സമരത്തിെൻറയും ചരിത്രമെന്ന് എഴുത്തുകാരനും പ്രഭാഷകനും സാഹിത്യവിമർശകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി നേതൃത്വത്തിൽ ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരവും വാരിയൻ കുന്നനും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാമ്രാജ്യത്വ ശക്തികൾക്കും ജന്മിത്തത്തിനും സവർണ മേൽക്കോയ്മക്കുമെതിരെ മലബാറിൽ നടന്ന തുല്യതയില്ലാത്ത സമരത്തെ വർഗീയ വേർതിരിവുണ്ടാക്കി ഹിന്ദു മുസ്ലിം കലാപമായി ചിത്രീകരിക്കാൻ അക്കാലം മുതൽക്കേ ഛിദ്രശക്തികൾ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ 1919-ൽ നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ വിശേഷിപ്പിക്കുന്ന തരത്തിൽ രേഖപ്പെടുത്തേണ്ട ഭീകരവും നടുക്കമുളവാക്കുന്നതുമായ കൂട്ടക്കൊലയാണ് വാഗൺ ട്രാജഡി. എന്നാൽ മുൻ ധാരണയോടെയും വ്യക്തമായ വർഗീയ വിവേചനത്തോടെയും ചരിത്രത്തെ വളച്ചൊടിക്കാൻ മടിക്കാത്തവരാണ് ബ്രിട്ടീഷുകാരും അവരുടെ പാദസേവകരായി രാജ്യത്തിെൻറ ഭരണത്തിലേറിയവരുമെന്നും കെ.ഇ.എൻ അഭിപ്രായപ്പെട്ടു.
ബ്രിട്ടീഷ് അധിനിവേശ ഭൂമിയിൽ ചുരുങ്ങിയ കാലത്തേക്കെങ്കിലും മലയാള രാജ്യമെന്ന പേരിൽ ഭരണം സ്ഥാപിക്കുകയും സാധാരണ ജനങ്ങൾക്ക് നീതിപൂർവകമായ ജീവിത സാഹചര്യം ഒരുക്കുകയും ചെയ്ത വ്യക്തിയാണ് വാരിയൻകുന്നതു കുഞ്ഞഹമ്മദാജി. അഗാധമായ മാനവിക കാഴ്ചപ്പാടുള്ള ഭരണ നിപുണനായ വാരിയൻ കുന്നൻ തക്ബീർ മുഴക്കിയ ‘മലയാളി ചെഗുവേര’യാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അബ്ദുൽ ഗനി മലപ്പുറം സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.