ജിദ്ദ: കൊറോണ വൈറസ് വ്യാപനമുണ്ടായ ചൈനയിലെ വുഹാൻ മേഖലയിൽനിന്ന് മാറ്റി താമസിപ്പ ിച്ച 10 സൗദി വിദ്യാർഥികളെ രാജ്യത്തേക്ക് തിരികെകൊണ്ടുവന്നതായി ആരോഗ്യ വകുപ്പ് വ്യ ക്തമാക്കി. ഞായറാഴ്ച രാവിലെ റിയാദിലാണ് വിദ്യാർഥികൾ വിമാനമിറങ്ങിയത്. സൗദി ഗവൺ മെൻറിെൻറ ചെലവിൽ പ്രത്യേക വിമാനത്തിലാണ് ഇവരെ കൊണ്ടുവന്നത്. വിദേശകാര്യ മന്ത്രാലയവും ചൈനയിലെ സൗദി എംബസിയുമാണ് ചൈനീസ് അധികൃതരുമായി ചേർന്ന് യാത്രനടപടികൾ പൂർത്തിയാക്കിയത്. വിദഗ്ധരായ മെഡിക്കൽ സംഘത്തോടൊപ്പം പൂർണ സജ്ജവും അനുയോജ്യവുമായ താമസ കേന്ദ്രങ്ങളിലാണ് വിദ്യാർഥികൾക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്.
രോഗമുക്തരാണെന്ന് ഉറപ്പുവരുത്താൻ വേണ്ട പരിശോധന നടത്തുമെന്നും രണ്ടാഴ്ചകാലം ഇവരെ നിരീക്ഷിക്കുമെന്നും സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ കൊറോണ വൈറസിെൻറ പകർച്ച പൂർണമായും തടയുന്നതിെൻറ ഭാഗമായുള്ള മുൻകരുതൽ നടപടികളാണിത്. ഇതുവരെ സൗദിയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. ചൈനയിൽനിന്ന് നേരിട്ടും അല്ലാതെയും വരുന്നവരിൽനിന്ന് രോഗപ്പകർച്ച തടയാനുള്ള മുൻകരുതൽ നടപടികൾ സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ തുടരുകയാണ്. ജനുവരിൽ 20 മുതൽ ഫെബ്രുവരി രണ്ടുവരെ 62 സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കി. എല്ലാറ്റിെൻറയും ഫലം നെഗറ്റിവ് ആണ്. ചൈനയിൽനിന്ന് നേരിട്ടുള്ള വിമാനത്തിലെത്തിയ 3,152 യാത്രക്കാരെയും നേരിട്ടല്ലാത്ത സർവിസുകളിലെത്തിയ 868 യാത്രക്കാരെയും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.
ഇതിനായി കര, കടൽ, േവ്യാമ മാർഗമെത്തുന്ന യാത്രക്കാരെ അതത് പ്രവേശന കവാടങ്ങളിൽ കർശന നിരീക്ഷണത്തിനും പരിശോധനക്കും വിധേയമാക്കിവരുകയാണ്. ഇതിനായി മെഡിക്കൽ സംഘങ്ങളെ മുഴുവൻ സമയവും നിയോഗിച്ചിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളുള്ള ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്. പകർച്ചവ്യാധി വ്യാപനം തടയുന്നതിന് സൗദി അറേബ്യക്ക് വലിയ പരിചയസമ്പത്തും അതിനാവശ്യമായ സംവിധാനങ്ങളുമുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം ചൈനയിലെ ഗ്വാങ്ചോ പട്ടണത്തിലേക്ക് ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽനിന്നുള്ള വിമാന സർവിസുകൾ ഞായറാഴ്ച വൈകുന്നേരം മുതൽ നിർത്തിവെച്ചതായി സൗദി എയർലൈൻസ് വ്യക്തമാക്കി. ടിക്കറ്റ് എടുത്തവർക്ക് ഒരു റിയാൽപോലും കുറയാതെ റീഫണ്ട് ചെയ്യാൻ സാധിക്കുമെന്ന് ഒൗദ്യോഗിക വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.