മദീന: മലപ്പുറം പെരിന്തല്‍മണ്ണ മാനത്ത്മംഗലം സ്വദേശി ചാത്തോലിപ്പറമ്പില്‍ മമ്മദ് എഴുതി തയാറാക്കിയ ഖുര്‍ആന്‍ പ ്രതി മസ്ജിദുന്നബവിക്ക് കീഴിലുള്ള മര്‍ക്കസ് മഫ്തൂത്താത്തിലെക്ക് കൈമാറി. കൈയെഴുത്തുകള്‍ സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രമാണിത്. മര്‍ക്കസ് ഡയറക്ടര്‍ യാസര്‍ റദ്ദത്തല്ലാ അല്‍ സുബ്ഹി ഏറ്റുവാങ്ങി. മമ്മദിെൻറ പ്രയത്നത്തെ ഡയറക്ടർ അനുമോദിക്കുകയും നന്ദി പത്രം നൽകുകയും ചെയ്തു. കൈയെഴുത്തു പ്രതികള്‍ സൂക്ഷിച്ച എക്സിബിഷന്‍ സെൻറര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മമ്മദ് തയാറാക്കിയ ഖുര്‍ആനും കാണാം. ആറ് വര്‍ഷത്തെ നിരന്തര പ്രയത്നമാണിത് എന്ന് മമ്മദ് പറഞ്ഞു.
മദീന കിങ് ഫഹദ് ഖുര്‍ആന്‍ പ്രിൻറിംഗ് പ്രസില്‍ അച്ചടിക്കുന്ന അതേ ലിപിയിലും നിയമാവലിയിലും അത്ര തന്നെ പേജുകളിലുമാണ് കൈയെഴുത്ത് പൂര്‍ത്തീകരിച്ചത്. അറബിക് കാലിഗ്രഫി തയാറാക്കാനുപയോഗിക്കുന്ന പ്രത്യേകതരം പേനയും അനുബന്ധ സാമഗ്രികളും സൗദിയില്‍ നിന്നാണ് സംഘടിപ്പിച്ചത്. 604 പേജുകളിലായി തയാറാക്കിയ ഖുര്‍ആനിന് 94 സെ മീ. നീളവും ,64 സെ.മീ വീതിയും, 6.5 സെ മീ കനവും 27 കിലോഗ്രാം ഭാരവുമാണുള്ളത്. മദീനയിലെ എക്സിബിഷന്‍ സെൻററില്‍ നിലവിലുള്ള എല്ലാ കൈയെഴുത്ത് ഖുര്‍ആന്‍ പ്രതിയെക്കാളും വലിപ്പം കൂടിയതാണ് മമ്മദ് തയാറാക്കിയത്. 69 കാരനായ മമ്മദ് നീണ്ട 39 വര്‍ഷം കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ബി.എസ്.എന്‍.എലില്‍ ജോലി ചെയ്ത് ജെ ടി ഒ തസ്തികയില്‍ വിരമിക്കുകയായിരുന്നു. ഭാര്യ സുഹറ. മക്കള്‍ സമീര്‍, ഷബീര്‍( ഇരുവരും സൗദിയില്‍ ), സലീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.