റിയാദ്: എണ്ണവില കുത്തനെ ഇടിഞ്ഞ പശ്ചാത്തലത്തിൽ വ്യാഴാഴ്ച ഒപെക് ഉച്ചകോടി വിയന്നയിൽ നടക്കുന്നതിന് മന്നോടിയായി സൗദി, കുവൈത്ത്, അള്‍ജീരിയ, വെനിസുല, റഷ്യ, ഒമാന്‍ രാഷ്ട്രങ്ങള്‍ ബുധനാഴ്ച പ്രത്യേകയോഗം ചേരും. വിയന്നയിൽ തന്നെയാണീ യോഗം. പ്രമുഖ ഉല്‍പാദക രാഷ്ട്രമായ സൗദിയുടെ നീക്കം ഉച്ചകോടിയുടെ തീരുമാനത്തെ സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. സൗദി തീരുമാനത്തിന് റഷ്യയുടെ പിന്തുണ ലഭിച്ചേക്കും. 20 ശതമാനത്തോളം വിലയിടിവ് സംഭവിക്കുകയും കഴിഞ്ഞ 14 മാസത്തിനിടക്കുള്ള ഏറ്റവും കുറഞ്ഞ വിലയിലേക്ക് കൂപ്പു കുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഒപെക് ഉച്ചകോടി പ്രസക്തമാവുന്നത്.
എണ്ണക്ക് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 50 ഡോളര്‍ വരെ വിലയിടിവ് നേരിടുന്നുണ്ട്. വ്യാഴാഴ്ചയാണ് വിയന്നയില്‍ ഉച്ചകോടി. ഒപെകിന് പുറത്തുള്ള റഷ്യ ഉള്‍പ്പെടെ പ്രമുഖ രാജ്യങ്ങൾ ഉച്ചകോടിയില്‍ പങ്കെടുക്കും. 25 എണ്ണ ഉല്‍പാദക രാഷ്ട്രങ്ങള്‍ ഉച്ചകോടിക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉല്‍പാദന നിയന്ത്രണം ഫലം കാണാത്ത സാഹചര്യത്തില്‍ ഉല്‍പാദനം വലിയ തോതിൽ വെട്ടിക്കുറക്കുന്നതിനെക്കുറിച്ച് ഒപെകിനകത്തും പുറത്തുമുള്ള എണ്ണ കയറ്റുമതി രാഷ്ട്രങ്ങള്‍ ആലോചിച്ചേക്കും. വിപണിയില്‍ ആവശ്യത്തിലധികം സ്റ്റോക് ഉള്ളതാണ് വിലയിടിവിന് കാരണമെന്നാണ് പ്രത്യക്ഷ വിലയിരുത്തല്‍. ഉല്‍പാദന നിയന്ത്രണത്തിന് തങ്ങള്‍ തയാറാണെന്നും ഉച്ചകോടി ഈ തീരുമാനത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒമാന്‍ എണ്ണ മന്ത്രി മുഹമ്മദ് ബിന്‍ ഹമദ് അല്‍റുംഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.