അസീറിൽ പ്രവാസി സംഘടനകൾ ഏറ്റുമുട്ടലിലേക്ക്

ഖമീസ് മുശൈത്ത്: രാഷ്​ട്രീയ ലാഭത്തിന് വേണ്ടി എംബസി ഉദ്യോഗസ്ഥരെയും കോൺസുലേറ്റ് പ്രതിനിധികളെയും ഉപയോഗിക്കുന്നതും സി.സി.ഡബ്ല്യു മെമ്പർമാരെ തെരഞ്ഞെടുക്കുന്നതിലെ വിവേചനവും അസീറിൽ പ്രവാസി കൂട്ടായ്​മകൾക്കിടയിൽ വലിയ ഭിന്നതക്കും ​ചേരിപ്പോരിനും കാരണമാകുന്നു. ഒരു സംഘടനയുടെ പ്രതിനിധി അസീറിലെത്തുന്ന കോൺസുലേറ്റ്​ പ്രതിനിധികളെ  രാഷ്​ട്രീയലാഭത്തിന് വേണ്ടി  ഉപയോഗിക്കുന്നത് ഇതര സംഘടനകൾ ചോദ്യം ചെയ്യുകയാണിവിടെ. ഇതര സംഘടനകൾക്ക്​ ഏറ്റടുക്കുന്ന വിഷയങ്ങൾ കോൺസുലേറ്റ് പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിക്കാൻ അവസരം കിട്ടാത്ത അവസ്​ഥ ഉണ്ട്​. പൊതുവായ വാട്​സാപ്​ ഗ്രൂപ്പ് ഉണ്ടങ്കിലും അതിൽ പോലും കോൺസുലേറ്റ്​ അധികൃതരുടെ  സന്ദർശന വിവരം മറച്ചുവെക്കുകയാണ് എന്ന്​ ആരോപണമുണ്ട്​. ഇത് കാരണം ബുദ്ധിമുട്ടുന്നത്  കഷ്​ടത അനുഭവിക്കുന്ന പ്രവാസികൾ ആണ്. 

പ്രവാസികളെ സഹായിക്കുന്നതിന് കോൺസുലേറ്റ് ചുമതലപ്പെടുത്തുന്ന സി.സി.ഡബ്ല്യു മെമ്പർമാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് അബ്ഹയിലും നജ്റാനിലും നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്​. കഴിഞ്ഞ ദിവസം നജ്റാനിൽ ഒരു സംഘനയുടെ മൂന്ന് പ്രതിനിധികൾക്ക് സി.സി.ഡബ്ല്യു മെമ്പർ സ്ഥാനം നൽകിയതിൽ ചില ‘കളികൾ’ നടന്നു എന്ന് ആരോപണമുണ്ട്. ഇതിനെ തുടർന്ന് ചില സംഘടനകൾ കോൺസുലേറ്റ് സന്ദർശനം ബഹിഷ്കരിച്ചു. ഇവർ കോൺസുലേറ്റിനും എംബസിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ്​. അബ്ഹയിൽ യാതൊരു പ്രവർത്തനത്തിലും ഏർപെടാത്തവരെയും സ്ഥിരമായി നാട്ടിൽ നിൽക്കുന്നവരെയും പരിഗണിക്കുകയും കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നവരെ അവഗണിക്കുകയും ചെയ്യുന്നു. ഇതെല്ലാം സംഘടനകൾക്കിടയിൽ വലിയ വിള്ളലിന്​ ഇടയാക്കിയിട്ടുണ്ട്​. ഒരേ ദിവസം വിവിധ സംഘടനകൾ ഒരേ പരിപാടി ഒരു പ്രദേശത്ത് വെക്കുന്നതും  സംഘടനകൾ തമ്മിൽ പോരിനു കാരണമാകുന്നു. പെരുന്നാൾ ദിനത്തിൽ രണ്ട് സംഘടനകൾ ഫുട്ബാൾ മൽസരം നടത്താൻ തീരുമാനിച്ച നടപടിയിൽ ഫുട്ബാൾ ക്ലബുകളും പ്രവാസികളും ആശങ്ക രേഖപ്പെടുത്തി.

കൈരളി കലാസാംസ്കാരിക വേദി, പ്രതിഭ സാംസ്കാരികവേദി എന്നീ സംഘടനകൾ  വർഷങ്ങളായി നജ്​റാനിൽ  എത്തുന്ന കോൺസുലേറ്റ്​ ഉദ്യോഗസ്​ഥരെ സഹായിക്കുന്ന സന്നദ്ധ സംഘടനകളാണ്​. എന്നാൽ ഇവർക്ക്​ ഒരു അംഗീകാരവും അധികൃതർ നൽകുന്നില്ല. കോൺസൽ ജനറൽ നജ്​റാൻ സന്ദർശിച്ച അവസരത്തിൽ എല്ലാ സാമൂഹിക സംഘടനകൾക്കും അവരുടെ പ്രവർത്തനങ്ങൾക്ക്  അംഗീകാരമെന്ന നിലയിൽ സി.സി.ഡബ്​ളിയു അംഗത്വം നൽകാമെന്ന് വാക്കു നൽകിയിരുന്നു. എന്നാൽ ഏകപക്ഷീയമായി ഒരു സാമൂഹിക സംഘടനക്ക്​ മാത്രം മൂന്ന്​ സി.സി.ബ്​ളിയു മെമ്പർമാരെ  നൽകിയ നടപടിയിൽ പ്രതിഷേധിച്ച്  വെള്ളിയാഴ്ച  നടന്ന കോൺസുലേറ്റ് ഹെൽപ്പ് ഡസ്​ക്​ കൈരളി കലാസാംസ്കാരിക വേദിയും, പ്രതിഭ സാംസ്കാരികവേദിയും ബഹിഷ്​കരിച്ചു.  ഒരു സംഘടനക്ക്​  ഒരു സി.സി.ബ്​ളിയു പ്രതിനിധി എന്ന തോതിൽ തുല്യത പാലിക്കുന്നതും എല്ലാ സംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി  വാട്​സ്​ ആപ്​ ഗ്രൂപ്പ് ഉണ്ടാക്കുന്നതും കോൺസുലേറ്റ് പ്രതിനിധികളുടെ സന്ദർശനം ആഗ്രൂപ്പിൽ അറിയിക്കുന്നതും പ്രശ്നങ്ങൾ ഒഴിവാക്കാൻ  ഇടയാക്കുമെന്ന്​  എന്ന് സംഘടന പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

Tags:    
News Summary - saudi mayalalees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.