സി.​പി. സൈ​ത​ല​വി

സൗദി കെ.എം.സി.സി എൻജി.സി. ഹാഷിം അവാർഡ് സി.പി. സൈതലവിക്ക്

ജിദ്ദ: ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിനും സാമൂഹിക സാംസ്‌കാരിക രംഗത്തെ സമഗ്രസംഭാവനകള്‍ക്കും സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ നാലാമത് എൻജി. സി. ഹാഷിം അവാര്‍ഡ് പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ഗ്രന്ഥകാരനും കോളമിസ്റ്റും പ്രഭാഷകനും ചന്ദ്രിക മുന്‍ പത്രാധിപരുമായ സി.പി. സൈതലവിക്ക് നല്‍കുമെന്ന് ഭാരവാഹികൾ ജിദ്ദയിൽ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്.

സൗദി കെ.എം.സി.സിയുടെ വളര്‍ച്ചയില്‍ നിർണായക പങ്കുവഹിച്ചിരുന്ന നേതാവ് എൻജി. സി. ഹാഷിമിന്റെ ഓർമക്കായാണ് അവാർഡ് ഏർപ്പെടുത്തിയത്. ഡോ. പുത്തൂര്‍ റഹ്മാന്‍, എസ്.എ.എം. ബഷീര്‍, ഇ. റഈസ് അഹമ്മദ് എന്നിവരടങ്ങുന്ന ജൂറിയാണ് ഇക്കൊല്ലത്തെ പുരസ്‌കാരത്തിന് സി.പി. സൈതലവിയെ തിരഞ്ഞെടുത്തത്. മുന്‍വര്‍ഷങ്ങളില്‍ എം.സി. വടകര, എം.ഐ. തങ്ങള്‍, പ്രഫ. കെ.എം. ഖാദര്‍ മൊയ്തീന്‍ എന്നിവര്‍ക്കായിരുന്നു പുരസ്‌കാരം.

മുസ്‌ലിംലീഗ് ദേശീയ കൗണ്‍സിലംഗം, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം, കാലിക്കറ്റ് എയര്‍പോര്‍ട്ട് അഡ്വൈസറി കമ്മിറ്റി അംഗം തുടങ്ങി വിവിധ സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പ്രവര്‍ത്തിക്കുന്ന സി.പി. സൈതലവി നാല് പതിറ്റാണ്ടിലേറെയായി പത്രപ്രവർത്തന രംഗത്തുണ്ട്.ദീര്‍ഘകാലമായി മക്കരപറമ്പ് മഹല്ല് പ്രസിഡന്റാണ്. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍, സ്‌കോള്‍ കേരള ജനറല്‍ കൗണ്‍സില്‍ അംഗം, സംസ്ഥാന സാക്ഷരത മിഷന്‍ ഗവേണിങ് ബോഡി അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

ഓര്‍മയുടെ തലക്കെട്ടുകള്‍, സീതിസാഹിബ്; വഴിയും വെളിച്ചവും, അടയാത്ത വാതില്‍, മതം, സമൂഹം, സംസ്‌കാരം ശിഹാബ് തങ്ങള്‍ (സമാഹാരം) തുടങ്ങി വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഈയിടെ പുറത്തിറങ്ങിയ ഇ. അഹമ്മദ് ചരിത്ര ഗവേഷണ ഗ്രന്ഥത്തിന്റെ എഡിറ്ററാണ്. ചന്ദ്രികയിലെ എഴുതാപ്പുറം എന്ന പംക്തി ഉള്‍പ്പെടെ ആയിരത്തില്‍പരം രാഷ്ട്രീയ സാമൂഹിക ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. മക്കരപറമ്പ് ഹൈസ്‌കൂള്‍ യൂനിറ്റ് എം.എസ്.എഫ് പ്രവര്‍ത്തകനായി പൊതുരംഗത്തെത്തിയ അദ്ദേഹം മലപ്പുറം ജില്ല എം.എസ്.എഫ് സെക്രട്ടറി, ട്രഷറര്‍, ജില്ല യൂത്ത്‌ലീഗ് പ്രസിഡന്റ്, മക്കരപ്പറമ്പ് പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മലപ്പുറം പ്രസ്‌ക്ലബ് പ്രസിഡന്റ്, സെക്രട്ടറി, ജില്ല യൂത്ത്‌ ലീഗ് സാമൂഹിക പഠനകേന്ദ്രം ഡയറക്ടര്‍, മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സീതിസാഹിബ് പഠനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

മക്കരപ്പറമ്പിലെ പരേതരായ ചിരുതപറമ്പില്‍ ഉണ്ണിക്കോയ, പട്ടിക്കാടന്‍ പാത്തുമ്മ എന്നിവരാണ് മാതാപിതാക്കള്‍.ഭാര്യ പ്രസീന. മക്കള്‍: ആഫ്താബ് ദാനിഷ്, അദീബ്‌ റഷ്ദാന്‍, അഫ്ഹം ജരീഷ്, അര്‍ഹം ദര്‍വീശ്. കെ.എം.സി.സി ഭാരവാഹികളായ കെ.പി. മുഹമ്മദ്കുട്ടി, ഖാദര്‍ ചെങ്കള, അഷ്റഫ് വേങ്ങാട്ട്, കുഞ്ഞിമോന്‍ കാക്കിയ, അഹ്മദ് പാളയാട്ട്, അരിമ്പ്ര അബൂബക്കര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Saudi KMCC NGC Hashim Award For C.P. Saitalavik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.