ജിദ്ദയിൽ യുക്രെയ്ൻ പ്രസിഡൻറ് വൊളോദിമിർ സെലൻസ്കിയെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചപ്പോൾ
ജിദ്ദ: റഷ്യയുമായുള്ള സംഘർഷം മൂലമുള്ള യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും ഞങ്ങൾ പിന്തുണക്കുന്നുവെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
ഔദ്യോഗിക സന്ദർശനത്തിന് സൗദിയിലെത്തിയ യുക്രെയ്ൻ പ്രസിഡൻറ് വൊളോദിമിർ സെലൻസ്കിയെ ജിദ്ദയിലെ സലാം കൊട്ടാരത്തിൽ സ്വീകരിച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് കിരീടാവകാശി നിലപാട് വ്യക്തമാക്കിയത്. യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിനും സമാധാനത്തിലെത്തുന്നതിനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് സൗദിയുടെ മുൻകൈയും താൽപര്യവും പിന്തുണയും കിരീടാവകാശി വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വശങ്ങൾ അവലോകനം ചെയ്യുകയും യുക്രെയ്നിയൻ പ്രതിസന്ധിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയുംചെയ്തു.
അതേസമയം, മേഖലയിലും ലോകത്തുമുള്ള സൗദി അറേബ്യയുടെ നിർണായക പങ്ക് യുക്രെയ്ൻ പ്രസിഡൻറ് ചൂണ്ടിക്കാട്ടി. തന്റെ രാജ്യത്തിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിന് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചു. സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിനുള്ള ചട്ടക്കൂടിനുള്ളിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പ്രയത്നങ്ങൾ തന്റെ രാജ്യത്തെ യഥാർഥ സമാധാനത്തിനുള്ള അവസരങ്ങളിലേക്ക് അടുപ്പിക്കുന്നതായി യുക്രെയ്ൻ പ്രസിഡൻറ് വിശേഷിപ്പിച്ചു.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായുള്ളത് ക്രിയാത്മക ചർച്ചകളാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം സെലൻസ്കി വ്യക്തമാക്കി. സൗദിയുടെ മധ്യസ്ഥ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. യുക്രെയ്നിനുള്ള പിന്തുണക്ക് കിരീടാവകാശിയോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.