സൗദിയിൽ വീട്ടുജോലിക്കാരെയും കരാറും ഇൻഷുർ ചെയ്യാൻ പദ്ധതി വരുന്നു

ജിദ്ദ: ഓടിപ്പോകുകയോ ജോലി തുടരാൻ വിസമ്മതിക്കുകയോ കരാർ കാലാവധി പൂർത്തിയാക്കാൻ തയ്യാറാകാതിരിക്കുകയോ ചെയ്യുന്ന വീട്ടുജോലിക്കാർക്കെതിരെ തൊഴിലുടമക്ക് നഷ്ടപരിഹാരമായി ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്താൻ ആലോചിക്കുന്നതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 500 റിയാലിൽ താഴെ പ്രീമിയത്തോടെ രണ്ട് വർഷത്തേക്കായിരിക്കും പോളിസി കാലാവധി. ഇക്കാര്യത്തിൽ ആവശ്യമായ പഠനങ്ങൾ നടത്തിയ ശേഷം സൗദി സെൻട്രൽ ബാങ്കുമായി സഹകരിച്ച് മന്ത്രാലയം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

വീട്ടുജോലിക്കാർ ഓടിപ്പോവുകയോ, തൊഴിൽ കരാറിന്‍റെ പ്രാരംഭ മൂന്ന് മാസ കാലയളവ് കഴിഞ്ഞ ശേഷം ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ചെയ്താൽ റിക്രൂട്ട്‌മെന്‍റ്​  ചെലവുകളുടെ മൂല്യത്തിന് തുല്യമായ തുക ഇൻഷുറൻസ് കമ്പനികൾ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരമായി നൽകണം. സ്‌പോൺസർ പണം നൽകിയില്ലെങ്കിൽ വീട്ടുജോലിക്കാരുടെ ശമ്പള കുടിശികയ്‌ക്കുള്ള നഷ്ടപരിഹാരവും ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെടുന്നു.

റിക്രൂട്ട്‌മെന്‍റ്​ കരാർ ഇൻഷൂർ ചെയ്യൽ നിർബന്ധമില്ല. എന്നാൽ, വീട്ടുജോലിക്കാരെ നിയമിക്കാൻ ആഗ്രഹിക്കുന്ന തൊഴിലുടമ ആഗ്രഹിക്കുന്നെങ്കിൽ കരാറും ഇൻഷൂർ ചെയ്യാവുന്നതാണ്. വീട്ടുജോലിക്കാരുടെ ശമ്പളം പതിവായി അടക്കുന്നതുൾപ്പെടെ പോളിസിയുടെ നിബന്ധനകൾ സ്പോൺസർ കൃത്യമായി പാലിക്കുന്ന പക്ഷം ഇൻഷുറൻസ് പോളിസി പുതുക്കുന്ന സമയത്ത് ഇളവുകൾ ലഭിക്കും.

ഗാർഹിക തൊഴിലാളി നിയമത്തിലെ ആർട്ടിക്കിൾ ആറ് അനുസരിച്ച് വീട്ടുജോലിക്കാർ തങ്ങൾ സമ്മതിച്ച ജോലി നിർവഹിക്കുന്നതിനും ബന്ധപ്പെട്ട വ്യക്തികളെ പരിപാലിക്കുന്നതിനും തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് സംരക്ഷിക്കുന്നതിനും ബാധ്യസ്ഥരാണ്. തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും നിർദേശങ്ങൾ പാലിക്കണം.

നിയമാനുസൃതമായ കാരണമില്ലാതെ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ജോലി ഉപേക്ഷിക്കാനോ പാടില്ല. കുട്ടികൾ, വൃദ്ധർ എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ഉപദ്രവിക്കാൻ പാടില്ല. തൊഴിലുടമ, കുടുംബാംഗങ്ങൾ, വീട്ടിൽ താമസിക്കുന്ന മറ്റ് അംഗങ്ങൾ എന്നിവരുടെ രഹസ്യങ്ങൾ  സൂക്ഷിക്കണം. ജോലിക്കാർ സ്വന്തം തീരുമാനങ്ങളിൽ പ്രവർത്തിക്കരുത്. തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും അന്തസ്സിന് ഹാനികരമായ ഒരു കാര്യത്തിലും ഏർപ്പെടരുത്. കൂടാതെ, മതത്തെ മാനിക്കുകയും രാജ്യത്ത് പ്രാബല്യത്തിൽ വരുന്ന ചട്ടങ്ങളും സൗദി സമൂഹത്തിന്‍റെ ആചാരങ്ങളും പാരമ്പര്യങ്ങളും പാലിക്കുകയും കുടുംബത്തെ ദ്രോഹിക്കുന്ന ഒരു പ്രവർത്തനത്തിലും ഏർപ്പെടാതിരിക്കുകയും വേണമെന്നും നിയമം നിഷ്കർഷിക്കുന്നുണ്ട്.

Tags:    
News Summary - Saudi Arabia plans to insure domestic workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.