റിയാദിൽ നടന്ന ഫിലോസഫി കോൺഫറൻസിൽ സൗദി സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന കമീഷൻ സി.ഇ.ഒ ഡോ. മുഹമ്മദ് ഹസൻ അൽവാൻ സംസാരിക്കുന്നു

ബൗദ്ധിക ജിജ്ഞാസയുടെ വാതിലുകൾ തുറന്ന അന്താരാഷ്ട്ര ഫിലോസഫിക്കൽ കോൺഫറൻസിന് സമാപനം

റിയാദ്: ബഹിരാകാശ തത്വശാസ്ത്രവും ഗ്രഹപര്യവേക്ഷണ സാധ്യതകളും ചർച്ച ചെയ്ത ത്രിദിന അന്താരാഷ്ട്ര ഫിലോസഫിക്കൽ കോൺഫറൻസ് സമാപിച്ചു. സൗദി സംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന കമീഷൻ റിയാദിൽ സംഘടിപ്പിച്ച കോൺഫറൻസിൽ 19 രാജ്യങ്ങളിൽനിന്നുള്ള 70-ലധികം വിദഗ്ധർ പ്രഭാഷകരായി. 'അറിവും പര്യവേക്ഷണവും; ബഹിരാകാശം, സമയം, മാനവികത' എന്നതായിരുന്നു കോൺഫറൻസിന്റെ പ്രമേയം.

ചർച്ചകൾ കേൾക്കാൻ കിങ് ഫഹദ് നാഷനൽ ലൈബ്രറി ഹാളിൽ 2,700-ലധികം പേർ ഒത്തുകൂടി. അന്വേഷണ പാതകൾ വെട്ടിത്തുറക്കാനും പുതിയ ബന്ധങ്ങൾക്ക് തുടക്കമിടാനും കോൺഫറൻസിലൂടെ സാധിച്ചതായി കമീഷൻ ജനറൽ മാനേജർ ഖാലിദ് അൽ-സമീതി പറഞ്ഞു. യു.എസ്, ബ്രിട്ടൻ, മെക്സിക്കോ, യു.എ.ഇ, ഇറ്റലി, ജർമനി, സിംഗപ്പൂർ അടക്കമുള്ള രാജ്യങ്ങളിൽ നിന്നെത്തിയ പ്രമുഖരാണ് സെഷനുകൾ കൈകാര്യം ചെയ്തത്. വർക് ഷോപ്പുകൾ, പാനൽ സംവാദങ്ങൾ, പ്ലീനറി ചർച്ചകൾ എന്നിവ സമ്മേളനത്തെ സമഗ്രമാക്കിയതായി മാധ്യമങ്ങൾ വിലയിരുത്തി. പരിപാടികളുടെ തത്സമയ സംപ്രേഷണം 10 ലക്ഷത്തോളം പേരാണ് വീക്ഷിച്ചത്. മനുഷ്യൻ എന്തിന് ബഹിരാകാശ പര്യവേക്ഷണം നടത്തണം?, പര്യവേക്ഷണത്തിന്റെ അനന്തര ഫലങ്ങൾ എന്താകാം?, ഇതര ഗ്രഹ കുടിയേറ്റം സാധ്യമാണോ? എന്നതടക്കമുള്ള വിഷയങ്ങളാണ് പ്രധാന വേദിയിലെ പ്ലീനറി സെഷനുകളിൽ ചർച്ചയായത്.


അക്കാദമിക് കോൺഫറൻസുകളിൽ സാധാരണ കാണാത്ത വൈവിധ്യമാർന്ന ചർച്ചകളാണ് സമ്മേളനത്തിൽ നടന്നത്. അക്കാദമിക വിദഗ്ധരെയും ബഹിരാകാശ തത്വചിന്ത കുതുകികളെയും കൂടാതെ നിക്ഷേപ ബാങ്കർമാരും എണ്ണ വ്യവസായത്തിൽ പ്രവർത്തിക്കുന്നവരും ഇത്തവണത്തെ കോൺഫറൻസിൽ പങ്കെടുത്തു. പ്രേക്ഷകരിൽ നിന്നുയർന്ന സംശയങ്ങളും സങ്കീർണമായ ചോദ്യങ്ങളും തന്നെ ആകർഷിച്ചതായി ആദ്യത്തെയും ഇപ്പോഴത്തെയും കോൺഫറൻസുകളിൽ പങ്കെടുത്ത യു.എസ് പെൻ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ ഫിലോസഫി പ്രഫസർ നിക്കോളാസ് ഡി വാറൻ പറഞ്ഞു.

മനുഷ്യ ജീവിത രീതികൾക്കപ്പുറം പ്രപഞ്ചത്തിൽ മറ്റ് ജീവിത രൂപങ്ങളുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെയാണ് അതുമായി മനുഷ്യൻ സമ്പർക്കം പുലർത്തുക? ഇതര ഗ്രഹങ്ങളിൽ ഏതിലെങ്കിലും ബുദ്ധിപരമായ ജീവിത രൂപങ്ങളും നാഗരികതകളും ഉണ്ടെന്ന് കണ്ടെത്തിയാൽ അത് എന്തിനെ പ്രതിനിധീകരിക്കും? എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകൾക്കാണ് ഡീ വാറൻ നേതൃത്വം നൽകിയത്. 'വരികൾക്കിടയിലെ വായന' എന്ന വിഷയത്തിൽ നടത്തിയ ദ്വിദിന സംവാദത്തിലും സമ്മേളന ഹാളിന് പുറത്തുനടന്ന കഫെ സെഷനിലും സൗദിയിലെ കോളജ് വിദ്യാർഥികൾ പങ്കെടുത്തു. നിർമിതബുദ്ധിയുടെ വികാസത്തെ കുറിച്ചുള്ള ധാർമിക ആശങ്ക അതിശയോക്തിപരമാണോ എന്നതടക്കമുള്ള ചർച്ചയിൽ അവരുടെ സജീവ പങ്കാളിത്തമാണുണ്ടായത്.

അന്താരാഷ്ട്ര സർവകലാശാലകൾ, ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഫിലോസഫിക്കൽ സൊസൈറ്റീസ് എന്നിവ കൂടാതെ സൗദി സ്പേസ് കമീഷൻ, ബസീറ, സൗദി സെന്റർ ഓഫ് ഫിലോസഫി ആൻഡ്​ എത്തിക്‌സ്, മെക്കൽ ഫിലോസഫി ക്ലബ്, സൗദി ഫിലോസഫി അസോസിയേഷൻ എന്നിങ്ങനെ തത്ത്വചിന്തകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി സൗദി സംഘടനകൾ കോൺഫറൻസിൽ പങ്കാളികളായി.

Tags:    
News Summary - Saudi arabia philosophical congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.