സൗദി സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗദി കപ്പ് കുതിരയോട്ടമത്സരം നടന്നയിടത്ത് പരമ്പരാഗത
വേഷവിധാനങ്ങളിൽ ആളുകളെ വരവേൽക്കാൻ അണിനിരന്നവർ
റിയാദ്: രാജ്യമെങ്ങും സ്ഥാപകദിനം ആഘോഷിച്ച് സൗദി അറേബ്യ. 1727 ഫെബ്രുവരി 22ന് ഇമാം മുഹമ്മദ് ബിൻ സഊദിന്റെ കൈകളാൽ ആദ്യ സൗദി രാഷ്ട്രം സ്ഥാപിക്കപ്പെട്ടതിന്റെ വാർഷികദിനത്തിൽ വിപുലമായ ആഘോഷ പരിപാടികൾക്കാണ് രാജ്യം സാക്ഷ്യംവഹിച്ചത്.
സൗദി ഭരണകൂടത്തിന്റെ ഉറച്ച വേരുകളിലും ആധികാരിക മൂല്യങ്ങളിലും ചരിത്രപരമായ ആഴത്തിലും ഉറച്ച നിലപാടിലും രാജ്യനിവാസികൾ ഒന്നടങ്കം ഒരിക്കൽകൂടി അഭിമാനം പ്രകടിപ്പിച്ചു. മൂന്നു നൂറ്റാണ്ടുകൾക്കുമുമ്പ് ദറഇയ തലസ്ഥാനമാക്കി ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിതമായത് മുതൽ അതിലെ പൗരന്മാരും ഭരണാധികാരികളും തമ്മിലുള്ള അടുത്ത ബന്ധങ്ങൾ അവർ അനുസ്മരിച്ചു.
പിന്നിട്ട ഭരണാധികാരികളുടെ കാലത്ത് സൗദിയിലുണ്ടായ വികസനവും വളർച്ചയും ആഗോളതലത്തിൽ നേടിയ കീർത്തിയും അവർ അയവിറക്കി. മൂന്ന് നൂറ്റാണ്ടുകൾ കൊണ്ടുനടന്ന, ചരിത്രത്തിൽ അനശ്വരമാക്കപ്പെട്ട, അറേബ്യൻ ഉപദ്വീപിലും ലോകമെമ്പാടും അതിന്റെ നാഴികക്കല്ലുകൾ ദൃശ്യമാകുകയും ചെയ്ത സംഭവങ്ങളും സാഹചര്യങ്ങളും ഓർമിക്കാനുള്ള അവസരമാക്കി. തങ്ങളുടെ മനസ്സാക്ഷിയിലെ പ്രിയപ്പെട്ട ഓർമദിനമായി അവർ സ്ഥാപകദിനം ആഘോഷിച്ചു.
സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ സംഭവങ്ങളുടെ സമ്പന്നമായ റെക്കോഡ് നേട്ടം കൈവരിച്ച് പുരോഗതിയുടെ പാതയിൽ മുന്നേറികൊണ്ടിരിക്കുന്ന സൗദിയിൽ ഇമാം മുഹമ്മദ് ബിൻ സഊദ് സ്ഥാപിച്ച മഹത്തായ ചരിത്ര പൈതൃകത്തിന്റെ സ്മരണ പുതുക്കിയ വൈവിധ്യമാർന്ന പരിപാടികളാണ് രാജ്യമെങ്ങും അരങ്ങേറിയത്. മൂന്നു നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഓർമകളും ചരിത്രത്തിലെ അനശ്വരമായ സംഭവങ്ങളും സാഹചര്യങ്ങളും ഓർമിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് രാജ്യത്തെ വിവിധ നഗരങ്ങൾ വേദിയായി.
സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന തോരണങ്ങളാലും പോസ്റ്ററുകളാലും പതാകകളാലും കെട്ടിടങ്ങളെല്ലാം അലങ്കരിക്കപ്പെട്ടു. സമൃദ്ധിയിലൂടെയും പ്രയാസങ്ങളിലൂടെയും രാജ്യം കടന്നുപോയ കാലത്തിന്റെ അധ്യായങ്ങൾ തുറപ്പിക്കുന്ന ചിത്രങ്ങളുടെ പ്രദർശനങ്ങൾ നടന്നു. കവിയരങ്ങും പരമ്പരാഗത കലാപ്രകടനങ്ങളും മാരത്തണും (കൂട്ടയോട്ട പരിപാടികളും) അരങ്ങേറി. മ്യൂസിയങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.
രാജ്യത്തിന്റെ പുരാതന പൈതൃകവുമായുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന വസ്ത്രങ്ങളണിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ തങ്ങളുടെ രാജ്യത്തോടും ഭരണാധികാരികളോടുമുള്ള സ്നേഹവും ബന്ധവും ഊട്ടിയുറപ്പിച്ചു. 2025ലെ സൗദി കപ്പ് ആറാം പതിപ്പിൽ കുതിരപ്പന്തയത്തിൽ പരമ്പരാഗത വേഷവിധാനങ്ങളിൽ ആളുകൾ പങ്കെടുക്കാനെത്തിയത് ശ്രദ്ധേയമായി. ആധികാരികതയും ചരിത്രവും പ്രകടിപ്പിക്കുന്ന വസ്ത്രത്തിൽ അവർ തിളങ്ങി. വെടിക്കെട്ടും ഘോഷയാത്രകളും ആഘോഷത്തിന്റെ പൊലിമ കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.