ജിദ്ദയില്‍ പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേൻ റീജിയൻ കമ്മിറ്റി സംഘടിപ്പിച്ച ചര്‍ച്ചാ സദസ്സില്‍ ഹമീദ് വാണിയമ്പലം സംസാരിക്കുന്നു

സംഘ്പരിവാറിന്റെ സാംസ്‌കാരിക ദേശീയത രാഷ്ട്രീയ ദേശീയതയെക്കാൾ ഏറെ അപകടകരം -ഹമീദ് വാണിയമ്പലം

ജിദ്ദ: സംഘ്പരിവാറിന്റെ സാംസ്‌കാരിക ദേശീയത രാഷ്ട്രീയ ദേശീയതയെക്കാൾ അപകടകരമാണെന്നും കേവലം തെരഞ്ഞെടുപ്പിലൂടെ മാത്രം അതിജയിക്കാൻ കഴിയുന്ന ഒന്നല്ല അതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ജിദ്ദയില്‍ പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേൻ റീജിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാംസ്കാരിക ദേശീയതയിലൂടെ രാജ്യത്ത് സ്ഥാപിതമാകുന്ന അധീശവ്യവസ്ഥയെ പ്രതിരോധിക്കാനുള്ള ഏകമാര്‍ഗം ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുകയാണ്. ഇതിനുള്ള പ്രായോഗിക മാര്‍ഗമെന്ന നിലയില്‍ ജാതി സെന്‍സസിനായുള്ള ആവശ്യം മതേതര രാഷ്ട്രീയ കക്ഷികള്‍ സജീവമാക്കണം. ഭഗവത്ഗീതയുടേയും മനുസ്മൃതിയുടേയും പേരുപറഞ്ഞ് കീഴാള ജാതികളെ ഹിന്ദുത്വയുടെ പേരില്‍ ഏകോപിപ്പിക്കാനുള്ള സംഘ് പരിവാറിന്റെ ശ്രമത്തെ നൂറ്റാണ്ടുകളായി അവര്‍ അനുഭവിക്കുന്ന കൊടിയ അനീതികളെക്കുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ടേ തടയാനാകൂ എന്നും ഇതിന് ജാതി സെന്‍സസ് എന്ന ആവശ്യം ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അധികാര നഷ്ടം ഇന്ത്യയിലെ ഫാസിസത്തെ ഇല്ലാതാക്കില്ല. അധികാരത്തില്‍നിന്ന് പുറത്തുപോയാലും സാംസ്‌കാരിക ഫാസിസം ഒരു ഡീപ് സ്റ്റേറ്റായി ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കും. ഇന്ത്യന്‍ പൊതുബോധത്തില്‍ ജാതീയതയെ സ്ഥിരമായി പ്രതിഷ്ഠിക്കാന്‍ സവര്‍ണബ്രാഹ്‌മണ്യത്തിന് കഴിഞ്ഞിട്ടുണ്ട്. ഇരകള്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് ഉപബോധമനസ്സില്‍ ജാതി പ്രവര്‍ത്തിക്കുന്നത്. ഭരണമാറ്റം കൊണ്ടുമാത്രം ഇതിന് അറുതി വരുത്താനാവില്ലെന്നും എല്ലാറ്റിനും പുതിയ വ്യാഖ്യാനങ്ങള്‍ ചമച്ച് രൂപപ്പെടുത്തിയെടുക്കുന്ന പൊതുബോധ നിര്‍മിതിയിലൂടെ ഇരകള്‍പോലും വേട്ടക്കാരന് വേണ്ടി സംസാരിക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബ്രാഹ്‌മണ്യ വ്യവസ്ഥിതിയില്‍ എല്ലാവരും തുല്യരല്ല. ജന്മം കൊണ്ട് മഹത്വവും അധമത്വവും തീരുമാനിക്കപ്പെടുന്നു. ജാതിവിവേചനത്തെ മഹത്വവത്കരിക്കുകയാണ് സവര്‍ക്കറും ഹെഗ്‌ഡെവാറും ഗോള്‍വാള്‍ക്കറും ചെയ്തത്. ആര്യവിശുദ്ധിയാണ് വര്‍ഗീയ ഫാസിസത്തിന്റെ അടിസ്ഥാനം. ഇതിനെ തൂത്തെറിയാന്‍ കഴിയാത്തത് തെറ്റായ പൊതുബോധ നിര്‍മിതി കാരണമാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടനയെ ഫ്രീസറില്‍ വെക്കുകയാണ് മതേതര രാഷ്ട്രീയകക്ഷികള്‍ ചെയ്തത്. ഇത് ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ മേധാവിത്വം ഉണ്ടാക്കാന്‍ ആര്‍.എസ്.എസിന് സഹായകമായെന്നും ഹമീദ് വാണിയമ്പലം ചൂണ്ടിക്കാട്ടി.

അബൂബക്കര്‍ അരിമ്പ്ര, മാമദു പൊന്നാനി, വി.പി മുസ്തഫ, നാസര്‍ വെളിയംകോട്, മുസാഫിര്‍, എ.എം സജിത്ത്, കബീര്‍ കൊണ്ടോട്ടി, അസീസ് പട്ടാമ്പി, മിര്‍സ ശരീഫ്, സലീന മുസാഫിര്‍, മുംതാസ് പാലൊളി, രാധാകൃഷ്ണന്‍ കാവുമ്പായി, വാസു തിരൂര്‍, റഷീദ് കടവത്തൂർ, ഹിഫ്‌സുറഹ്‌മാന്‍, വീരാന്‍കുട്ടി കോയിസ്സൻ, അശ്‌റഫ് വള്ളിക്കുന്ന് എന്നിവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേൻ മേഖല പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ അധ്യക്ഷത വഹിച്ചു. അശ്‌റഫ് കണ്ണൂര്‍ സ്വാഗതവും യൂസഫ് പരപ്പന്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - Sangh Parivar cultural nationalism is more dangerous than political nationalism says Hameed Vaniyambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.