സൗദിയില്‍ ഇന്ത്യന്‍ അരിക്ക് വില കുറഞ്ഞു 

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന അരി വിലയില്‍ 39 ശതമാനം കുറവ് അനുഭവപ്പെട്ടതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറക്കുമതി ചെലവില്‍ 21 ശതമാനം കുറവ് വന്നതും കയറ്റി അയക്കുന്ന പ്രദേശത്ത് ഉല്‍പാദനത്തിന് വിലയിടിവുണ്ടായതുമാണ് വിപണിയില്‍ അരി വില കുറയാന്‍ കാരണമായതെന്ന് വാണിജ്യ വൃത്തങ്ങള്‍ വ്യക്തമാക്കി. സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന അരിയുടെ 69 ശതമാനം ഇന്ത്യയില്‍ നിന്നാണെന്നാണ് കണക്ക്. തൊട്ടടുത്ത സ്ഥാനം 11 ശതമാനം ഇറക്കുമതി ചെയ്യുന്ന പാകിസ്താനാണ്. 2014 നവംബറിനെ അപേക്ഷിച്ച് 2016 ഒക്ടോബറില്‍ ഇറക്കുമതി ചെലവില്‍ നാലിലൊന്ന് കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014 ഒക്ടോബര്‍ അവസാനത്തില്‍ ഒരു കിലോ അരിക്ക് 4.24 റിയാല്‍ ഇറക്കുമതി നിരക്കുണ്ടായിരുന്നത് 2016 ആഗസ്റ്റില്‍ 3.17 ആയി കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം മേയ് മാസത്തിലാണ് ഏറ്റവും കുറഞ്ഞ ഇറക്കുമതി നിരക്ക് രേഖപ്പെടുത്തിയത്. കിലോക്ക് 2.92 റിയാല്‍. വര്‍ഷത്തില്‍ 1.66 ദശലക്ഷം ടണ്‍ അരി വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിനായി 5.83 ബില്യന്‍ റിയാല്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. വിപണിയില്‍ ഇത് ഏറ്റവും കൂടുതല്‍ വില്‍പനയാവുന്നത് റമദാനോടനുബന്ധിച്ചുള്ള മാസങ്ങളിലാണ്. ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്ന ബസ്മതി അരിയാണ് വിപണിയില്‍ ഏറെ പ്രിയമേറിയത്. 

Tags:    
News Summary - rice prise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.