റിയാദ്: അബ്ദുൽ റഹീമിെൻറ മോചനവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിൽ ബാക്കി വന്ന തുകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾക്കെതിരെ റിയാദ് നിയമ സഹായ സമിതി രംഗത്ത്. റഹീം കേസിൽ തുടക്കം മുതൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചത് റിയാദിലെ സഹായ സമിതിയാണെന്നും, കോഴിക്കോട്ടെ ട്രസ്റ്റിെൻറ പക്കലുള്ള തുകയുടേതടക്കമുള്ള കൃത്യമായ കണക്കുകൾ വരും ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
റിയാദിൽ ചേർന്ന സമിതിയുടെ പ്രത്യേക യോഗത്തിലാണ് ഈ വിശദീകരണം. കേസിലെ പണമിടപാടുകളുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളും വ്യാജ വാർത്തകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്ന് സമിതി അഭ്യർത്ഥിച്ചു. നിലവിൽ ബാക്കിയുള്ള തുക നാട്ടിലെ റഹീം ട്രസ്റ്റിെൻറ കീഴിലാണ് സുരക്ഷിതമായിട്ടുള്ളത്. ഈ തുക എപ്രകാരം വിനിയോഗിക്കണമെന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടും വരും ദിവസങ്ങളിൽ പൂർണമായ വ്യക്തത വരുത്തുമെന്ന് അംഗങ്ങൾ വ്യക്തമാക്കി.
റഹീമിെൻറ മോചനത്തിനായി അഹോരാത്രം പ്രയത്നിച്ചത് റിയാദിലെ സഹായ സമിതിയായിരുന്നിട്ടും, അദ്ദേഹം ജാമ്യത്തിലിറങ്ങിയപ്പോൾ ചിലർ ഇതിെൻറ ക്രെഡിറ്റ് സ്വന്തം പേരിലാക്കാൻ ശ്രമിക്കുന്നതായും ഭാരവാഹികൾ ആരോപിച്ചു. റഹീം കേസുമായി ബന്ധപ്പെട്ട് റിയാദ് സഹായ സമിതി വഴി സ്വരൂപിച്ചതും നാട്ടിലെത്തിച്ചതുമായ തുകയുടെ കൃത്യമായ കണക്കവതരണവും യോഗത്തിൽ നടന്നു. അതോടൊപ്പം, റഹീമിനായി പണം സ്വരൂപിക്കാൻ മുന്നിട്ടിറങ്ങിയ വിവിധ കൂട്ടായ്മകളെയും കമ്മിറ്റികളെയും ചടങ്ങിൽ ആദരിച്ചു. റിയാദ് റഹീം നിയമ സഹായ സമിതി അംഗങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ ചെയർമാൻ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ടി.എം. അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. മുനീബ് പാഴൂർ ആമുഖപ്രഭാഷണം നിർവഹിച്ചു. സെബിൻ ഇഖ്ബാൽ വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. ബഷീർ മുസല്യാരകം, ഷുഹൈബ് പനങ്ങാങ്ങര, സലീം കളക്കര, സുരേന്ദ്രൻ കൂട്ടായ്, മുഹമ്മദ് നജാത്തി, അബ്ദുൽ റസാഖ് സ്വലാഹി, നവാസ് വെള്ളിമാട്കുന്ന് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും സമിതിയംഗം കുഞ്ഞോയി കോടമ്പുഴ നന്ദിയും പറഞ്ഞു. ഹർഷാദ് ഫാറൂഖ്, ഷെമീം മുക്കം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.