തബൂക്കിൽ പൊതുഗതാഗത പദ്ധതി മേഖല ഗവർണർ അമീർ
ഫഹദ് ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ശുദ്ധമായ ഊർജത്താൽ പ്രവർത്തിക്കുന്ന ബസുകൾക്കായി രാജ്യത്തെ ആദ്യത്തെ പൊതുഗതാഗത പദ്ധതി തബൂക്കിൽ ആരംഭിച്ചു. മുനിസിപ്പൽ, ഗ്രാമ, ഭവന മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽ ഹുഖൈലിന്റെ സാന്നിധ്യത്തിൽ മേഖല ഗവർണർ അമീർ ഫഹദ് ബിൻ സുൽത്താൻ പദ്ധതി ഉദ്ഘാടനം ചെയ്തു. തബൂക്കിൽ ആരംഭിച്ച പൊതുഗതാഗത പദ്ധതിക്ക് കീഴിലാണ് 25 ശതമാനം ശുദ്ധമായ ഊർജത്താൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ബസുകൾ പ്രവർത്തിപ്പിക്കാൻ പൊതുഗതാഗത അതോറിറ്റി തീരുമാനിച്ചത്.
തബൂക്കിലെ പൊതു ബസ് ഗതാഗത പദ്ധതി മേഖലയിലെ നഗരങ്ങളിലും ഗവർണറേറ്റുകളിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നുവെന്ന് ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി പാസഞ്ചർ ഗതാഗത സെക്ടർ ജനറൽ സൂപ്പർവൈസർ ഡോ. റയാൻ അൽഹാസ്മി പറഞ്ഞു. പദ്ധതിയിൽ 25 ശതമാനം പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളും ഇതിനുള്ള റൂട്ടുകളും ഉൾപ്പെടുന്നു. ഇത് രാജ്യത്തെ ആദ്യത്തേതാണെന്നും ഗതാഗത സെക്ടർ ജനറൽ സൂപ്പർവൈസർ പറഞ്ഞു.
നാല് റൂട്ടുകളിലായി 30 ബസുകളാണ് ഓടുന്നത്. 106 സ്റ്റോപ്പിങ് പോയൻറുകളുണ്ട്. തബൂക്ക് നഗരത്തിലുടനീളം 18 മണിക്കൂർ ബസ് സർവിസുണ്ടാകും. സുരക്ഷ നിലവാരവും ജീവിതനിലവാരവും ഉയർത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും തബൂക്കിലെ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനും ഇത് സഹായിക്കും. ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും മേഖലയിലെ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ വികസിപ്പിക്കുന്നതിനും കാർബൺ ബഹിർഗമനവും പരിസ്ഥിതി മലിനീകരണവും കുറക്കുന്നതിനും കൂടിയാണെന്നും അൽഹാസ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.