ജിദ്ദ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യൻ സംഘടന പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ യോഗത്തിൽ ഇന്ത്യൻ അംബാസഡറുടെ നാമനിർദേശ പ്രകാരം സൗദിയിൽനിന്നും അഞ്ചുപേർ പങ്കെടുത്തു. സൗദിയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരായ ആരോഗ്യപ്രവർത്തകരുടെ പരാതികളിൽ ഭൂരിഭാഗവും മാൻപവർ സപ്ലൈ കമ്പനികളുടെ സ്പോൺസർഷിപ്പിൽ ജോലിചെയ്യുന്നവരിൽനിന്നുമാണ് ലഭിക്കുന്നതെന്നും അത് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും സൗദി പ്രതിനിധി യോഗത്തിൽ ഉന്നയിച്ചു. അതിനായി മാൻ പവർ സപ്ലൈ കമ്പനികളിലേക്കായി ഇന്ത്യയിൽനിന്ന് വിവിധ ഏജൻസികൾ വഴി നടത്തുന്ന റിക്രൂട്ട്മെൻറ് നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യണം. സൗദിയിൽ പ്ലസ് ടു പാസാകുന്നവർക്ക് സൗദിയിൽ തന്നെ തുടർപഠനത്തിന് അവസരം വേണം. ഇന്ത്യയിലെ ഡിഗ്രികൾക്ക് സൗദിയിൽ അംഗീകാരം ലഭിക്കുന്നതിനാവശ്യമായ ബ്രിഡ്ജിങ് കോഴ്സുകൾ തുടങ്ങണം. നഴ്സിങ് റിക്രൂട്ട്മെൻറിൽ ഒരു നിശ്ചിത സർവിസ് ചാർജ് ഏർപ്പെടുത്തുകയും വൻ തുക ഈടാക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യണം.
ഇന്ത്യൻ എംബസി റിയാദിലും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലും ആരോഗ്യ പ്രവർത്തകർക്കുവേണ്ടി മാത്രം ഹെൽപ് ലൈൻ തുടങ്ങണം. സൗദിയിൽ വർഷങ്ങളായി ജോലിചെയ്യുന്ന നഴ്സുമാർക്ക് ജോലി നിർത്തി നാട്ടിലേക്ക് പോകേണ്ടിവരുമ്പോൾ അവർക്കായി പുനരധിവാസ പദ്ധതി നടപ്പിൽവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിലെ പ്രതിനിധികളിലൊരാളായ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹി മുഹമ്മദ് ഷമീം നരിക്കുനി ഉന്നയിച്ചു. സഞ്ജയ് ഭട്ടാചാര്യ (വിദേശകാര്യ മന്ത്രാലയം സെക്രട്ടറി), ദാമു രവി (സെക്രട്ടറി, ഇൗസ്റ്റ് റീജ്യൻ), വിപുൽ (ജോയൻറ് സെക്രട്ടറി, ഗൾഫ് റീജ്യൻ), സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്, കുവൈത്ത് ഇന്ത്യൻ അംബാസഡർ സിബി ജോർജ്, ഖത്തർ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ബഹ്റൈൻ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവ, ഒമാൻ ഇന്ത്യൻ അംബാസഡർ മുനു മഹാവീർ, യു.എ.ഇ ഇന്ത്യൻ അംബാസഡർ പവൻ കുമാർ, കോൺസൽ ജനറൽമാരായ ഡോ. അമൻ പുരി (ദുബൈ), മുഹമ്മദ് ഷാഹിദ് ആലം (ജിദ്ദ) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.