സൗദി പ്രവേശന കവാടങ്ങളിൽ നിയന്ത്രിത മരുന്നുകൾക്ക് മുൻകൂർ അനുമതി തീരുമാനം നടപ്പായി

റിയാദ്: സൗദിയിലേക്ക് വരുന്നതോ പോകുന്നതോ ആയ യാത്രക്കാർക്ക് നിയന്ത്രിത മരുന്നുകൾ കൈവശം വെക്കുന്നതിന് പെർമിറ്റ് നേടണമെന്ന് നിഷ്കർഷിക്കുന്ന തീരുമാനം നടപ്പായി. രോഗികളുടെ യാത്ര സുഗമമാക്കുന്നതിനും നടപടിക്രമങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് നടപടി.

നാർകോട്ടിക് വസ്തുക്കൾ അടങ്ങിയതോ, മാനസികാവസ്ഥയെ ബാധിക്കുന്ന സൈക്കോട്രോപിക് വസ്തുക്കളോ അടങ്ങിയ ഏതെങ്കിലും മരുന്നുകളുടെ ഇറക്കുമതി നിരോധിക്കുന്നതാണ് തീരുമാനം. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പ്രാദേശിക നിയമങ്ങൾക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും അനുസൃതമായി നിയന്ത്രിത മരുന്നുകൾ കൊണ്ടുവരുന്നതിന് നിയന്ത്രിക്കുന്നതിനുമുള്ള സമഗ്രമായ ദേശീയ തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ഈ നടപടി.

ഈ തീരുമാനപ്രകാരം നിശ്ചിത മാർഗങ്ങളിലൂടെ മുൻകൂർ ഔദ്യോഗിക അനുമതി നേടിയിട്ടില്ലെങ്കിൽ നിയന്ത്രിത വസ്തുക്കൾ അടങ്ങിയ മരുന്നുകൾ കൊണ്ടുവരുന്നതിൽ നിന്ന് ഏതൊരു യാത്രക്കാരനെയും വിലക്കുന്നു. എല്ലാ വായു, കര, കടൽ തുറമുഖങ്ങളിലും ഇത് ബാധകമാണ്. കവാടങ്ങളിൽ വെച്ച് യാത്രക്കാർ മരുന്നുകൾ സംബന്ധിച്ച് വിവരങ്ങൾ വെളിപ്പെടുത്തുകയും ആവശ്യമായ രേഖകൾ നൽകുകയും വേണം.

സെൻസിറ്റീവ് സ്വഭാവമുള്ള മരുന്നുകളുടെ പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുന്നതിനും അനുബന്ധ ആരോഗ്യ നടപടിക്രമങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ബന്ധപ്പെട്ട അധികാരികളുടെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ നടപടി. അടുത്തിടെയാണ് സൗദിയിലേക്ക് വരുന്നതോ പോകുന്നതോ ആയ യാത്രക്കാരുടെ കൈവശമുള്ള നാർകോട്ടിക് വസ്തുക്കൾ അടങ്ങിയതോ സൈക്കോട്രോപിക് വസ്തുക്കളോ അടങ്ങിയ മരുന്നുകൾക്ക് വ്യക്തിഗത റിലീസ് പെർമിറ്റ് നേടുന്നതിനുള്ള നടപടികളും നടപടിക്രമങ്ങളും ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ഡ്രഗ് വ്യക്തമാക്കിയത്.

യാത്രക്കാർക്കോ, മറ്റുള്ളവർ​ക്ക് വേണ്ടി ഇത്തരത്തിലുള്ള മരുന്നുകൾ കൊണ്ടുപോകുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ (എസ്.എഫ്.ഡി.എ) അനുമതി നിർബന്ധമാണ്.സേവനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതോറിറ്റി വെബ്‌സൈറ്റിലെ ‘റെസ്ട്രിക്ട്ഡ് ഡ്രഗ്സ് സിസ്റ്റം (സി.ഡി.എസ്)’ എന്ന സെക്ഷനിൽ ലഭ്യമാണ്. നിയന്ത്രിത മരുന്നുകൾക്ക് ഓൺലൈൻസ് ക്ലിയറൻസ് അനുതി നേടാൻ സഹായിക്കുന്നതാണ് ഈ സംവിധാനം.

ഇതിലൂടെ യാത്രക്കാർക്ക് ഒരു വ്യക്തിഗത അക്കൗണ്ട് സൃഷ്ടിക്കാനും ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കാനും രോഗിയുടെ ഡാറ്റ, യാത്രാ വിശദാംശങ്ങൾ, കുറിപ്പടി അല്ലെങ്കിൽ മെഡിക്കൽ റിപ്പോർട്ട്, മരുന്നിന്റെ ഫോട്ടോ, തിരിച്ചറിയൽ രേഖ തുടങ്ങിയ ആവശ്യമായ അറ്റാച്ചുമെന്റുകൾ ഉൾപ്പെടെയുള്ള ഒരു ഇലക്ട്രോണിക് ക്ലിയറൻസ് അഭ്യർഥന സമർപ്പിക്കാനും കഴിയും.

ബ്രാൻഡ് പേര്, സജീവ ചേരുവ, സാന്ദ്രത, അളവ് അല്ലെങ്കിൽ പാക്കേജ് വലുപ്പം എന്നിവയുൾപ്പെടെയുള്ള കൃത്യമായ ഡാറ്റ ഉപയോഗിച്ച് ഒന്നിലധികം മരുന്നുകൾ ചേർക്കാനും ഈ സേവനം ഉപയോക്താക്കളെ അനുവദിക്കുന്നു. യാത്രക്കാരനോ മറ്റൊരു രോഗിക്കോ വേണ്ടിയുള്ള മരുന്നുകളുടെ മെഡിക്കൽ ആവശ്യകത തെളിയിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്യാൻ കഴിയും.

അഭ്യർഥനകളുടെ നില ഇലക്ട്രോണിക് രീതിയിൽ ട്രാക്ക് ചെയ്യാൻ സാധിക്കും. അഭ്യർഥനകളെ ‘അയച്ചു’, ‘സ്വീകരിച്ചു’, ‘നിരസിച്ചു’, അല്ലെങ്കിൽ ‘അപൂർണ്ണം’ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. അനുമതി ലഭിക്കുന്നമുറക്ക് അവയുടെ പ്രിന്റ് സഹിതം മരുന്നുകൾ കൈവശം വെക്കാനാകും. കൂടാതെ കൊണ്ടുവരുന്ന പുർണ വിവരങ്ങൾ അതോറിറ്റിയുടെ വെബ്സൈറ്റിലും ലഭ്യമാകും.

Tags:    
News Summary - Prior approval decision for controlled medicine implemented at Saudi entry points

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.