കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാെൻറ രാജി ഇന്ത്യൻ രാഷ്ട്രീയത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു വഴിത്തിരിവാണ്. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഇന്ത്യൻ യുവത ആരംഭിച്ച പോരാട്ടം 35 ദിവസങ്ങൾ പിന്നിടുമ്പോഴാണ് കേന്ദ്ര ഭരണകൂടത്തിന് മുന്നിൽ മറ്റ് വഴികളില്ലാതാകുന്നതും മന്ത്രിക്ക് പടിയിറങ്ങേണ്ടി വരുന്നതും.
യാതൊരുവിധ രാഷ്ട്രീയ പാർട്ടികളുടെയും കൊടിക്കീഴിലല്ലാതെ, ‘സി.ജെ.പി’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ഈ പ്രക്ഷോഭം ജനാധിപത്യത്തിെൻറയും ഭരണഘടനയുടെയും ചരിത്രപരമായ ഒരു വിജയമായി രേഖപ്പെടുത്തപ്പെടുകയാണ്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കായി തെരുവിലിറങ്ങിയ വിദ്യാർത്ഥികളെയും യുവാക്കളെയും ‘പാറ്റകൾ’ എന്ന് വിളിച്ച് അധിക്ഷേപിച്ചവർക്ക് അതേ യുവാക്കളുടെ സംഘടിത കരുത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു.
സമരം ഒടുവിൽ കൈവിട്ടുപോകുമെന്നും അത് ഭരണനേതൃത്വത്തിെൻറ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും തിരിച്ചറിഞ്ഞപ്പോഴാണ് വിദ്യാഭ്യാസ മന്ത്രിയെക്കൊണ്ട് രാജി വയ്പ്പിച്ചു സർക്കാരും ഭരണകക്ഷിയും തൽക്കാലം കൈകഴുകാൻ ശ്രമിക്കുന്നത്. ‘കഴിഞ്ഞ 10 ദിവസത്തെ സംഭവവികാസങ്ങൾ കാണുമ്പോൾ മനസ്സ് വേദനിക്കുന്നു’ എന്ന മന്ത്രിയുടെ രാജിക്കത്തിലെ വാക്കുകൾ തികച്ചും അപഹാസ്യമാണ്.
അധികാരത്തിെൻറ തണലിലിരുന്ന് ഈ വാക്കുകൾ കുറിക്കുമ്പോൾ, ഇതിനകം പൊലീസിെൻറ അതിക്രൂരമായ മർദ്ദനത്തിന് ഇരയായവരെയും പ്രക്ഷോഭങ്ങൾക്കിടയിൽ ജീവൻ പൊലിഞ്ഞവരെയും പരീക്ഷാ ക്രമക്കേടിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളെയും ഭരണകൂടം മറന്നുപോകരുത്. രാജി കൊണ്ട് മാത്രം നീതി പൂർണമാകുന്നില്ല; ജീവൻ നഷ്ടപ്പെട്ടവർക്കും നീതി നിഷേധിക്കപ്പെട്ടവർക്കും അർഹമായ പരിഹാരം ഉണ്ടാകേണ്ടതുണ്ട്.
മുമ്പ് കർഷക സമരത്തിന് മുന്നിൽ അടിയറവ് പറയേണ്ടി വന്ന അതേ കേന്ദ്ര സർക്കാരാണ് ഇപ്പോൾ വിദ്യാർത്ഥി ശക്തിക്ക് മുന്നിലും പരാജയം സമ്മതിച്ചിരിക്കുന്നത്. ഇന്ത്യയിലെ യുവാക്കളെയും അവരുടെ നിശ്ചയദാർഢ്യത്തെയും നിസ്സാരമായി കാണുന്ന എല്ലാ പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുമുള്ള ശക്തമായ താക്കീതാണിത്.
രൂപീകൃതമായി വെറും രണ്ടു മാസം മാത്രം പിന്നിട്ട സി.ജെ.പി എന്ന യുവജന കൂട്ടായ്മയ്ക്ക് ഭരണകൂടത്തെ പൂർണമായും മുൾമുനയിൽ നിർത്താൻ കഴിഞ്ഞുവെങ്കിൽ, വരുംകാല രാഷ്ട്രീയം നിയന്ത്രിക്കാൻ പോകുന്നത് ഈ യുവത്വമായിരിക്കും. സമരം വിജയത്തിലെത്തുമ്പോൾ സ്വാഭാവികമായും അതിെൻറ ക്രെഡിറ്റ് ഏറ്റെടുക്കാൻ നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രംഗത്തുവന്നേക്കാം.
എന്നാൽ ഭരണകൂടത്തിെൻറ അടിച്ചമർത്തലുകൾക്ക് മുന്നിൽ പതറാതെ തെരുവിലിറങ്ങി പോരാടിയ ഓരോരുത്തരുമാണ് ഈ ചരിത്രവിജയത്തിെൻറ യഥാർത്ഥ ശില്പികൾ. ഇന്ത്യൻ യുവത്വത്തിനും ഈ പോരാട്ടത്തിന് നേതൃത്വം നൽകിയ സി.ജെ.പിക്കും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.