െറനോൾഡ് കിരൺ കുന്ദർ
ദമ്മാം: ഒരു മാസം മുമ്പ് ദമ്മാമിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് പറമ്പിൽ ബസാർ ചാലിൽ താഴം കൊട്ടുകണ്ടികയിൽ ഫ്രഡറിക്, എഡീന ദമ്പതികളുടെ മകൻ റെനോൾഡ് കിരൺ കുന്ദറിന്റെ (33) മരണം കൊലപാതകമാണെന്ന ആരോപണം തള്ളി സൗദി പൊലീസും ഫോറൻസിക് റിപ്പോർട്ടും. ദിവസങ്ങൾക്കുമുമ്പ് കോഴിക്കോട് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് റെനോൾഡിന്റെ കുടുംബം കൊലപാതകമാണെന്ന് ആരോപിച്ചത്.
ദമ്മാമിലെ സാമൂഹിക പ്രവർത്തകനും ലോക കേരളസഭാ അംഗവുമായ നാസ് വക്കമാണ് മാധ്യമപ്രവർത്തകർക്ക് മുമ്പിൽ ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ ഹാജരാക്കി ആരോപണം നിഷേധിച്ചത്. ആത്മഹത്യയാണെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ്, ഫോറൻസിക് റിപ്പോർട്ടുകളെന്ന് നാസ് പറഞ്ഞു.
ദമ്മാമിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന റെനോൾഡിന് തൊഴിലുടമ ശമ്പളം നൽകാറില്ലായിരുന്നെന്നും പീഡിപ്പിക്കാറുണ്ടെന്നുമുള്ള ആരോപണങ്ങളും അന്വേഷണത്തിൽ വാസ്തവവിരുദ്ധമാണെന്ന് മനസിലായെന്ന് നാസ് പറയുന്നു. എട്ട് വർഷമായി ഒരേ സ്പോൺസറുടെ കീഴിലാണ് ജോലി ചെയ്തിരുന്നത്. കൈകൾ പുറകിൽ കെട്ടി തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. ഇതാണ് റെനോൾഡിന്റെ കുടുംബത്തെ സംശയത്തിലേക്ക് നയിച്ചത്. എന്നാൽ സമാനമായ രീതിയിലും ആത്മഹത്യകൾ ഉണ്ടാകാറുണ്ടെന്നും മരിക്കുന്നതിനുമുമ്പുള്ള ആളുടെ മാനസികാവസ്ഥയനുസരിച്ചാണ് അതെന്നും പറഞ്ഞ നാസ് തനിയെ എങ്ങനെയാണ് കൈകൾ പുറകിൽ കെട്ടുന്നതെന്ന് പൊലീസുകാർ തനിക്ക് വിശദീകരിച്ചുതന്നെന്നും വ്യക്തമാക്കി.
ഏപ്രിൽ 12നാണ് റെനോൾഡ് കിരൺ കുന്ദറിനെ ഡ്രൈവറായി ജോലി ചെയ്തിരുന്ന ദമ്മാമിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തുകയും പോസ്റ്റുമോർട്ടം നടത്തുകയും ചെയ്തിരുന്നു.
പൊലീസ് റിപ്പോർട്ട്, പോസ്റ്റ്മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ മരണകാരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കുന്നതാണ്.
മരണാനന്തര നടപടികൾ പൂർത്തീകരിക്കാനും മൃതദേഹം നാട്ടിലെത്തിക്കാനും ചുമതലയേൽപിക്കപ്പെട്ട നാസ് ഈ രേഖകൾ പ്രകാരമുള്ള വിവരങ്ങളാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്.
ആത്മഹത്യയണെന്ന് വ്യക്തമാക്കുന്ന ഈ റിപ്പോർട്ടുകൾ ഇന്ത്യൻ എംബസി മുഖേന റെനോൾഡിന്റെ കുടുംബത്തിന് ഈ മാസം നാലാം തീയതി നൽകിയിരുന്നെന്നും അവർ തിരികെ ബന്ധപ്പെട്ടിട്ടില്ല എന്നും നാസ് പറഞ്ഞു.
നിയമ നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കുടുംബം ഏറ്റെടുക്കാൻ തയാറാകത്തത്തിനാൽ നാട്ടിലേക്ക് അയക്കാൻ തടസ്സം നേരിട്ടിരിക്കുകയാണ്.
സൗദിയിലെ പുതിയ നിയമ പ്രകാരം മൃതദേഹം രണ്ട് മാസത്തിനകം കുടുംബം ഏറ്റെടുത്തിലെങ്കിൽ രാജ്യത്തുതന്നെ മറവ് ചെയ്യണമെന്ന് നിഷ്കർഷിക്കുന്നതാണെന്നും നാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.