ദമ്മാം: സൗദി അറേബ്യ ഇസ്ലാമിക മന്ത്രാലയത്തിന് കീഴിലുള്ള ദമ്മാം ഇസ്ലാമിക് കൾച്ചറൽ സെൻറർ മലയാള വിഭാഗം ആരംഭിക്കുന്ന സ്റ്റഡി കോഴ്സിന് തുടക്കമായി. ദമ്മാം ഐ.സി.സി മലയാള വിഭാഗം മദ്റസയിലെ വിദ്യാർഥികളുടെ രക്ഷിതാക്കളടക്കമുള്ള മുതിർന്നവർക്ക് വേണ്ടി ഒരുക്കുന്ന കോഴ്സ് ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂറായിരിക്കും. പ്രവേശനം സൗജന്യം ഒരു വർഷ കോഴ്സ് അവസാനിക്കുമ്പോൾ പരീക്ഷയിൽ വിജയിക്കുന്നവർക്ക് സൗദി മതകാര്യ വകുപ്പിന്റെ കീഴിലെ ഐ.സി.സി നൽകുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റ് ലഭിക്കും.
അറബി അക്ഷരങ്ങൾ മുതൽ ഒമ്പതിലധികം വിഷയങ്ങൾ സ്മാർട്ട് ക്ലാസ് റൂം ഉൾപ്പെടെയുള്ള സൗകര്യത്തോടെയാണ് പഠിപ്പിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേ ക്ലാസിൽ പ്രത്യേകം സൗകര്യം, വിശ്വാസപാഠം, കർമപാഠം, ഖുർആൻ പാരായണം, മനപ്പാഠം, അർഥം പഠിക്കൽ, ഒരു ദിനം ഒരു ഹദീസ്, നിത്യജീവിതത്തിലെ പ്രാർഥനകൾ, അറബി ഭാഷാപഠനം, പ്രവാചകന്റെ ചികിത്സ കർമങ്ങളുടെ പ്രായോഗിക ക്ലാസുകൾ തുടങ്ങിയവ സിലബസിന്റെ ഭാഗമാണ്. വിവിധ ടേമുകളിൽ ക്ലാസ് പരീക്ഷകളും അതിൽ മികവ് നേടുന്നവർക്ക് പാരിതോഷികങ്ങൾ എന്നിവ കോഴ്സിന്റെ പ്രത്യേകതയാണ്.
രജിസ്റ്റർ ചെയ്യാൻ 0507904018, 0581709091 എന്നീ നമ്പറുകളിൽ കോഴ്സ് കോഓഡിനേറ്റർമാരുമായി ബന്ധപ്പെടാമെന്നും ഐ.സി.സി മലയാള വിഭാഗം മേധാവി അബ്ദുൽ ജബ്ബാർ അബ്ദുല്ല അൽ മദീനി അറിയിച്ചു. കോഴ്സിന്റെ പ്രവേശന ഉദ്ഘാടനം മുഹമ്മദ് സർഫ്രാസ് മദീനി പൊന്നാനി നിർവഹിച്ചു. ഉസ്മാൻ കൊടുവള്ളി, അബ്ദുനാസർ കരൂപ്പടന്ന, മുഹമ്മദ് ഇൻസാഫ്, മുഹമ്മദ് റനീഷ് കൊടുങ്ങല്ലൂർ, മുഹമ്മദ് അമീൻ ചേർത്തല, ശരീഫ് ചാമംപതാൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.