രക്തദാന ക്യാമ്പിനെ കുറിച്ച് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താസമ്മേളനത്തിൽ വിശദീകരിക്കുന്നു
റിയാദ്: ‘ഒരു തുള്ളി രക്തം, അനേകം ജീവനുകൾക്ക് പ്രതീക്ഷ’ എന്ന സന്ദേശവുമായി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച (ജൂൺ 12) രാവിലെ എട്ട് മുതൽ ശുമൈസി ആശുപത്രിയിൽ നടക്കും. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കിെൻറ സഹകരണത്തോടെയാണ് ജീവൻ രക്ഷിക്കുന്ന ഈ മഹത്തായ സാമൂഹിക ദൗത്യം സംഘടിപ്പിക്കുന്നത്.
റിയാദിലെ മലയാളി സമൂഹത്തിെൻറ കൂട്ടായ പങ്കാളിത്തത്തോടെ, ഈ വർഷത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലൊന്നാക്കി മാറ്റാൻ വിപുലമായ ഒരുക്കമാണ് പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. റിയാദിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.
പ്രാദേശിക സംഘടനകൾ, മുഖ്യധാരാ കൂട്ടായ്മകൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ രക്തദാനത്തിന് സന്നദ്ധരായവരുടെ രജിസ്ട്രേഷൻ നേരത്തെ തന്നെ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. ക്യാമ്പിെൻറ സമഗ്ര ഏകോപന ചുമതലകൾക്കായി വിവിധ മേഖലകളിലെ പ്രവർത്തകരെ ഉൾപ്പെടുത്തി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചിട്ടുണ്ട്. രക്തദാതാക്കളുടെ രജിസ്ട്രേഷൻ, മെഡിക്കൽ പരിശോധനകൾ, ലഘുഭക്ഷണ ക്രമീകരണങ്ങൾ, ഗതാഗത സൗകര്യങ്ങൾ എന്നിവ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നത് ഈ സംഘമാണ്.
1500-ലധികം ആളുകളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന പരിപാടിക്ക് റിയാദിലെ പൊതുസമൂഹത്തിെൻറ പൂർണ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ഒ.ഐ.സി.സി നേതാക്കൾ വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു. രക്തദാനം നടത്തുന്ന എല്ലാവർക്കും ഒ.ഐ.സി.സിയുടെയും ആരോഗ്യമന്ത്രാലയത്തിെൻറയും സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
റിയാദ് നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് രക്തദാതാക്കൾക്കായി വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ പ്രദേശങ്ങളിലേക്ക് ഗതാഗത സൗകര്യം ആവശ്യമായി വരുന്നവർ ഭാരവാഹികളുമായി മുൻകൂട്ടി ബന്ധപ്പെടണം. ക്യാമ്പിലെത്തുന്നവരുടെ സൗകര്യാർത്ഥം വാഹന പാർക്കിങ്ങിനായി ശുമൈസി ആശുപത്രിയിലെ ഗേറ്റ് നമ്പർ 15-നു സമീപം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, രക്തദാന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആവേശവും ആനന്ദവും പകരുന്നതിനായി വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറും. രക്തദാനം മനുഷ്യജീവൻ രക്ഷിക്കുന്ന ഏറ്റവും മഹത്തായ സേവനങ്ങളിലൊന്നാണെന്നും, കൂടുതൽ പേർ ഈ സാമൂഹിക സംരംഭത്തിെൻറ ഭാഗമാകണമെന്നും ഒ.ഐ.സി.സി ഭാരവാഹികൾ അഭ്യർഥിച്ചു.
വാർത്താസമ്മേളനത്തിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, സുരേഷ് ശങ്കർ, ശിഹാബ് കൊട്ടുകാട്, മാത്യു ജോസഫ്, ഷംനാദ് കരുനാഗപ്പള്ളി, അശ്റഫ് മേച്ചേരി, സന്തോഷ് വിളയിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.