ജിദ്ദ: സൗദിയിൽ നിയമലംഘകരെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന കർശനമായി തുടരുന്നു. മാർച്ച് 10 മുതൽ 16 വരെ കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് 13,400ഓളം പേരെയാണ് പിടികൂടിയത്.
ഇതിൽ 7,300 പേർ താമസ നിയമം ലംഘിച്ചവരും 4,000 പേർ അതിർത്തി സുരക്ഷ ലംഘനം നടത്തിയവരുമാണ്. തൊഴിൽ നിയമലംഘനത്തിന് 1,900ത്തോളം പേരും പിടിയിലായി. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 294 പേർ അറസ്റ്റിലായി. ഇവരിൽ 34 ശതമാനം യമൻ പൗരന്മാരും 65 ശതമാനം ഇത്യോപ്യക്കാരും ഒരു ശതമാനം മറ്റു രാജ്യക്കാരുമാണ്. 271 പേർ രാജ്യത്തിന്റെ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 15 പേരെയും സുരക്ഷാസേന അറസ്റ്റ്ചെയ്തു. രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കിയതിനുശേഷം ആകെ പിടിയിലായവരുടെ എണ്ണം 1,03,000ത്തോളമായതായി അധികൃതർ അറിയിച്ചു.
ഇവരിൽ 90,000ത്തിലധികം പുരുഷന്മാരും 12,000ത്തിലധികം സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 90,000ത്തിലധികം നിയമലംഘകരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യത്തെ നയതന്ത്ര കാര്യാലയ ഓഫിസുകളിലേക്ക് റഫർ ചെയ്തു. 95,000ത്തിലധികം പേരെ ഇതിനകം അവരുടെ നാടുകളിലേക്ക് തിരിച്ചയച്ചു. 2,300 പേരെ തിരിച്ചയക്കാനുള്ള തയാറെടുപ്പിലുമാണ്. അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴയും അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ഇവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ എന്നിവ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽ നിന്നുള്ളവർ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയിൽ നിന്നുള്ളവർ 999, 996 എന്നീ നമ്പറുകളിൽ ഒന്നിലും വിളിച്ചറിയിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.