ജിദ്ദയിൽ 'മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ്' അവാർഡ് നൽകി ആദരിച്ച വിദ്യാർത്ഥികൾ അതിഥികളോടൊപ്പം
ജിദ്ദ: ഗൾഫ് രാജ്യങ്ങളിൽ നിന്നും പത്ത്, പ്ലസ്ടു ക്ലാസുകളിലെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കാനായി മീഡിയവൺ ചാനൽ ഏർപ്പെടുത്തിയ 'മബ്റൂക് ഗൾഫ് ടോപ്പേഴ്സ്' അവാർഡ് വിതരണത്തിന് സൗദിയിലും തുടക്കമായി. യു.എ.ഇക്ക് പിന്നാലെയാണ് പദ്ധതി സൗദി അറേബ്യയിലും ആരംഭിച്ചത്. സൗദിയിലെ പുരസ്കാര ദാനത്തിന്റെ ആദ്യ എഡിഷൻ ജിദ്ദയിൽ നടന്നു.
പടിഞ്ഞാറൻ മേഖലയിൽ നിന്ന് രജിസ്റ്റർ ചെയ്ത സി.ബി.എസ്.ഇ, കേരള, ഐ.സി.എ.സി തലത്തിലെ 100 ലധികം വിദ്യാർത്ഥികളെയാണ് ജിദ്ദയിലെ ഹാബിറ്റാറ്റ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചത്. പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമടക്കം അഞ്ഞൂറിലേറെ പേരാണ് ജിദ്ദയിൽ ഒരുക്കിയ പുരസ്കാര ദാന ചടങ്ങിലേക്ക് എത്തിയത്.
ജിദ്ദയിൽ 'മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ്' അവാർഡ് നൽകി ആദരിച്ച വിദ്യാർത്ഥികൾ അതിഥികളോടൊപ്പം.
ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ വിജയ വഴിയിലൂടെ നടത്താൻ ഉതകുന്ന മികച്ച പ്രോത്സാഹനമാണ് മീഡിയവൺ ഒരുക്കിയ ഗൾഫ് ടോപ്പേഴ്‌സ് പുരസ്‌കാരമെന്നും വരും വർഷങ്ങളിലും പദ്ധതി തുടരണമെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദയിലെ ഇഫാത്ത് സർവകലാശാല ഡീൻ ഡോ. റീം അൽ മദനി മുഖ്യാതിഥിയായിരുന്നു.
ചടങ്ങ് ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്യുന്നു
കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഡോ. റീം അൽ മദനി, ക്ലസ്റ്റർ അറേബ്യ സി.ഇ.ഒ അബ്ദുറഹീം പട്ടർക്കടവൻ, ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ, അൽ ഹാസ്മി കമ്പനി പ്രതിനിധി അബ്ദുൽ ഗഫൂർ, മീഡിയവൺ സൗദി കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എം ബഷീർ, പടിഞ്ഞാറൻ മേഖല രക്ഷാധികാരി എ. നജ് മുദ്ധീൻ, കൺവീനർ സി.എച്ച് ബഷീർ, മീഡിയവൺ റീജിയനൽ മാനേജർ ഹസനുൽ ബന്ന, മീഡിയവൺ സ്പെഷ്യൽ കറസ്പോണ്ടന്റ് അഫ്താബുറഹ്മാൻ എന്നിവർ വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു.
കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം വിദ്യാർത്ഥികളെ ആദരിക്കുന്നു
പരിപാടിയുടെ പ്രായോജകരായ അൽ ഹാസ്മി കമ്പനി, ബദർ അൽ തമാം പോളിക്ലിനിക്, ഹാബിറ്റാറ്റ് ഹോട്ടൽ, ഖയാൽ അഡ്വർടൈസിങ് ആൻഡ് പ്രിന്റിങ് എന്നിവർക്കുള്ള ഉപഹാരങ്ങളും വേദിയിൽ സമ്മാനിച്ചു. പുരസ്‌കാരം നേടിയ വിദ്യാർത്ഥികൾ പഠിക്കുന്ന വിവിധ സ്കൂളുകളുടെ മേധാവിമാരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പ്രോഗ്രാം കൺവീനർ ഇസ്മാഈൽ കല്ലായി നന്ദി പറഞ്ഞു. ബാസിൽ ബഷീർ, ഡോ. റഷ നസ്സീഹ് എന്നിവർ അവതാരകരായിരുന്നു.
സദസ്സ്
'മബ്റൂക് ഗൾഫ് ടോപ്പേഴ്സി'ന്റെ അടുത്ത എഡിഷനുകൾ ഈ മാസം റിയാദിലും ദമ്മാമിലും നടക്കും. അക്കാദമിക രംഗത്തുൾപ്പെടെയുള്ള പ്രമുഖർ ഈ ചടങ്ങുകളിലും സംബന്ധിക്കും. ഇതിലേക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. mabrooksaudi.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് റിയാദ്, ദമ്മാം പരിപാടിയിലേക്കുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. കൂടുതൽ വിവരങ്ങൾക്ക് 0544720943 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.