റിയാദ്​ നഗരത്തിലെ അൽ സഹാഫ ഡിസ്​ട്രിക്​റ്റിൽ പൈപ്പ്​ പൊട്ടി വെള്ളമൊഴുകുന്നു

റിയാദിൽ പ്രധാന ജലപൈപ്പ് പൊട്ടി റോഡ് തകർന്നു; സേവനങ്ങൾ തടസ്സപ്പെട്ടില്ലെന്ന് അധികൃതർ

റിയാദ്: വടക്കൻ റിയാദിലെ അൽ സഹാഫ ഡിസ്ട്രിക്റ്റിൽ പ്രധാന ജലപൈപ്പ് ലൈൻ പൊട്ടി റോഡിന്റെ ഒരു ഭാഗം തകർന്നു. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ് കെട്ടിടത്തിന് സമീപമാണ് അപകടമുണ്ടായത്. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് വലിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുകുകയും പ്രദേശത്ത് ഒരു തടാകം പോലെ വെള്ളം കെട്ടിക്കിടക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

റിയാദ് റീജനിലെ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് സെൻറർ നൽകുന്ന വിവരമനുസരിച്ച്, ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് 2.20ഓടെയാണ് സംഭവം. സമീപത്തെ ഒരു കെട്ടിട നിർമാണ സ്ഥലത്ത് നടന്ന ഖനന ജോലികളാണ് അപകടത്തിന് കാരണമായത്. നിർമാണ പ്രവർത്തനങ്ങൾക്കിടെ റോഡിന് അടിയിലൂടെ പോകുന്ന പ്രധാന പൈപ്പ് ലൈനുകളിൽ ഒന്ന് തകരുകയും, പൈപ്പിലുണ്ടായിരുന്ന വെള്ളം വലിയ അളവിൽ റോഡിലേക്ക് കുതിച്ചെത്തുകയുമായിരുന്നു.

സംഭവം ശ്രദ്ധയിൽപെട്ട ഉടൻ തന്നെ ഇൻഫ്രാസ്ട്രക്ചർ സെൻററിലെ നിരീക്ഷണ സംഘങ്ങൾ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി ഏകോപിച്ച് നടത്തിയ പ്രവർത്തനങ്ങളിലൂടെ സ്ഥിതിഗതികൾ വേഗത്തിൽ നിയന്ത്രണവിധേയമാക്കി.

പൈപ്പ് പൊട്ടിയെങ്കിലും ഉപഭോക്താക്കൾക്കുള്ള ജലവിതരണത്തെയോ മറ്റ് അടിസ്ഥാന സേവനങ്ങളെയോ ഇത് ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പ്രത്യേക പദ്ധതികൾ നടപ്പാക്കിയതിലൂടെ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ സാധിച്ചു. തകർന്ന ഭാഗങ്ങൾ സുരക്ഷിതമാക്കുകയും കേടുപാടുകൾ സംഭവിച്ച പൈപ്പുകൾ വേർപെടുത്തുകയും ചെയ്തിട്ടുണ്ട്.

റിയാദ് മുനിസിപ്പാലിറ്റി, ട്രാഫിക് വിഭാഗം, സൗദി ഇലക്ട്രിസിറ്റി കമ്പനി, നാഷനൽ വാട്ടർ കമ്പനി എന്നിവർ നൽകിയ മികച്ച പിന്തുണയെ ഇൻഫ്രാസ്ട്രക്ചർ സെൻറർ പ്രശംസിച്ചു. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനം അപകടത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായിച്ചു. നിർമാണ പ്രവർത്തനങ്ങളിൽ ഉയർന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അടിസ്ഥാനസൗകര്യങ്ങൾ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും സെൻറർ അറിയിച്ചു.

ഇൻഫ്രാസ്ട്രക്ചർ ജോലികളുമായി ബന്ധപ്പെട്ട പരാതികളോ റിപ്പോർട്ടുകളോ നൽകാൻ 19989 എന്ന ഏകീകൃത നമ്പറിലോ, ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് സെൻറർ മൊബൈൽ ആപ് വഴിയോ, ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ 24 മണിക്കൂറും ബന്ധപ്പെടാം.

Tags:    
News Summary - Main water pipe burst in Riyadh, road damaged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.