ജിദ്ദ: നാഷനൽ കമ്മിറ്റി കാലാവധി അനന്തമായി നീളുന്നു എന്ന പരാതിക്കിടെ സൗദി കെ.എം.സി.സി ഭാരവാഹി പ്രഖ്യാപനം ഡിസംബർ ആറിന് പാണക്കാട്ട് നടക്കും. ആറാം തിയതി നടക്കുന്ന മുസ്ലീം ലീഗിെൻറ ഉന്നതാധികാര സമിതി യോഗത്തിലാവും പ്രഖ്യാപനം. കെ.പി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള നിലവിലെ കമ്മിറ്റി ഒരു വർഷം കൂടി അഡ്ഹോക് കമ്മിറ്റിയായി തുടരുമെന്നാണ് വ്യക്തമായ സൂചന. കൗൺസിൽ വിളിച്ചുകൂട്ടി ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ കണ്ടെത്തണമെന്ന് ശക്തമായ അഭിപ്രായം ഉയരുന്നുണ്ടെങ്കിലും നിലവിലെ കമ്മിറ്റിയുടെ ക്ഷേമ പദ്ധതികളുടെ പൂർത്തീകരണം ചൂണ്ടിക്കാട്ടിയാണ് അഭിപ്രായവ്യത്യാസമുള്ളവരെ അടക്കി നിർത്തുന്നത്.
ഇതിന് മുമ്പ് പല പൊട്ടിത്തെറികളും സംഘടനക്കകത്തും പുറത്തും ഇതിെൻറ പേരിൽ ഉയർന്നിരുന്നെങ്കിലും അവയെ അതിജയിച്ച് മുസ്ലീം ലീഗ് ഉന്നത നേതൃത്വത്തെ കൂടെ നിർത്താൻ കെ.പി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്ക് സാധിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ നേതാക്കൾ സൗദിയിൽ വന്ന് പ്രശ്ന പരിഹാരത്തിന് വേണ്ടി നടത്തിയ ചർച്ചകൾ പോലും എവിടെയുമെത്താതെ പോവുകയായിരുന്നു. 2017 മെയ് മാസം ജിദ്ദ സെൻട്രൽ കമ്മിറ്റിയിൽ നടന്ന സംഘട്ടനത്തിെൻറ കാരണം പോലും നാഷനൽ കമ്മിറ്റി തെരഞ്ഞെടുപ്പിലേക്ക് നീളുന്നതായിരുന്നു.
മൂന്ന് വർഷം കാലാവധിയുള്ള നാഷനൽ കമ്മിറ്റി ആറ് വർഷം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടത്തുകയോ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയോ ചെയ്യുന്നില്ല എന്നതാണ് വിവിധ സെൻട്രൽ കമ്മിറ്റികളുടെ ഭാഗത്ത് നിന്നുയർന്ന പരാതി. സംഘടനക്കകത്തെ ഗ്രൂപ്പിസം ശക്തമാണെങ്കിലും നിലവിലെ കമ്മിറ്റിയെ സമ്മർദത്തിലൂടെ മാറ്റാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല. വിഷയം പഠിക്കാൻ അബ്ദുറഹ്മാൻ കല്ലായി സൗദിയിൽ വന്ന് സംസ്ഥാനനേതൃത്വത്തിന് റിപ്പോർട്ട് നൽകിയെങ്കിലും നാഷനൽ കമ്മിറ്റിയിൽ തെരഞ്ഞെടുപ്പ് നടത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയില്ല.
തെരഞ്ഞെടുപ്പിലൂടെ നാഷനൽ കമ്മിറ്റിയെ കണ്ടെത്തണം, കമ്മിറ്റിയുടെ വരവ് ചെലവ് കണക്ക് കൗൺസിൽ മുമ്പാകെ അവതരിപ്പിക്കണം, ഒാരോ സെൻട്രൽ കമ്മിറ്റികൾക്കും അതിെൻറ പകർപ്പ് എത്തിക്കണം തുടങ്ങിയ വിഷയങ്ങൾ സെൻട്രൽ കമ്മിറ്റികൾ രേഖാമൂലം അബ്ദുറഹ്മാൻ കല്ലായിക്ക് സമർപ്പിച്ചിരുന്നു. എന്നാൽ ഇൗ വിഷയങ്ങളിലൊന്നിലും നടപടികളുണ്ടായില്ല എന്നാണ് പരാതി. സൗദിയിലെ ഏറ്റവും വലിയ ജില്ലാകമ്മിറ്റിയായ മലപ്പുറം കമ്മിറ്റി കഴിഞ്ഞ മാസം ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തി മാതൃക കാണിച്ചത് നേതൃത്വത്തിന് സൂചനയായിരുന്നു. തെരഞ്ഞെടുപ്പ് വേണമെന്നാണ് സംഘടനക്കുള്ളിലെ ശക്തമായ മുറവിളി. എന്നാൽ അജ്ഞാത കാരണങ്ങളാൽ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം നിലവിലെ കമ്മിറ്റിയെ തൊടാൻ ധൈര്യപ്പെടുന്നില്ല എന്ന് സംഘടനാവൃത്തങ്ങൾ സമ്മതിക്കുന്നു.
ഫണ്ടിെൻറ കാര്യത്തിലുൾപെടെ ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും വലിയ കമ്മിറ്റിയാണ് സൗദിയിലേത്. മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിക്കാനിരിക്കെയാണ് നാഷനൽ കമ്മിറ്റിക്ക് അഡ്ഹോക് കമ്മിറ്റി വരാൻ പോവുന്നത്. ഇത് സംഘടനക്കകത്ത് വലിയ പൊട്ടിത്തെറിയുണ്ടാക്കുമെന്ന് ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും പാണക്കാട്ട് നിന്ന് പ്രഖ്യാപനം വന്നാൽ പിന്നെ വലിയ പ്രതിഷേധത്തിനൊന്നും സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. മാത്രമല്ല കുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി മൂന്ന് കോടിയോളം രൂപയുടെ വിതരണം ഡിസംബർ ആറിന് പാണക്കാട് ഹാദിയ ഒാഡിറ്റോറിയത്തിൽ നടക്കും. ഇതോടെ ഇതു സംബന്ധിച്ചുള്ള പരാതികളും തീരുമെന്നാണ് കണക്ക് കൂട്ടൽ. എന്നാലും എന്തുകൊണ്ട് തെരഞ്ഞെടുപ്പില്ല എന്ന വിഷയം സംഘടനക്കകത്ത് കീറാമുട്ടിയായി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.