ജിദ്ദ സഫയർ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ‘ഇശൽപൊലിമ’ മാപ്പിളപ്പാട്ട് മത്സരത്തിൽ വിജയിച്ചവർ വിധികർത്താക്കൾക്കും സംഘാടകർക്കുമൊപ്പം.
ജിദ്ദ: മാപ്പിളപ്പാട്ടിന്റെ മാധുര്യമൂറുന്ന കുളിർ മഴ പെയ്യിച്ച് ജിദ്ദയിൽ സഫയർ മലയാളി കൂട്ടായ്മ ഒരുക്കിയ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ‘ഇശൽപൊലിമ’ ഗ്രാൻഡ് ഫിനാലെ സീസൺ ഒന്നിന് സമാപനം. ശറഫിയ ലക്കി ദർബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സദസ്സിന് മുമ്പിൽ നടന്ന റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെയിൽ ആവേശകരവും വാശിയും നിറഞ്ഞ ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മത്സരം സംഗീത വിസ്മയത്തിന്റെ മാന്ത്രികതയിൽ മുഴുകി.
മത്സരം വീക്ഷിക്കാനെത്തിയ നിറഞ്ഞ സദസ്സ്
സീനിയർ വിഭാഗത്തിൽ മാറ്റുരച്ച ഏഴു മത്സരാർഥികളിൽ നിന്നും ഷിബിലി വേങ്ങര ഒന്നാം സ്ഥാനം നേടി. റമീസ് റഷീദ്, മുഹമ്മദ് യാസിർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ലയ മുജീബ് ഒന്നും അഫീഫ രണ്ടും ഫൈഹ ഷാജു മൂന്നും സ്ഥാനങ്ങൾ നേടി. കുട്ടികളുടെ ഒപ്പന, മുതിർന്നവരുടെ മുട്ടിപ്പാട്ട് എന്നിവയോടൊപ്പം വിവിധ ഗായിക, ഗായകന്മാരുടെ മനോഹര ഗാനങ്ങളും ഗ്രാൻഡ് ഫിനാലെക്ക് കൊഴുപ്പേകി. അൽറയാൻ ജിം എം.ഡി അബ്ദുൽ സലാം ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്തു. സഫയർ മലയാളി കൂട്ടായ്മ ചെയർമാൻ അഷ്റഫ് ചുക്കൻ അധ്യക്ഷതവഹിച്ചു. മത്സര വിധികർത്താക്കളായ മിർസ ശരീഫ്, ജമാൽ പാഷ, മുംതാസ് അബ്ദുൾറഹ്മാൻ എന്നിവർ മത്സരം വിലയിരുത്തി സംസാരിക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.
മത്സരാർഥികളെല്ലാം നല്ല നിലവാരം പുലർത്തിയതായും മാപ്പിളപ്പാട്ട് രംഗത്ത് പുത്തൻ പ്രതിഭകളെ കണ്ടെത്താൻ പരിപാടിയിലൂടെ കഴിഞ്ഞെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മത്സര വിജയികൾക്ക് കാശ് അവാർഡും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. ഇ.കെ ബാദുഷ പരിപാടികൾ നിയന്ത്രിച്ചു.ജിദ്ദയിൽ 18 വർഷകാലത്തെ അധ്യാപന, കല, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനത്തിന് മറിയ റോസ് വണ്ടൂരിനെ സ്നേഹോപഹാരം നൽകി ആദരിച്ചു.
ശ്രീത അനിൽകുമാർ വരച്ച മുഹമ്മദലി ശിഹാബ് തങ്ങൾ പെൻസിൽ ഡ്രോയിങ് ചിത്രം ചടങ്ങിൽ പ്രകാശനം ചെയ്തു. കല, സാംസ്കാരിക, സാമൂഹിക പ്രവർത്തകരായ സി.എം അഹമ്മദ് ആക്കോട്, അബ്ദുള്ള മുക്കണ്ണി, സലാഹ് കാരാടൻ, നസീർ വാവക്കുഞ്ഞ്, അഷ്റഫ് അഞ്ചാലൻ, വാസു, സിദ്ധീഖ് ഒളവട്ടൂർ, ചെറിയ മുഹമ്മദ് ആലുങ്ങൽ, ഇഖ്ബാൽ പുല്ലബലവൻ, അഷ്റഫ് കാലിക്കറ്റ്, മാധ്യമ പ്രവർത്തകരായ ജലീൽ കണ്ണമംഗലം, ജാഫറലി പാലക്കോട്, സുൽഫിക്കർ ഒതായി, സാദിഖലി തുവ്വൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.
ജനറൽ കൺവീനർ അബ്ദുൾ റസാഖ് മാസ്റ്റർ മമ്പുറം സ്വാഗതവും മുജഫർ ഇരുകുളങ്ങര നന്ദിയും പറഞ്ഞു. അമീർ പരപ്പനങ്ങാടി, പി.കെ നാസർ വി.കെ പടി, ഉമ്മർ മങ്കട, ജലീൽ ചേറൂർ, മുബാറക് വാഴക്കാട്, ജംഷീർ മമ്പുറം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.