മക്ക: വരാനിരിക്കുന്ന ഹജ്ജ് സീസൺ സുരക്ഷിതവും സുഗമവുമാക്കുന്നതിെൻറ ഭാഗമായി, ഔദ്യോഗിക പെർമിറ്റില്ലാതെ ഹജ്ജ് തീർത്ഥാടനത്തിന് മുതിരുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. നിയമലംഘകർക്ക് 20,000 റിയാൽ വരെ പിഴയും വിദേശികളാണെങ്കിൽ നാടുകടത്തലുമാണ് പ്രധാന ശിക്ഷ.
ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ദുൽഖഅദ് ഒന്ന് (ഏപ്രിൽ 18) മുതൽ ദുൽഹിജ്ജ 14 (മെയ് 31) വരെയുള്ള കാലയളവിൽ വിവിധതരം വിസിറ്റ് വിസകളിൽ രാജ്യത്തെത്തിയവർക്ക് മക്കയിലോ മറ്റ് പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നതിനും തങ്ങുന്നതിനും കർശന വിലക്കുണ്ട്.
ഉംറ വിസയിൽ എത്തിയവർക്ക് രാജ്യത്ത് തുടരാവുന്ന അവസാന തീയതി ഏപ്രിൽ 18 ആണ്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്കെതിരെയും ശക്തമായ നടപടികളുണ്ടാകും.
ഹജ്ജ് പെർമിറ്റില്ലാത്തവരെ സഹായിക്കുന്നവർക്കും സ്പോൺസർമാർക്കും കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഇത്തരക്കാർക്ക് ഒരു ലക്ഷം റിയാൽ വരെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. നിയമലംഘകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴത്തുക വർദ്ധിക്കും. പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിക്കുന്നവർക്കും അവർക്ക് ഹോട്ടലുകളിലോ സ്വകാര്യ വസതികളിലോ താമസസൗകര്യം ഒരുക്കുന്നവർക്കും ഇതേ തുക പിഴ ലഭിക്കും. കൂടാതെ, നിയമലംഘനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ കോടതിയിൽ ആവശ്യപ്പെടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
നിയമലംഘനം നടത്തുന്ന പ്രവാസികളെയും വിസാ കാലാവധി കഴിഞ്ഞവരെയും ഉടൻ നാടുകടത്തുകയും 10 വർഷത്തേക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്യും. ശിക്ഷാനടപടികൾ നേരിടുന്നവർക്ക് ഉത്തരവ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട കമ്മിറ്റിക്ക് പരാതി നൽകാവുന്നതാണ്. ഇതിൽ തൃപ്തരല്ലെങ്കിൽ 60 ദിവസത്തിനുള്ളിൽ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ അപ്പീൽ നൽകാനും അവസരമുണ്ട്.
തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തി ഏർപ്പെടുത്തിയിട്ടുള്ള ഈ ചട്ടങ്ങൾ സ്വദേശികളും പ്രവാസികളും പൂർണ്ണമായും പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക മേഖലയിലുള്ളവർ 911 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.