മക്ക: ഹജ്ജിെൻറ പ്രധാന കർമങ്ങൾ തുടങ്ങാൻ ഒരു ദിനം ബാക്കിനിൽക്കെ ഹാജിമാർ മിനായിലേക്ക് പോകാനുള്ള ഒരുക്കത്തിൽ. ശനിയാഴ്ച രാത്രി മുതൽ മിനാതാഴ്വരയിലെ തമ്പുകളിലേക്ക് പോകാൻ ഒരുങ്ങുകയാണ് തീർഥാടകർ. മക്കയിലെ താമസകേന്ദ്രങ്ങളിൽ മറ്റെല്ലാം മറന്നുള്ള തയാറെടുപ്പിലാണവർ. തിങ്കളാഴ്ചയാണ് ഹജ്ജിെൻറ സുപ്രധാന ചടങ്ങായ അറഫാസംഗമം. മിനായിൽ ഒരുദിനം രാപാർത്താണ് അതിൽ പെങ്കടുക്കാൻ അറഫയിലേക്ക് നീങ്ങുക. ഒരു പകൽ അറഫയിൽ കഴിച്ചുകൂട്ടി മുസ്ദലിഫയിൽ അന്തിയുറങ്ങി ചൊവ്വാഴ്ച പുലരിയിൽ വീണ്ടും മിനായിലെത്തും. അവിടെ മൂന്ന് ദിനം രാപാർത്താണ് കർമങ്ങൾ പൂർത്തിയാക്കുക.
ഹജ്ജ് കർമങ്ങൾക്ക് സമയമായതോടെ മക്ക മനുഷ്യമഹാസാഗരമായി മാറുകയാണ്. 18 ലക്ഷത്തോളം വിദേശ ഹാജിമാർ മക്കയിലെത്തിക്കഴിഞ്ഞു. രണ്ടര ലക്ഷത്തോളം ആഭ്യന്തര തീർഥാടകർ പുണ്യനഗരിയലേക്ക് പുറെപ്പടാനൊരുങ്ങുകയാണ്. ഹജ്ജിന് മുന്നെയുള്ള വെള്ളിയാഴ്ചത്തെ ജുമുഅയിൽ മസ്ജിദുൽ ഹറാമും പരിസരവും മനുഷ്യക്കടലായി മാറി. ഇരുപത് ലക്ഷത്തോളം വിശ്വാസികൾ ജുമുഅയിൽ പെങ്കടുത്തു എന്നാണ് കണക്ക്. ഇമാം സഉൗദ് അൽ ശുറൈം ഹജ്ജിെൻറ പ്രാധാന്യത്തെ കുറിച്ച് തീർഥാടകരെ ഉണർത്തി. ഹജ്ജ് വിജയകരമാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കയാണ്.
പുണ്യഭൂമി പുർണമായും സുരക്ഷാസേനയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞിട്ടുണ്ട്. ഗതാഗതമുൾപെടെ കർശന നിയന്ത്രണത്തിലാണ്. 175025 ഹാജിമാരാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തിയത്. കേരളത്തിൽ നിന്ന് 12000ത്തിൽ അധികം പേരുണ്ട്. ഇന്ത്യൻ ഹാജിമാരോട് ശനിയാഴ്ച രാത്രി തന്നെ മിനായിലേക്ക് പുറപ്പെടാനാണ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്.
ഇന്ത്യയിൽ നിന്ന് ഒൗദ്യോഗിക പ്രതിനിധി സംഘം മക്കയിൽ എത്തിയിട്ടുണ്ട്. ഉത്തർ പ്രദേശ് മുൻ ആക്ടിങ് മുഖ്യമന്ത്രി ഡോ.സയിദ് മുഹമ്മദ് അമ്മാർ റിസ്വിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ബി.ജെ.പി നേതാവ് ജമാൽ സിദ്ദീഖിയുമുണ്ട്. ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദിെൻറ നേതൃത്വത്തിൽ ഇവരെ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരിച്ചു.
അറഫയിൽ നാല് ആശുപത്രികളും 46 മെഡിക്കൽ സെൻററുകളും
ജിദ്ദ: ഹജ്ജ് തീർഥാടകർക്ക് ചികിത്സ നൽകാൻ അറഫയിൽ നാല് ആശുപത്രികളും 46 മെഡിക്കൽ സെൻററുകളും. റഹ്മ ആശുപത്രി, അറഫാത്ത് ആശുപത്രി, നമിറ ആശുപത്രി, അറഫാത് ശർഖ് ആശുപത്രി എന്നിവിടങ്ങിൽ 600 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുണ്ട്. ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലും അടിയന്തിര ചികിത്സക്കാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഹറമിനടുത്ത ശാമിയിലെ ഹറം അടിയന്തിര ആശുപത്രി, മക്കയിലെ മറ്റ് ആശുപത്രികൾ എന്നിവിടങ്ങളിൽ തീർഥാടകർക്ക് മുഴുസമയ ചികിത്സ നൽകുന്നതിനു വേണ്ട സൗകര്യങ്ങളും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.
ചെറു വാഹനങ്ങൾക്ക് വിലക്ക്
ജിദ്ദ: ചെറുവണ്ടികൾക്കും അനുമതി പത്രമില്ലാത്ത വാഹനങ്ങൾക്കും പുണ്യസ്ഥലങ്ങളിൽ വിലക്ക്. ഇത്തരം വാഹനങ്ങൾ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ ബുധനാഴ്ച രാത്രി മുതൽ പൊലീസ് നിരീക്ഷണം തുടങ്ങി. ചെറിയ വാഹനങ്ങൾ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് തടയുമെന്ന് ഹജ്ജ് സുരക്ഷ സേന ട്രാഫിക് കാര്യ അസിസ്റ്റൻറ് മേധാവി കേണൽ മുഹമ്മദ് അൽബസാമി പറഞ്ഞു. മുഴുവൻ കവാടങ്ങളും അടച്ചിടും. നിയമം ലംഘിച്ച് പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.