ഡൽഹിയിലേക്ക് മടങ്ങുന്ന ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കൊമേഴ്‌സ് വിഭാഗം കോൺസൽ ഹംന മറിയത്തിന് ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് ഉപഹാരം ഹസൻ ചെറൂപ്പ കൈമാറിയപ്പോൾ
ജിദ്ദ: മൂന്ന് വർഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കൊമേഴ്‌സ് കോണ്‍സലും ഹെഡ് ഓഫ് ചാന്‍സറിയുമായ ഹംന മറിയം ഡൽഹിയിലേക്ക് മടങ്ങുന്നു. പാരീസ് ഇന്ത്യന്‍ എംബസിയില്‍ പ്രവര്‍ത്തിച്ചശേഷം, 2019 ഡിസംബര്‍ പത്തിനാണ് മലയാളിയായ ഹംന മറിയം ജിദ്ദയില്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ കോണ്‍സലായി ചുമതലയേറ്റത്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രഥമ വനിതാ ഐ.എഫ്.എസ് ഓഫീസറായിരുന്നു ഹംന മറിയം.
ഡല്‍ഹിയിലെ രാംജാസ് കോളജില്‍ പഠിച്ച ഹംന, കോഴിക്കോട് ഫാറൂഖ് കോളേജില്‍ അസി. പ്രൊഫസറും ഇംഗ്ലീഷ് അധ്യാപികയുമായിരിക്കെ 28ാം റാങ്കുകാരിയായി രണ്ടു കൊല്ലം മുമ്പാണ് വിദേശകാര്യ സര്‍വിസിലെത്തിയത്. കോഴിക്കോട് ഫാറൂഖ് കോളേജില്‍ അസി. പ്രൊഫസറായിരിക്കേയാണ് അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 28 ആം റാങ്കുമായി ഐ.എഫ്.എ്‌സ് നേടിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. ടി.പി അഷ്റഫിന്റെയും മെഡിക്കൽ കോളജിലെ തന്നെ ഫിസിയോളജിസ്റ്റ് ഡോ. പി.വി. ജൗഹറയുടെയും മകളാണ്. ഹൈദരാബാദ് സ്വദേശിയായ ഐ.എ.എസ് ഓഫീസര്‍ അബ്ദുല്‍ മുസമ്മില്‍ ഖാനാണ് ഭര്‍ത്താവ്. നാളെ പുലര്‍ച്ചെ ജിദ്ദ വിടുന്ന ഹംന ഡല്‍ഹി വിദേശ മന്ത്രാലയ ആസ്ഥാനത്ത് ചുമതലയേല്‍ക്കും.
പത്ത് ലക്ഷത്തോളം ഇന്ത്യക്കാരുള്ള സൗദി പടിഞ്ഞാറന്‍ പ്രവിശ്യയിലെ സേവനകാലം ഏറെ അനുഭൂതിദായകവും ആഹ്‌ളാദകരവുമായിരുന്നുവെന്ന് ഹംന മറിയം പറഞ്ഞു. ജിദ്ദയിലെ പ്രവാസി സമൂഹവുമായും വിശിഷ്യാ ഇളംതലമുറയുമായും അടുത്തിടപഴകാന്‍ സാധിച്ചത് ഏറെ അനുഭവങ്ങള്‍ പകര്‍ന്നു തന്നതായി ദീര്‍ഘകാലം ഇന്ത്യന്‍ സ്‌കൂള്‍ ഒബ്‌സര്‍വര്‍ കൂടിയായിരുന്ന ഹംന അനുസ്മരിച്ചു.
ഇന്ത്യയിലേക്ക് മടങ്ങുന്ന കോൺസൽ ഹംന മറിയത്തിന് ജിദ്ദ ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജി.ജി.ഐ) യാത്രയയപ്പ് നല്‍കി. ജി.ജി.ഐയുടെ ഉപഹാരം പ്രസിഡന്റ് ഹസന്‍ ചെറൂപ്പ, ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ട്രഷറര്‍ ഇബ്രാഹിം ശംനാട്, സെക്രട്ടറി കബീര്‍ കൊണ്ടോട്ടി എന്നിവര്‍ ചേര്‍ന്ന് ഹംനക്ക് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.