ജിദ്ദയിൽ ഫോക്കസ് ഇൻറർനാഷനൽ പരിസ്ഥിതി ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് ഔഷധ ചെടിയുടെ വിതരണോദ്ഘാടനം അബ്സിൽ പുളിക്കലിൽ നിന്നും തൈ സ്വീകരിച്ച് സലാഹ് കാരാടൻ നിർവഹിക്കുന്നു
ജിദ്ദ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഫോക്കസ് ഇൻറർനാഷനൽ ജിദ്ദയിൽ സംഘടിപ്പിച്ച പരിസ്ഥിതി ബോധവത്കരണ പരിപാടി ശ്രദ്ധേയമായി. ഇന്ത്യൻ ഇസ്ലാഹി സെൻററിൽ നടന്ന പരിപാടിയിൽ ഷഫീഖ് പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതി സംരക്ഷണം കേവലമൊരു ചടങ്ങല്ലെന്നും, അത് എല്ലാവരുടെയും സാമൂഹിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മനുഷ്യെൻറ അതിരുകടന്ന ആഗ്രഹങ്ങളും പ്രകൃതിവിഭവങ്ങളുടെ ദുരുപയോഗവുമാണ് സമൂഹത്തെ വലിയ നാശത്തിലേക്ക് നയിക്കുന്നത്. ലോകാവസാന നിമിഷത്തിൽ പോലും കൈവശമുള്ള ചെടിത്തൈ നട്ടുപിടിപ്പിക്കണമെന്ന് പഠിപ്പിച്ച പ്രവാചകൻ മുഹമ്മദ് നബിയുടെ വചനം ഉദ്ധരിച്ചുകൊണ്ട്, പ്രകൃതി സംരക്ഷണം വിശ്വാസിയുടെ സാമൂഹിക പ്രതിബദ്ധതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിസ്ഥിതി ദിനാചരണത്തിെൻറ ഭാഗമായി രണ്ടാഴ്ചയോളം ഫോക്കസ് അംഗങ്ങൾ പ്രത്യേകമായി പരിപാലിച്ചു വളർത്തിയ എൺപതിലധികം ‘പനിക്കൂർക്ക’ ഔഷധ സസ്യത്തൈകൾ ചടങ്ങിൽ വിതരണം ചെയ്തു. എക്കോ ഫോക്കസ് മാനേജർക്ക് ആദ്യതൈ നൽകിക്കൊണ്ട് ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും സാമൂഹിക പ്രവർത്തകനുമായ സലാഹ് കാരാടൻ തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
പ്രകൃതിയെ സംരക്ഷിക്കുക എന്നത് വിശ്വാസത്തിെൻറയും മനുഷ്യെൻറ നിലനിൽപ്പിെൻറയും ഭാഗമാണെന്ന ശക്തമായ സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടി സമാപിച്ചത്. ചടങ്ങിൽ ജാസിം പൊന്നാനി സ്വാഗതം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.