ഹജ്ജ് പ്രദേശങ്ങളിൽ ശ്രദ്ധേയമായി അൽ ഹിലാൽ അതിവേഗ ആംബുലൻസ് സംവിധാനം
അനീസുദ്ദീൻ ചെറുകുളമ്പ്
മക്ക: ഹജ്ജ് പ്രദേശങ്ങളിൽ തീർഥാടകർക്ക് അതിവേഗ ആതുര സേവനം എത്തിക്കാൻ സൗദി റെഡ് ക്രസൻറ് അതോറിറ്റിയുടെ ‘അൽ ഹിലാൽ അതിവേഗ ആംബുലൻസ് സംവിധാനം’ ശ്രദ്ധേയമാകുന്നു. ഈ വർഷത്തെ ഹജ്ജ് സീസണിൽ വിവിധ സംവിധാനങ്ങളോടെ ഒരുക്കിയ ആംബുലൻസുകൾ പുണ്യപ്രദേശങ്ങളിൽ സദാ സന്നദ്ധരായി രംഗത്തുണ്ടാവുമെന്ന് അതോറിറ്റി അറിയിച്ചു. വിവിധ ഉപയോഗങ്ങൾക്കായി വ്യത്യസ്ത വലുപ്പത്തിലുള്ള ആംബുലൻസ് വാഹനങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.
അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള വാഹനമായ മൊബൈൽ കമാൻഡ് സെൻറർ കൂടിയായി പ്രവർത്തിക്കുന്ന ആംബുലൻസ് ‘തുറയ’ എന്ന പേരിൽ അറിയപ്പെടുന്നു. ഹജ്ജ് പ്രദേശങ്ങളിൽ ദുരന്തങ്ങളും പ്രതിസന്ധികളും ഉണ്ടാവുമ്പോൾ സുരക്ഷയൊരുക്കാൻ മെഡിക്കൽ ടീം സന്നദ്ധ സേവകരുടെ ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ആംബുലൻസ് വാഹനം ‘ധമാക്ക്’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
കെമിക്കൽ പദാർഥങ്ങൾ മൂലമോ മറ്റോ ഉണ്ടാകുന്ന അപകടങ്ങൾ നേരിടാൻ പ്രതിരോധ പ്രാപ്തിയുള്ള വാഹനം ‘സൽമ’ എന്ന പേരിലുമാണ് അറിയപ്പെടുന്നത്. അപകടങ്ങളിൽ പരിക്ക് പറ്റുന്ന 14 പേരെ ഒരേസമയം കൊണ്ടുപോകാൻ കഴിയുന്ന ബസ് ‘തുവൈഖ്’ എന്ന പേരിലും അറിയപ്പെടുന്നു. മെഡിക്കൽ സാധനങ്ങളുടെ വിതരണവും ആവശ്യമായ ആതുരസേവന സാമഗ്രികളുടെ വിതരണത്തിനുമുള്ള വാഹനം ‘സനദ്’ എന്ന പേരിലുള്ള ആബുലൻസും ഹജ്ജ് പ്രദേശങ്ങളിൽ സജീവമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.